"കടാരം കൊണ്ടാൻ' കൊള്ളാം
Friday, July 19, 2019 6:37 PM IST
അധിക സംസാരം ഇല്ലാതെ ചലനങ്ങളിലൂടെ പ്രേക്ഷകരെ ത്രില്ലടിപ്പിക്കുകയാണ് "കടാരം കൊണ്ടാൻ' എന്ന ചിത്രത്തിൽ വിക്രം. തൂങ്കാവനത്തിന് ശേഷം മറ്റൊരു ത്രില്ലറുമായി എത്തുന്പോൾ രാജേഷ് സെൽവ സംവിധാനത്തിൽ കുറച്ചുകൂടി പവർഫുള്ളായിട്ടുണ്ട്. വിക്രം എന്ന നടനെ വേണ്ടവിധം ഉപയോഗപ്പെടുത്തി ആരെയും മുഷിപ്പിക്കാതെയാണ് സംവിധായകൻ കഥ പറഞ്ഞുപോകുന്നത്.

അക്ഷര ഹാസൻ, അബി ഹാസൻ, ലെന എന്നിവർ സുപ്രധാന വേഷങ്ങളാണ് ചിത്രത്തിൽ കൈകാര്യം ചെയ്തിരിക്കുന്നത്. ഫ്രഞ്ച് ത്രില്ലർ പോയിന്‍റ് ബ്ലാങ്കിന്‍റെ റീമേക്കാണ് കടാരം കൊണ്ടാൻ. പശ്ചാത്തല സംഗീതവും കാമറയും ഒന്നിനൊന്ന് മികച്ച പ്രകടനം കാഴ്ചവച്ച ചിത്രത്തിൽ ഫ്ലാഷ് ബാക്കുകളിട്ട് കഥയെ വലിച്ച് നീട്ടാതെ രണ്ടു മണിക്കൂറിൽ ഒതുക്കാൻ സംവിധായകൻ കാട്ടിയ മിടുക്കിനെ അഭിനന്ദിക്കാതെ തരമില്ല.വിക്രം സ്റ്റൈലിഷാണ്

മലേഷ്യയിൽ പൂർണമായി ചിത്രീകരിച്ച ചിത്രത്തിൽ വിക്രം സ്റ്റൈലിഷായാണ് പ്രത്യക്ഷപ്പെടുന്നത്. കഥ എങ്ങോട്ടാണ് പായുന്നതെന്നറിയാതെ കഥാപാത്രങ്ങളുടെ പിന്നാലെ പായിക്കുകയാണ് പ്രേക്ഷകരെ സംവിധായകൻ. ഒരു അപകടം കാട്ടി പിന്നീട് നേരെ ആതിരയുടെയും (അക്ഷര ഹാസൻ) വാസുവിന്‍റെയും (അബി ഹാസൻ) ജീവിതത്തിലേക്ക് പ്രവേശിക്കുകയാണ്.

അവർക്കിടയിലെ ഇണക്കങ്ങളും പിണക്കങ്ങളും കാട്ടി ആശുപത്രി പരിസരത്തേക്ക് കഥ നീങ്ങുന്നതോടെ ചിത്രത്തിന് ത്രില്ലർ സ്വഭാവം കൈവരുകയാണ്. പിന്നെ ചിത്രം കെ.കെയുടെ (വിക്രം) പിന്നാലെയാണ്. കെ.കെയുടെ ജീവിതത്തിലേക്ക് വാസു കടന്നു വരുന്നതോടെ ചിത്രത്തിൽ ഓട്ടമത്സരം തുടങ്ങുകയായി.ജിബ്രാന്‍റെ സംഗീതം പൊളിച്ചു

ആക്ഷൻ ത്രില്ലർ സ്വഭാവമുള്ള ചിത്രങ്ങളിൽ പശ്ചാത്തല സംഗീതം നന്നായില്ലെങ്കിൽ പിന്നെ ഒരു പഞ്ചുണ്ടാവില്ല. സംഗീതം ഒരുക്കിയ ജിബ്രാനാണ് കടാരം കൊണ്ടാനിലെ മറ്റൊരു നായകൻ. കാർ ചെയ്സും ബൈക്ക് റൈഡും കിടിലൻ ആക്ഷൻ രംഗങ്ങളുമുള്ള ചിത്രത്തിന് ഒന്നാന്തരം പശ്ചാത്തല സംഗീതമാണ് ജിബ്രാൻ ഒരുക്കിയിരിക്കുന്നത്.

നായകൻ അധികം സംസാരിച്ചില്ലെങ്കിലും പഞ്ച് ഡയലോഗ് കാച്ചിയില്ലേലും സിനിമയ്ക്ക് യാതൊരുവിധ കുഴപ്പവും ഉണ്ടാകില്ലായെന്ന് തെളിയിച്ചിരിക്കുകയാണ് സംവിധായകൻ ഇവിടെ. ചലനങ്ങൾ കൊണ്ട് വിക്രം പ്രേക്ഷകരെ കൈയിലെടുക്കുകയാണ്. അബി ഹാസന് ചിത്രത്തിൽ ഒട്ടേറെ പണികൾ ചെയ്ത് തീർക്കാനുണ്ടായിരുന്നു. ഓടിയും ചാടിയും കക്ഷി നന്നേ ചിത്രത്തിൽ വിയർക്കുന്നുണ്ട്.കാമറ സൂപ്പർ

ആദ്യപകുതിയുടെ പോക്ക് ചെറിയ അടിപിടികളുമായിട്ടാണെങ്കിൽ രണ്ടാം പകുതിയിൽ അത് വലിയ അടിപിടികളിലേക്ക് കടക്കുന്നുണ്ട്. മലേഷ്യയുടെ സൗന്ദര്യം ആവോളം ഒപ്പിയെടുത്ത് ശ്രീനിവാസ് ആർ. ഗുപ്ത ചിത്രത്തിന് മുതൽക്കൂട്ടാകുന്നുണ്ട്. മലേഷ്യൻ പോലീസ് അന്വേഷിക്കുന്ന പിടികിട്ടാപ്പുള്ളിയായ കെ.കെയുടെ പിന്നാലെയാണ് കഥ പായുന്നത്.

വിക്രം തന്‍റെ തനത് ശൈലിയിൽ ആക്ഷൻ രംഗങ്ങൾ കൈകാര്യം ചെയ്തിട്ടുണ്ട് ചിത്രത്തിൽ. ലോജിക്കില്ലായ്മകൾ അവിടിവിടായി തലപൊക്കുന്നുണ്ടെങ്കിലും വിക്രമിന്‍റെ പ്രകടനമേന്മകൊണ്ട് അവയെല്ലാം വലിയ കല്ലുകടികളായി മാറിയില്ലാന്ന് മാത്രം. വിജയ ചിത്രങ്ങളുടെ പാതയിലേക്ക് വിക്രം കടാരം കൊണ്ടാനിലൂടെ വീണ്ടും കടന്നു വന്നിരിക്കുകയാണ്.

അക്ഷര ഹാസൻ ക്ലൈമാക്സ് രംഗങ്ങളിൽ മികച്ച പ്രകടനമാണ് പുറത്തെടുത്തിരിക്കുന്ന ചിത്രത്തിൽ ലെനയും തന്‍റെ വേഷം തരക്കേടില്ലാതെ കൈകാര്യം ചെയ്തു. ആക്ഷൻ ത്രില്ലറുകളിൽ കടന്നു കൂടാറുള്ള ക്ലീഷേ രംഗങ്ങളെ പാടെ അകറ്റി നിർത്തിയാണ് സംവിധായകൻ ചിത്രം ഒരുക്കിയിരിക്കുന്നത്.

വി.ശ്രീകാന്ത്
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.