അൻപേറും പേരൻപ്
Saturday, February 2, 2019 6:29 PM IST
അധ്യായങ്ങൾ 12, അനുഭവങ്ങൾ അതിലേറെ, പ്രശ്നങ്ങളോ അതിലുമേറെ... ഇവയെല്ലാം ഘട്ടംഘട്ടമായി മറികടന്ന് ജീവതത്തിന്‍റെ നേരായ വെളിച്ചത്തിലേക്ക് കുട നിവർത്തുകയാണ് സംവിധായകൻ റാം പേരൻപിലൂടെ. മഞ്ഞും വെയിലും മാറി മാറി വന്ന് കാലാവസ്ഥയ്ക്ക് മാറ്റമുണ്ടാക്കുന്നതു പോലെ പാപ്പയും അമുദവനും ഓരോ മനുഷ്യനെയും മാറ്റത്തിന്‍റെ പാതയിലേക്ക് നയിക്കുകയാണ്.

ചിന്തകൾ മാറേണ്ടിയിരിക്കുന്നു... കരുതലുകൾ മാറേണ്ടിയിരിക്കുന്നു.... ചുറ്റുമുള്ളവരെ കണ്‍തുറന്ന് കാണേണ്ടിയിരിക്കുന്നു.... പ്രശ്നങ്ങളെ ഊതിവീർപ്പിക്കാതെ അവയെ തരണം ചെയ്യാൻ ശാന്തമായി ആലോചിക്കേണ്ടിയിരിക്കുന്നു എന്നെല്ലാം അമുദവനും പാപ്പയും ചേർന്ന് കാട്ടിത്തരുന്പോൾ വിങ്ങലോടെയും പിടച്ചിലോടെയും മാത്രമേ അതെല്ലാം കണ്ടിരിക്കാൻ കഴിയൂ. പാപ്പയുടെ കരച്ചിലും ചിരിയുമെല്ലാം പ്രേക്ഷകന്‍റെ മനസിനെ കീറിമുറിച്ചാണ് കടന്നു പോകുന്നത്.



ആർത്തലച്ച് ചിരിക്കാനോ കൗണ്ടറുകൾ വാരിവിതറിയ സംഭാഷണങ്ങളോ പേരൻപിൽ കാണാനവില്ല. മറിച്ച് സ്നേഹം വിതറുന്ന നിറങ്ങളേയും പരിഭവങ്ങളെ തലോടലിലൂടെ അകറ്റുന്ന അച്ഛനേയും അമ്മയെ തിരികെ വേണമെന്ന് വാശിപിടിക്കുന്ന മകളെയുമാണ് റാം പരിചയപ്പെടുത്തുന്നത്.

സാധന പകർന്നാടിയ പാപ്പയാണ് എങ്ങും ചർച്ചാവിഷയം. പാപ്പയുടെ അവസ്ഥ കാണാൻ വയ്യാതെ പകുതിക്ക് ഇറങ്ങിപ്പോയ പ്രേക്ഷകന്‍റെ ഉള്ളിലും നീ ഇപ്പോഴും ജീവിക്കുന്നുണ്ട്. ഇങ്ങനെയൊരു പകർന്നാട്ടം നിനക്ക് എങ്ങനെ കഴിഞ്ഞു. വെല്ലുവിളി നിറഞ്ഞ കഥാപാത്രങ്ങൾ കിട്ടുന്പോൾ അഭിനയിച്ച് കൈയടി നേടുന്നവർക്കിടയിൽ നീ വിഭിന്നയാണ്. നീ ജീവിക്കുകയായിരുന്നു "സ്പാസ്റ്റിക് പരാലിസിസ്' എന്ന സവിശേഷ ശാരീരിക മാനസികാവസ്ഥയിലൂടെ സഞ്ചരിക്കുന്ന പെണ്‍കുട്ടിയായി.



ചെറുതായിട്ടൊന്നു മുറിഞ്ഞാൽ അപ്പോഴേ നിലവിളിക്കുന്നവർക്കിടയിലേക്കാണ് മര്യാദയ്ക്കൊന്ന് നടക്കാനോ സംസാരിക്കാനോ പറ്റാതെ പാടുപെടുന്ന പെണ്‍കുട്ടിയുടെ ജീവിതവുമായി റാം വരുന്നത്. അമുദവൻ (മമ്മൂട്ടി) പാപ്പയുടെ അച്ഛനാണ്. മകളെ നോക്കാൻ പാടുപെടുന്ന അമുദവന്‍റെ അവസ്ഥ മമ്മൂട്ടി നന്നായി പകർന്നാടിയിട്ടുണ്ട്. നിസഹായ അവസ്ഥയുടെ വിവിധ മുഖങ്ങൾ മമ്മൂട്ടിയിലൂടെ സംവിധായകൻ പ്രേക്ഷകർക്ക് കാട്ടിത്തരുന്നുണ്ട്.

മഞ്ഞ് പെയ്തിറങ്ങുന്ന തീരത്തെ ഒരു വീട്ടിൽ മകളുമായി ഒതുങ്ങിക്കൂടുന്ന അമുദവന് മുന്നിൽ പരീക്ഷണങ്ങളുടെ വലിയൊരു വലയമാണ് പ്രത്യക്ഷപ്പെടുന്നത്. സ്നേഹ സ്വരൂപിണിയായി എത്തിയ വിജിയും (അഞ്ജലി) അവർക്ക് വേണ്ടുവോളം ആശ്വാസം നൽകിയ പ്രകൃതിയും ഒരു ഘട്ടത്തിൽ പാപ്പയേയും അമുദവനേയും ജീവിതത്തിലേക്ക് തിരികെ കൊണ്ടുവരുന്നുണ്ട്. പക്ഷേ, എല്ലാം തകിടം മറിയുന്നത് പെട്ടെന്നാണ്.



പ്രകൃതിയിൽ നിന്നും നഗരത്തിലേക്ക് അമുദവനും പാപ്പയും ഇറങ്ങി വരുന്നതോടെ അവരുടെ ജീവിത അന്തരീക്ഷവും മാറുകയാണ്. കൗമാരക്കാരിയായ മകളുടെ ആവശ്യങ്ങൾ നിറവേറ്റാൻ ഒരു അച്ഛന് ഒറ്റയ്ക്ക് പറ്റില്ലായെന്ന് പലപ്പോഴായി സംവിധായകൻ ചിത്രത്തിൽ അടയാളപ്പെടുത്തിയിടുന്നുണ്ട്. ആദ്യ പകുതി മഞ്ഞുമൂടിയ അന്തരീക്ഷത്തിലാണെങ്കിൽ രണ്ടാം പകുതി വെയിലിനാൽ ചുറ്റപ്പെട്ട അന്തരീക്ഷത്തിലൂടെയാണ് കടന്നു പോകുന്നത്.

വെല്ലുവിളി നിറഞ്ഞ കഥാബീജത്തെ അത്രമേൽ ഹൃദയത്തിലേറ്റി റാം ഒരുക്കിയ തിരക്കഥയ്ക്ക് ഒന്നാന്തരം കെട്ടുറപ്പുണ്ടായിരുന്നു. ഇത്തരം ജീവിത അന്തരീക്ഷത്തെ മുഷിപ്പില്ലാതെ അവതരിപ്പിക്കണമെങ്കിൽ കാമറ കണ്ണുകൾക്ക് ശോഭ കൂടിയേ തീരു. ഒപ്പിയെടുക്കുന്ന ഓരോ കാഴ്ചകൾക്കും അവരുടെ ജീവിതവുമായി സാമ്യമുണ്ടായിരിക്കണം... അത്തരം കാഴ്ചകളെ വേണ്ടുവോളം പകർത്തുവാൻ തേനി ഈശ്വറിനായിട്ടുണ്ട്.



ശാന്തമായി ഒഴുകി നീങ്ങിക്കൊണ്ടിരിക്കുന്ന സംഗീതം പെട്ടെന്ന് നിലച്ചാൽ ആകെ മൊത്തം ഒരു ശൂന്യത നിഴലിക്കും. പ്രേക്ഷക മനസിലേക്ക് തിരയിളക്കത്തിന്‍റെ താളവും ഭയവും എല്ലാം അതെ തീവ്രതയിൽ നൽകാൻ സംഗീത സംവിധായകൻ യുവൻ ശങ്കർ രാജയ്ക്കും സാധിച്ചിട്ടുണ്ട്.

രണ്ടാം പകുതിയിൽ സങ്കീർണതകളേറി വരുന്പോൾ വൈകാരിക മുഹൂർത്തങ്ങളുടെ തീവ്രതയും കൂടും. അഞ്ജലി അമീർ എന്ന ട്രാൻസ്ജെൻഡറെ കഥാവഴിയിലേക്ക് കടത്തിവിട്ട് പേരൻപിന് പുതിയൊരു മാനം നൽകാനും സംവിധായകൻ ശ്രമിച്ചിട്ടുണ്ട്. അഞ്ജലി അമീറിന്‍റെ വരവും പോക്കുമെല്ലാം കഥയുടെ ഒഴുക്കിന്‍റെ വേഗം കൂട്ടുന്പോൾ പാപ്പയും അമുദവനും പല പ്രതിസന്ധികളേയും തരണം ചെയ്യാൻ പഠിച്ചു കഴിഞ്ഞിരുന്നു.

മനസാക്ഷിയുള്ള മനസുകൾ പേരൻപ് കാണാൻ മടിക്കില്ല... പക്ഷേ, ഒന്നുണ്ട് കണ്ടിരിക്കാൻ നല്ല മനക്കട്ടി വേണം.

വി.ശ്രീകാന്ത്
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.