"പതിനെട്ടാം പടി' പൊളിച്ചു
Saturday, July 6, 2019 4:16 PM IST
പതിനെട്ടാം പടിയിലെ ചുള്ളന്മാർ പൊളിയാണ് കേട്ടാ... ചങ്കിന് ചങ്ക് പറിച്ച് കൊടുക്കുന്ന ഒരുകൂട്ടം വിദ്യാർഥികളുടെ ഓട്ടവും ചാട്ടവും അടിയും ഇടിയുമെല്ലാം ആരേയും ഹരംകൊള്ളിക്കും. തുടക്കകാരാണ് ഇവരെന്നുള്ള കാര്യം അപ്പാടെ മറന്ന് പ്രേക്ഷകർ അവരുടെ പ്രകടനം കണ്ട് മുഴുകി ഇരിക്കും.

സാക്ഷാൽ അയ്യനെ കാണാൻ കാടും മേടും താണ്ടി 18 പടിയും ചവിട്ടി അങ്ങ് സന്നിധാനത്ത് എത്തണമെങ്കിൽ ശങ്കർ രാമകൃഷ്ണന്‍റെ അയ്യപ്പനെ കാണാൻ പതിനെട്ടാം പടി ഓടുന്ന തീയറ്ററിലേക്ക് ഓടി കയറിയാൽ മതി. അക്ഷയ് രാധാകൃഷ്ണൻ അയ്യപ്പനായി എത്തി ഏവരുടെയും മനസിനെ കീഴടക്കുകയാണ്.കണ്ണിൽ ചങ്കുറപ്പിന്‍റെ തീനാളം, സുഹൃത്തുക്കൾക്കായി എന്തും ചെയ്യാനുള്ള വ്യഗ്രത, സൗഹൃദത്തിന്‍റെ പൂർണതയ്ക്ക് ജീവൻ പോലും നൽകാനുള്ള മനസ്... അയ്യപ്പൻ ഇങ്ങനെയൊക്കെയാണ്... അപ്പോൾ പിന്നെ അയ്യപ്പന്‍റെ കൂട്ടാളികളെ പറ്റി പറയേണ്ടതില്ലല്ലോ.

തിരുവനന്തപുരത്തെ മലയാളം മീഡിയം സ്കൂളിലെ ഒരു കൂട്ടം വിദ്യാർഥികളും ഇംഗ്ലീഷ് മീഡിയം സ്കൂളിലെ വിദ്യാർഥികളും തമ്മിലുള്ള വാശിയും പകയുമാണ് പതിനെട്ടാം പടിയെ ചൂട് പിടിപ്പിക്കുന്നത്. സംവിധായകൻ ശങ്കർ രാമകൃഷ്ണൻ പരിചയപ്പെടുത്തുന്ന പുതുമുഖങ്ങളുടെ കിടിലൻ പ്രകടനത്തോടൊപ്പം അടിക്കും ഇടിക്കും ഒപ്പം ഓടുന്ന കാമറാമാൻ സുദീപ് ഇളമണ്ണിന്‍റെ കഠിനാധ്വാനവും ചിത്രത്തെ കൂടുതൽ ചടുലമാക്കുന്നുണ്ട്.മലയാളം മീഡിയം സ്കൂളിലെ നേതാവ് അയ്യപ്പനാണെങ്കിൽ ഇംഗ്ലീഷ് മീഡിയം സ്കൂളിലെ നേതാവ് അശ്വിനാണ്. ഈ രണ്ട് ഗ്യാംഗുകൾ തമ്മിലുള്ള കിടമത്സരമാണ് ആദ്യ പകുതിയെ ആവേശ്വോജലമാക്കുന്നത്. ബസിനകത്തുള്ള ഇടി കിടിലോൽ കിടിലം. കെച്ച കെംപക്ഡേ, സുപ്രീം സുന്ദർ എന്നിവർ ചേർന്നൊരുക്കിയ ആക്ഷൻ രംഗങ്ങൾ ഓരോന്നും പ്രേക്ഷകരെ ആവേശത്തിലാഴ്ത്തുമെന്ന കാര്യത്തിൽ സംശയമില്ല.

പൃഥ്വിരാജും ഉണ്ണി മുകുന്ദനും ആര്യയുമെല്ലാം അതിഥി വേഷത്തിലെത്തി യുവതാരങ്ങൾക്ക് താങ്ങാകുന്പോൾ മമ്മൂട്ടി സുപ്രധാന വേഷത്തിലെത്തി പതിനെട്ടാം പടിക്ക് തണലായി മാറുകയാണ്. ആദ്യ പകുതിയിൽ വിദ്യാഭ്യാസ രീതിക്ക് വരേണ്ട മാറ്റങ്ങളെ കുറിച്ചുള്ള സൂചനകൾ നൽകിയാണ് മുന്നേറുന്നതെങ്കിൽ രണ്ടാം പകുതിയിൽ അതെങ്ങനെയാകണമെന്ന് സംവിധായകൻ കാട്ടിത്തരുന്നുണ്ട്.മാസ് രംഗങ്ങൾ പുതുമുഖങ്ങളെ കൊണ്ട് കൈയടക്കത്തോടെ ചെയ്യിപ്പിക്കുകയെന്നത് ശ്രമകരമായ കാര്യമാണ്. ആ ദൗത്യം ശങ്കർ രാമകൃഷ്ണൻ കിറുകൃത്യമായി ചെയ്തിട്ടുണ്ട്. കഥയിലെ പുതുമ എന്നതിലുപരി ആവിഷ്കരണത്തിലെ പുതുമ കൊണ്ടാണ് സംവിധായകൻ പ്രേക്ഷക പ്രീതി നേടുന്നത്. സ്റ്റൈലും മാസും സമാസമം ചേർന്നു വരുന്ന ആക്ഷൻ രംഗങ്ങൾ ഏതൊരാളിലും ആവേശം ഉണർത്തിയാണ് കടന്നു പോകുന്നത്.

പൈങ്കിളി പ്രണയത്തിൽ കഥയെ തളച്ചിടാതെ വിദ്യാർഥികളുടെ ചോരത്തിളപ്പുള്ള പ്രകടനത്തിലൂടെയാണ് ആദ്യ പകുതി കടന്നു പോകുന്നത്. ആനി മിസായി എത്തി അഹാന കൃഷ്ണ മിതത്വമാർന്ന പ്രകടനമാണ് പുറത്തെടുത്തിരിക്കുന്നത്. ചിലരുടെ പ്രകടനത്തെ കുറിച്ച് മതിവരുവോളം കുറിച്ചിടുന്പോൾ... മറ്റ് ചിലരുടെ പ്രകടനം കുറിച്ചിടാതെ തന്നെ കണ്ടിരിക്കേണ്ടതാണ്.സുരാജ് വെഞ്ഞാറമൂട്, മാല പാർവതി, നന്ദു, മുത്തുമണി, ബിജു സോപാനം, ലാലു അലക്സ്, മണിയൻപിള്ള രാജു എന്നിവർ ചെറുതെങ്കിലും തങ്ങളുടേതായ വേഷങ്ങൾ ഗംഭീരമായി തന്നെ കൈകാര്യം ചെയ്തിട്ടുണ്ട്. രണ്ടാം പകുതിയിൽ ചോരത്തിളപ്പിന് ഇത്തിരി വിശ്രമം നൽകി പഠന വഴിയെ പിളേളരെ നടത്തിക്കാൻ സംവിധായകൻ മുന്നിട്ടിറങ്ങുന്നുണ്ട്.

മമ്മൂട്ടിയുടെ ശിക്ഷണത്തിൽ ചോരത്തിളപ്പ് താനെ കെട്ടടങ്ങി ചുള്ളന്മാർ പഠന വഴിയിലേക്ക് അറിയാതെ തന്നെ വഴുതി വീഴുന്നതോടെ കഥയുടെ സ്വഭാവം താനെ മാറുകയാണ്. പിന്നീട് മമ്മൂട്ടിയുടെ സ്റ്റൈലിഷ് ആക്ഷൻ രംഗങ്ങൾ കടന്നു വരുന്നതോടെയാണ് ചിത്രം പഴയ ട്രാക്കിലേക്ക് എത്തുന്നത്.

ലഹരിയുടെ പിടിയിൽ അകപ്പെടുന്ന വിദ്യാർഥികളുടെ മനോവിചാരങ്ങളിലെ മാറ്റങ്ങളും ഇനിയും മാറേണ്ടിയിരിക്കുന്ന വിദ്യാഭ്യാസ രീതികളുമെല്ലാം ചിത്രത്തിൽ കടന്നു വരുന്നുണ്ട്. അതുകൊണ്ടെല്ലാം തന്നെ രണ്ടര മണിക്കൂറിലേറെ ദൈർഘ്യം പതിനെട്ടാം പടിയെ വലയം ചെയ്തിട്ടുണ്ട്. ചിത്രത്തിലെ ഒരു രംഗം പോലും പ്രേക്ഷകരെ മുഷിപ്പിക്കില്ല. അപ്പോൾ എങ്ങനാ... അയ്യപ്പനേയും കൂട്ടരേയും കാണാൻ തീയറ്ററിലേക്ക് വച്ചു പിടിക്കുവല്ലേ.

വി.ശ്രീകാന്ത്
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.