ന്യൂജനറേഷൻ പ്രേതമാണ് നീലി...!
Saturday, August 11, 2018 5:36 PM IST
അങ്ങനെ ഇതാ കേരളത്തിലെ സിനിമ കൊട്ടകകളിൽ ഒരു പുതിയ പ്രേതം ഉദയം ചെയ്തിരിക്കുന്നു. പേര്-നീലി. കള്ളിയങ്കാട്ട് നീലിയാണോ എന്നു ചോദിച്ചാൽ, അതെയെന്ന് ഉറപ്പിച്ച് പറയാം. പക്ഷേ, മുൻപ് കണ്ടപോലെയല്ല കേട്ടോ. ഈ പ്രേതത്തിന് ആൾക്കാരെ സംരക്ഷിക്കാനാണ് ഇഷ്ടം. ഹോ, അപ്പോൾ പേടിപ്പെടുത്തുന്നതൊന്നും കാണില്ലായെന്ന് ചിന്തിക്കാൻ വരട്ടെ... പേടിക്കാനുണ്ട്... ചിരിക്കാനുണ്ട്... ഒപ്പം കുറെയേറെ സെന്‍റിമെൻസുമുണ്ട്.

അൽത്താഫ് റഹ്മാൻ എന്ന നവാഗതനാണ് നീലിയെ രംഗത്തിറക്കിയിരിക്കുന്നത്. അല്പ സ്വല്പം ക്ലീഷേ ഒക്കെയുണ്ടെങ്കിലും കഥ കൊള്ളാം. തിരക്കഥയിൽ ആവശ്യത്തിലേറെ വലിച്ചു നീട്ടലുകൾ ഉണ്ടായതിനാൽ ചില രംഗങ്ങളൊക്കെ ആവശ്യമില്ലാതെ ചിത്രത്തിൽ കയറിക്കൂടിയിട്ടുണ്ട്.

പക്ഷേ, എങ്ങനെ പ്രേതത്തെ പ്രേക്ഷകസമക്ഷം എത്തിക്കണമെന്ന് സംവിധായകന് കൃത്യമായ ലക്ഷ്യമുണ്ടായിരുന്നു. അതങ്ങ് കുറിക്കു കൊള്ളുകയും ചെയ്തു. പുതുമ നിറഞ്ഞ ആവിഷ്കരണം കൊണ്ട് കണ്ടുമടുത്ത പ്രേതകഥകൾക്ക് ഒരു മോചനം നേടിക്കൊടുക്കുകയാണ് സംവിധായകൻ അൽത്താഫ്.



പ്രേതം വന്നേ...

പ്രേതങ്ങളുമായാണ് പ്രേക്ഷകർ ഇനിയുള്ള രണ്ടു മണിക്കൂർ സഹവസിക്കാൻ പോകുന്നതെന്ന സൂചന തുടക്കം തന്നെ സംവിധായകൻ നൽകുന്നുണ്ട്. പക്ഷേ, കഥയിലേക്ക് കടക്കാൻ കാട്ടിയ ചില രംഗങ്ങൾ ഇണങ്ങാതെ വന്നതോടെ തുടക്കത്തിലുണ്ടായ ആവേശം താനെ കൈവിട്ടു.

കഥ പറയും വഴിയേ സിനിമ സഞ്ചരിച്ച് തുടങ്ങുന്നതോടെയാണ് കൈവിട്ടു പോയ ഗ്രിപ്പ് സംവിധായകൻ തിരിച്ചുപിടിക്കുന്നത്. ലക്ഷ്മിയായി എത്തുന്ന മംമ്ത മോഹൻദാസാണ് കഥയുടെ ഗതിയെ നിയന്ത്രിച്ചു കൊണ്ടുപോകുന്നത്. ഭർത്താവ് മരിച്ചതോടെ ലക്ഷ്മി മകളുമായി കള്ളിയങ്കാട്ടുള്ള വീട്ടിലേക്ക് എത്തുന്നതോടെയാണ് കഥയ്ക്ക് ചൂടുപിടിച്ച് തുടങ്ങുന്നത്.



അപ്രതീക്ഷിതമായിരുന്നു അത്...

കഥാനായികയ്ക്ക് അപ്രതീക്ഷിതമായി സംഭവിക്കുന്ന അപകടം.. മകളെ കാണാതെ പോകൽ.. ഈ രണ്ടു സംഗതികളും ഞൊടിയിടയിൽ നടക്കുന്നതോടെ നീലി പതിയെ ചിത്രത്തിലേക്ക് രംഗപ്രവേശം ചെയ്യും. പിന്നെയങ്ങോട്ട് നടക്കുന്ന ഓരോ കാര്യങ്ങളും ആകാംഷ ഒട്ടും ചേരാതെ തന്നെ സംവിധായകൻ ആവിഷ്കരിച്ചിട്ടുണ്ട്.

ഇടയ്ക്കിടെ ഫ്ലാഷ് ബാക്കിലേക്ക് പോയി എന്തോ ഒരു സംഭവം ഒളിഞ്ഞിരിപ്പുണ്ടെന്ന സൂചന തരാനും സംവിധായകൻ മറക്കുന്നില്ല. പാരാനോർമൽ ഇൻവെസ്റ്റിഗേറ്ററായി അനൂപ് മേനോൻ ചിത്രത്തിലേക്ക് എത്തുന്നതോടെ ന്യൂജൻ രീതിയിലുള്ള പ്രേതത്തെ തേടൽ പ്രേക്ഷകർക്ക് കാണാൻ കഴിയും. പതിവ് ട്രിക്കുകളുമായി എത്തി അനൂപ് മേനോൻ ഒട്ടും ബോറടിപ്പിക്കാതെ തന്നെ പ്രേതങ്ങൾക്ക് പിന്നാലെ പാഞ്ഞുനടന്നു.



കോമഡിക്ക് കുറവില്ല

പ്രഭാകരനായി എത്തിയ ബാബുരാജ് പ്രേക്ഷകരെ ചിരിപ്പിക്കാതെ വിടില്ലെന്നുള്ള വാശിയിലായിരുന്നു. കൂട്ടിന് ശ്രീകുമാറും കട്ടയ്ക്ക് നിന്നതോടെ ചിരി നിമിഷങ്ങൾ നീലിയിൽ ഇടയ്ക്കിടെ വന്നുകൊണ്ടിരുന്നു.

മകൾ മരിച്ചോ ഇല്ലയോ എന്നുള്ള ലക്ഷ്മിയുടെ അന്വേഷണം എങ്ങുമെത്താതെ വരുന്നതോടെയാണ് ചിത്രം കൂടുതൽ സങ്കീർണമായ വഴികളിലൂടെ സഞ്ചരിച്ച് തുടങ്ങുന്നത്. ആദ്യപകുതി സമയദൈർഘ്യം കൂട്ടാനുള്ള രംഗങ്ങളുമായി കടന്നു പോയപ്പോൾ രണ്ടാം പകുതിയിൽ ഹൊറർ മൂഡ് നിലനിർത്തി കൊണ്ടുപോകാൻ സംവിധായകന് സാധിക്കുന്നുണ്ട്.



ഭാവം മാറുന്ന രണ്ടാം പകുതി

നീലിയുടെ ഭാവം മാറുന്ന കാഴ്ച രണ്ടാം പകുതിയിൽ കാണാൻ കഴിയും. സെന്‍റിമെൻസ് രംഗങ്ങളെല്ലാം മംമ്ത കൈയടക്കത്തോടെ കൈകാര്യം ചെയ്തപ്പോൾ അനൂപ് മേനോൻ തന്‍റെ അന്വേഷണ രീതികൾ കൊണ്ട് പ്രേക്ഷകരെ കൈയിലെടുത്തു. കുരുക്കു വീണ കഥയെ പുറത്തെടുക്കാനുള്ള വിദ്യയാണ് പിന്നീട് കാണാൻ കഴിയുക. ഒട്ടും പ്രതീക്ഷിക്കാത്ത ചില സംഗതികൾ സംവിധായകൻ മുന്നിലേക്ക് ഇട്ടുതരുന്പോൾ കഥയ്ക്ക് കെട്ടുറപ്പുണ്ടായിരുന്നുവെന്ന കാര്യം പ്രേക്ഷകർക്ക് ബോധ്യപ്പെടും.

പിന്നീട് അങ്ങോട്ട് കുട്ടിയെ തേടിയുള്ള പരക്കം പാച്ചിലാണ്. പ്രേതവും മനുഷ്യരും ബാധകേറിയ മനുഷ്യരുമെല്ലാം രണ്ടാം പകുതിയിൽ ഒന്നിച്ചെത്തി പ്രേക്ഷകരെ പിടിച്ചിരുത്തുന്നുണ്ട്. കാലം മാറിയതിന് അനുസരിച്ച് കഥയും മാറും എന്ന് സൂചന നൽകികൊണ്ട് സിനിമ അവസാനിക്കുന്പോൾ അതുവരെ ഉയർന്നു നിന്ന സംശയങ്ങൾ അത്രയും എങ്ങോ പോയി മറയും.

(പുതിയ കാലത്തിന്‍റെ പ്രേതകഥ കൊള്ളാം.)

വി.ശ്രീകാന്ത്
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.