ചിരി പരത്തുന്ന പ്രകാശൻ
Friday, December 21, 2018 4:55 PM IST
"ഞാൻ പ്രകാശനല്ല, പി.ആർ. ആകാശ്...'- ഫഹദ് ഫാസിലിന്‍റെ കഥാപാത്രം അടിക്കടി പറയുന്ന ഡയലോഗാണിത്. ഇതേ ആകാശിനെക്കൊണ്ട് ഞാൻ പ്രകാശൻ തന്നെയാണെന്ന് പറയിപ്പിക്കുകയാണ് സംവിധായകൻ സത്യൻ അന്തിക്കാട്.

ആകാശത്തുനോക്കി നടന്ന ആകാശ് ഭൂമിയിൽ നോക്കി നടക്കുന്ന പ്രകാശൻ ആകുന്ന കഥയാണ് "ഞാൻ പ്രകാശൻ'. നീണ്ട പതിനാറു വർഷത്തെ ഇടവേളയ്ക്കു ശേഷം ഒന്നിച്ച ശ്രീനിവാസൻ- സത്യൻ അന്തിക്കാട് ഹിറ്റ് കൂട്ടുകെട്ട് വീണ്ടും തീയറ്ററുകളിൽ ചിരിപ്പൂരമൊരുക്കുകയാണ്. അതിന് നിമിത്തമായത് മലയാളത്തിലെ മികച്ച യുവതാരങ്ങളിലൊരാളായ ഫഹദ് ഫാസിലും.പതിവ് ശൈലിയിൽ നിന്നു മാറി സത്യൻ അന്തിക്കാട് യുവതാരങ്ങളെ വച്ച് പരീക്ഷണം നടത്തിയ ചിത്രമായിരുന്നു ഒരു ഇന്ത്യൻ പ്രണയകഥ. പിന്നീട് വന്ന ജോമോന്‍റെ സുവിശേഷങ്ങളിലും ഈ ശൈലീമാറ്റം പ്രകടമായിരുന്നു. ഞാൻ പ്രകാശനിൽ എത്തി നില്ക്കുമ്പോഴും അതേ ശൈലി തന്നെയാണ് സത്യൻ തുടരുന്നത്.

അയ്മനം സിദ്ധാർഥനിലൂടെയും ജോമോനിലൂടെയും യുവജനങ്ങൾക്കു നല്കിയ സന്ദേശം പ്രകാശനിലൂടെ വീണ്ടും ഓർമിപ്പിക്കുകയാണ് സംവിധായകൻ. ലക്ഷ്യബോധമില്ലാതെ നടന്ന നായകൻ തന്‍റെ നിയോഗം തിരിച്ചറിഞ്ഞ് ഒടുവിൽ സമൂഹത്തിലേക്കു തിരിച്ചുവരുന്ന കഥ പുതുമയോടെ തന്നെ കുടുംബ പ്രേക്ഷകരുടെ സംവിധായകൻ അവതരിപ്പിച്ചിട്ടുണ്ട്.ഇവിടെയുണ്ട് പ്രകാശൻ

നമ്മളിലൊരാളാണ്, അല്ലെങ്കിൽ നമ്മൾ തന്നെയാണ് പ്രകാശൻ. വലിയ സ്വപ്നങ്ങളുള്ള, എന്നാൽ അതിലേക്ക് എത്താൻ കുറുക്കുവഴി തേടുന്ന ശരാശരി മലയാളി യുവത്വത്തിന്‍റെ നേർചിത്രം. വിദേശത്തു ജോലി നേടാൻ ആഗ്രഹിക്കുകയും, അതിനു വേണ്ടി മെനക്കെടാൻ കഴിയാത്തതിനാൽ, വിദേശത്തു ജോലി ചെയ്യുന്ന പെൺകുട്ടിയെ കല്യാണം കഴിച്ചാണെങ്കിലും കടൽകടക്കാൻ ആഗ്രഹിക്കുന്നയാളാണ് പ്രകാശൻ.സ്വന്തം പേരിന് ചന്തം പോരാതെ വന്നപ്പോൾ ഗസറ്റിൽ വിജ്ഞാപനം കൊടുത്ത് പ്രകാശൻ എന്ന പേര് പി.ആർ. ആകാശ് എന്നാക്കി അത് അന്തസോടെ പറഞ്ഞു നടക്കുന്ന യുവാവ്. മെയിൽ നഴ്സായ പ്രകാശന്‍റെ ലക്ഷ്യം കടൽ കടക്കുക എന്നത് തന്നെയാണ്. എന്നാൽ അതിനായി ഒട്ടും പരിശ്രമിക്കാൻ‌ അയാൾ തയാറല്ല.

അപ്പോഴാണ് ജർമനിയിൽ നഴ്സിംഗ് ജോലി നേടിയ പഴയ കൂട്ടുകാരി സലോമിയെ (നിഖില വിമൽ‌) അയാൾ കാണുന്നത്. സലോമിയെ വിവാഹം കഴിച്ച് ജർമനിയിലേക്ക് പോകാനുള്ള പ്രകാശന്‍റെ ശ്രമങ്ങളും പിന്നീട് നടക്കുന്ന സംഭവവികാസങ്ങളുമാണ് നർമത്തിന്‍റെ പശ്ചാത്തലത്തിലൂടെ സംവിധായകൻ അവതരിപ്പിച്ചിരിക്കുന്നത്.നർമരംഗങ്ങൾ കൈകാര്യം ചെയ്യുന്നതിൽ ഫഹദിന് ഒരു പ്രത്യേക കഴിവുണ്ട്. മഹേഷിന്‍റെ പ്രതികാരത്തിലും ഒരു ഇന്ത്യൻ പ്രണയകഥയിലുമടക്കം അത് തെളിയിച്ചതുമാണ്. ഫഹദിന്‍റെ ആ കൈയടക്കം പ്രകാശനിലും തെളിഞ്ഞു കാണാം.

തുടക്കം മുതൽ ഒടുക്കും വരെ ഒരേ താളത്തിൽ പ്രകാശൻ പ്രേക്ഷകരെ കൊണ്ടുപോകുന്നുണ്ട്. ചിരിച്ചും ചിന്തിച്ചും കണ്ണുനിറഞ്ഞും ഇരുന്നുകൊടുക്കേണ്ട ജോലിയേ നമുക്കുള്ളൂ. മുഴുനീളെ പൊട്ടിച്ചിരിപ്പിച്ച് സ്വിച്ചിട്ടപോലെ പ്രേക്ഷകരെ സെന്‍റിമെൻസിലേക്ക് തള്ളിയിടുന്ന ഫഹദിന് നൂറിൽ നൂറാണ് മാർക്ക്.

ചിത്രത്തിന്‍റെ ട്രെയിലർ പുറത്തിറങ്ങിയപ്പോൾ തന്നെ പഴയ മോഹൻലാലിന്‍റെ പകർപ്പായാണ് ഫഹദിനെ വാഴ്ത്തിയത്. അതിൽ അവരെ തെറ്റുപറയാൻ പറ്റില്ലെന്ന് സിനിമ കണ്ടിറങ്ങുമ്പോൾ തോന്നും. ആ പഴ‍യ ബാലഗോപാലൻ, മുരളി, അല്ലെങ്കിൽ, ദാസൻ.. സത്യൻ അന്തിക്കാടിന്‍റെ മോഹൻലാൽ കഥാപാത്രത്തിന്‍റെ ഛായ പ്രകാശനിൽ മിന്നിമറഞ്ഞുപോകും. ഫഹദ് എന്ന ക്ലാസ് നടന്‍റെ അതിഗംഭീര പകർന്നാട്ടം കൂടി ചേരുമ്പോൾ പ്രകാശൻ മലയാളി മനസുകളിലേക്ക് ഇടിച്ചുകയറും. മലയാളത്തിലെ മിനിമം ഗാരണ്ടിയുള്ള യുവതാരമായി മാറിയ ഫഹദിന്‍റെ വളർച്ചയിൽ ഒരു നാഴികക്കല്ല് കൂടിയാകും പ്രകാശൻ.ശ്രീനി പഴയ ശ്രീനി തന്നാ..!

തീയറ്ററുകളിൽ അധികം ചലനമുണ്ടാക്കാതെപോയ പവിയേട്ടന്‍റെ മധുരച്ചൂരലിനു ശേഷമാണ് ശ്രീനിവാസന്‍റെ തന്നെ തിരക്കഥയിൽ ഞാൻ പ്രകാശൻ എത്തിയത്. പക്ഷേ, സത്യൻ-ശ്രീനി-ഫഹദ് കൂട്ടുകെട്ടിലേക്ക് ആ കഥ ചേർന്നപ്പോൾ തീയറ്ററുകൾ ചിരിക്കടലായി. പുതിയ തലമുറയുടെ സ്പന്ദനമറിഞ്ഞ്, എന്നാൽ പഴമയെ കൂടെ നിർത്തി കഥയെഴുതുകയായിരുന്നു ശ്രീനിവാസൻ.

എഴുത്തിൽ മാത്രമല്ല, അഭിനയത്തിലും ശ്രീനിവാസൻ സാന്നിധ്യം ചിത്രത്തിൽ ശ്രദ്ധേയമാകുന്നുണ്ട്. തൊഴിലിടങ്ങളിലേക്ക് ബംഗാളികളെ എത്തിച്ചുനല്കുന്ന ഗോപാൽജി എന്ന കഥാപാത്രത്തെ ശ്രീനിവാസൻ ഗംഭീരമാക്കി. കൗണ്ടറുകൾ പറയുന്ന, നർമം തുളുമ്പുന്ന ആ പഴയ ശ്രീനിയുടെ ഛായ ഗോപാൽജിയിൽ തെളിഞ്ഞുകാണാം. ഫഹദ്- ശ്രീനി കോംബിനേഷൻ എത്തിയപ്പോഴെല്ലാം തീയറ്ററുകൾ ചിരിച്ചുമറിഞ്ഞു.നായികമാർ മോശമാക്കിയില്ല

സമീപകാലത്തെ സത്യൻ ചിത്രങ്ങളിലേതുപോലെ ഞാൻ‌ പ്രകാശനിലും ഒന്നിലേറെ നായികമാരുണ്ട്. നിഖില വിമൽ, അഞ്ജു കുര്യൻ എന്നിവരാണ് നായികമാർ. രണ്ടുപേരും കഥയുടെ രണ്ടു ഭാഗങ്ങളിലായി പ്രകാശനൊപ്പം എത്തുന്നവരാണ്. ജർമനിയിൽ നഴ്സ് ജോലി നേടുന്ന സലോമി എന്ന കഥാപാത്രത്തെ നിഖില തന്മയത്വത്തോടെ അവതരിപ്പിച്ചപ്പോൾ രണ്ടാം പകുതിക്കു ശേഷമെത്തിയ അഞ്ജുവിന്‍റെ നായിക കഥാപാത്രവും ശ്രദ്ധനേടി.പക്ഷേ, കഥയിലെ ശരിക്കും നായിക ഒടുവിലാണ് എത്തുന്നത്. സത്യൻ അന്തിക്കാട് പരിചയപ്പെടുത്തുന്ന ബാലതാരം ദേവിക സഞ്ജയ് ചിത്രത്തിൽ പ്രധാന വഴിത്തിരിവാകുന്നുണ്ട്. അധികം നേരമില്ലെങ്കിലും പ്രകാശനൊപ്പം പ്രേക്ഷകരുടെയും മനസിനെ പിടിച്ചുകുലുക്കിയാണ് ദേവികയുടെ ടീന കടന്നുപോകുന്നത്. തീയറ്റർ വിട്ടിറങ്ങിയാലും ടീന നമ്മെ പിന്തുടർന്നുകൊണ്ടിരിക്കും.നീണ്ട പതിനാറു വർഷങ്ങൾക്കു ശേഷമുള്ള സത്യൻ‌- ശ്രീനി കൂട്ടുകെട്ടിന്‍റെ തിരിച്ചുവരവ് ഒരു വെറുംവരവല്ല. മാറിയ കാലത്തിനൊത്ത്, പ്രേക്ഷകമനസറിഞ്ഞ് ചിത്രങ്ങൾ ഒരുക്കാൻ ഈ കുട്ടുകെട്ടിന് കഴിയുമെന്ന് പ്രകാശൻ‌ കാട്ടിത്തരുന്നുണ്ട്. ടെൻഷൻ മറന്ന് മനസുനിറഞ്ഞ് ചിരിക്കാനും ചിന്തിക്കാനും താത്പര്യമുള്ളവർക്ക് ധൈര്യസമേതം പ്രകാശനെ കാണാൻ ടിക്കറ്റെടുക്കാം.

(വരത്തനിൽ നിന്ന് പ്രകാശനിലേക്കൊരു ചെയ്ഞ്ച്ഓവർ..! ഫഹദ് ക്ലാസാണ്..!)

ഡെന്നിസ് ജേക്കബ്
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.