ഓർമകൾ ഉണർത്തുന്ന ശിശിരകാലം
Saturday, August 3, 2019 3:56 PM IST
തണ്ണീർമത്തൻ ദിനങ്ങൾ കഴിഞ്ഞയാഴ്ചയെത്തി പ്രേക്ഷകരുടെ കുറെയേറെ "നൊസ്റ്റു' ഉണർത്തി അങ്ങ് പോയതെയുള്ളു. ദാ ഈ ആഴ്ച "ഓർമയിൽ ഒരു ശിശിരം' എത്തി പറയാതെ പോയ പ്രണയങ്ങളെ അത്രയും തട്ടിയുണർത്തിയിരിക്കുകയാണ്.

ദീപക് പറന്പോൾ മീശയൊക്കെ വടിച്ച് വണ്ണമെല്ലാം കുറച്ച് പ്ലസ് വണ്‍ പയ്യനായ നിതിനായി എത്തുന്ന ചിത്രം പ്രേക്ഷകരെ പ്രണയകാലത്തേയ്ക്ക് ആനയിക്കുമെന്നുറപ്പ്. പുതുമുഖ സംവിധായകൻ വിവേക് ആര്യനാണ് ചിത്രം സംവിധാനം ചെയ്തിരിക്കുന്നത്. കണ്ണുകളിൽ തളിർത്തു നിൽക്കുന്ന പ്രണയമാണ് ചിത്രത്തിൽ കാണാൻ കഴിയുക.പഴയകാലത്തിലേക്ക് പ്രേക്ഷകരെ നിഷ്പ്രയാസം കൂട്ടിക്കൊണ്ടുപോകാൻ സംവിധായകന് കഴിയുന്നുണ്ട്. താരങ്ങൾ ഉപയോഗിക്കുന്ന ഫോണ്‍ മുതൽ ബാഗുവരെ കാലഘട്ടത്തെ കൃത്യമായി രേഖപ്പെടുത്തുന്ന വിധത്തിലാണ് ചിത്രത്തിൽ ഉപയോഗിച്ചിരിക്കുന്നത്.

ഒട്ടും പതർച്ചയില്ലാതെ പുതുമുഖം അനശ്വര പൊന്നന്പത്ത് നായിക വേഷം ഗംഭീരമാക്കിയിട്ടുണ്ട്. കണ്ണുകളിൽ പ്രണയം ഒളിപ്പിച്ച് അവതരണത്തിൽ നിഷ്കളങ്കത നിറച്ച് പ്രേക്ഷകരുടെ ഇടയിലേക്ക് വർഷ (അനശ്വര പൊന്നന്പത്ത്) ഇറങ്ങി ചെല്ലുന്നുണ്ട്. അഭിനയ മികവിൽ നായകനേക്കാൾ ഒരുപടി മുകളിലാണ് നായികയുടെ സ്ഥാനം എന്നു തന്നെ പറയേണ്ടി വരും. പതിഞ്ഞതാളത്തിൽ തുടങ്ങുന്ന കഥയ്ക്ക് ഇമ്മിണി വേഗം കൈവരുന്നത് വർഷ സ്ക്രീനിലേക്ക് എത്തുന്നതോടെയാണ്.ദീപക് പറന്പോളിന് പ്ലസ് വണ്‍ വിദ്യാർഥിയുടെ മനോഗതിയിലേക്ക് ഇറങ്ങി വരാൻ നിഷ്പ്രയാസം സാധിച്ചിട്ടുണ്ട്. രണ്ടു ഗെറ്റപ്പിലായാണ് ദീപക് ചിത്രത്തിലെത്തുന്നത്. നായകന്‍റെ പ്ലസ് വണ്‍ കാലഘട്ടത്തിലേക്ക് കഥ നീങ്ങുന്നതോടെ സൗഹൃദവും ബാക്ക് ബെഞ്ച് വികൃതികളും അടിയും പിടിയുമെല്ലാം മെല്ലെ ചിത്രത്തിൽ ഇടംപിടിച്ച് തുടങ്ങും.

മഴയെ പ്രണയിക്കുന്ന നായികയ്ക്ക് കൂട്ടായി സംവിധായകൻ സിനിമയെ പ്രണയിക്കുന്ന നായകനെയാണ് അവതരിപ്പിക്കുന്നത്. മാതാപിതാക്കളുടെ നിർബന്ധ ബുദ്ധിയും അടിച്ചേൽപ്പിക്കലുമെല്ലാം കുട്ടികളെ എങ്ങനെ ബാധിക്കുന്നുവെന്ന് ചിത്രം കാട്ടിത്തരുന്നുണ്ട്. അലൻസിയറും അശോകനും തങ്ങൾക്ക് കിട്ടിയ വേഷങ്ങൾ ഗംഭീരമായി തന്നെ കൈകാര്യം ചെയ്തിട്ടുണ്ട്.പ്രണയത്തിന്‍റെ തീവ്രത കൂട്ടിക്കൊണ്ട് ഒഴുകി എത്തുന്ന ഗാനങ്ങൾ പ്രേക്ഷകരെ തൃപ്തിപ്പെടുത്തുന്നതാണ്. പ്രണയവും സൗഹൃദവും പിന്നെ ബന്ധങ്ങളുടെ തീവ്രതയും പ്രകടമാകുന്ന ചിത്രത്തിൽ മാരക ട്വിസ്റ്റുകൾ ഒന്നും തന്നെ സംവിധായകൻ കൊണ്ടുവന്നിട്ടില്ല.

സാധാരണഗതിയിൽ തുടങ്ങി സാധാരണ ഗതിയിൽ അവസാനിക്കുന്ന ഒരു കുഞ്ഞു ചിത്രമാണ് ഓർമയിൽ ഒരു ശിശിരം. സിനിമാറ്റിക്കല്ലാത്ത പ്രണയം മനസിൽ സൂക്ഷിക്കുന്ന ഏതൊരാൾക്കും ചിത്രം ഒത്തിരി ഓർമകൾ സമ്മാനിക്കുമെന്നുറുപ്പ്.

വി.ശ്രീകാന്ത്
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.