പേട്ട കംപ്ലീറ്റ് എന്‍റർടെയ്നർ..!
Thursday, January 10, 2019 5:23 PM IST
സ്റ്റൈൽ മന്നൻ രജനികാന്തിന്‍റെ തകർപ്പൻ നന്പറുകളുമായി ഒരു ഉത്സവചിത്രം പ്രേക്ഷകരിലേക്ക് എത്തിയിരിക്കുകയാണ്. കാണുക... ആസ്വദിക്കുക... ആനന്ദ നിർവൃതിയിൽ ആറാടുക. രജനി ആരാധകർക്ക് മാത്രമല്ല, ഏതൊരാളേയും തൃപ്തിപ്പെടുത്തും വിധമാണ് സംവിധായകൻ കാർത്തിക്ക് സുബ്ബരാജ് പേട്ട ഒരുക്കിയിരിക്കുന്നത്.

പക, പ്രതികാരം, റൊമാൻസ് തുടങ്ങിയ ചേരുവകളെല്ലാം പേട്ടയെ വലയം ചെയ്യുന്നുണ്ടെങ്കിലും സ്റ്റൈൽ മന്നന്‍റെ പ്രകടനം തന്നെയാണ് ചിത്രത്തെ ശരിക്കും മാസാക്കുന്നത്. ആദ്യ പകുതിയിൽ കോളജ് പിള്ളേരുടെ ഇടയിലെ കാളിയായും പിന്നീട് പേട്ടയായുമുള്ള രജനിയുടെ മാറ്റങ്ങളെല്ലാം അമ്പരപ്പോടെ മാത്രമേ പ്രേക്ഷകന് കണ്ടിരിക്കാനാകൂ. സ്റ്റൈൽ മന്നനുള്ളപ്പോൾ പ്രേക്ഷകരെ പിടിച്ചിരുത്താൻ കാര്യമായ കഥയൊന്നും ആവശ്യമില്ലെന്ന് സംവിധായകൻ കാട്ടിത്തരികയാണ്.



കൂൾ കാളി...

രാത്രിവെട്ടത്തിനിടയിലൂടെ നായകനെ ഒരുനോക്ക് കാണിച്ച് മാസിന് ചിത്രത്തിൽ യാതൊരു കുറവും കാണില്ലായെന്ന് സംവിധായകൻ അടിവരയിടുന്നതോടെ തീയറ്ററിൽ ആഘോഷം തുടങ്ങുകയായി. കോളജും ഹോസ്റ്റൽ പരിസരവുമെല്ലാം കാണുന്പോൾ പൈങ്കിളിയാണോയെന്ന് ആർക്കും സംശയം തോന്നാം. പയ്യന്മാരുടെ ഇടയിൽ വിലസി നടക്കുന്ന ബോബി സിൻഹയുടെ കലിപ്പ് മാനറിസങ്ങളെല്ലാം തന്നെ എറിച്ച് നിന്നപ്പോൾ നായകൻ രംഗപ്രവേശം ചെയ്യാറായെന്ന് പ്രേക്ഷകന് മനസിലാകും.

കൂളായി കാളി (രജനികാന്ത്) ഹോസ്റ്റൽ വാർഡനായി ചാർജെടുക്കുന്നതോടെ ചിത്രം ഉഷാറായി തുടങ്ങും. ചെറിയ ചില പൊടിക്കൈകൾ രജനി സ്റ്റൈൽ മാനറിസങ്ങളുടെ അകന്പടിയോടെ സ്ക്രീനിൽ തെളിയുമ്പോൾ ഹോസ്റ്റലിലെ പ്രശ്നങ്ങളെല്ലാം ഒന്നൊന്നായി തീർന്നു തുടങ്ങും.



സ്റ്റൈൽ റൊമാൻസ്

സ്റ്റൈൽ മന്നൻ റൊമാൻസ് കൈകാര്യം ചെയ്യുന്ന വിധം യുവതാരങ്ങൾ കണ്ടുപഠിക്കേണ്ടതാണ്. സിമ്രാനും ഒത്തുള്ള രജനിയുടെ രംഗങ്ങളെല്ലാം തന്നെ ചിത്രത്തിൽ ചിരിയുണർത്തിയാണ് കടന്നു പോകുന്നത്. കൂടുതൽ പൈങ്കിളിക്ക് ഇടം നൽകാതെ ചിത്രം സീരിയസ് മൂഡിലേക്ക് സംവിധായകൻ കടത്തിവിടുന്നതോടെ ടോൺ മാറും.

ഇടയ്ക്ക് വിജയ് സേതുപതിയെ കാട്ടി വലിയ കളികൾ വരാനിരിക്കുന്നതേയുള്ളുവെന്നുള്ള സൂചനയും സംവിധായകൻ നൽകുന്നുണ്ട്. സ്റ്റൈൽ റൊമാൻസിന് ശേഷം ശരിക്കുഉള്ള കഥയിലേക്ക് ചിത്രം എത്തുന്നതോടെ പകയും പ്രതികാരവുമെല്ലാം പ്രത്യക്ഷപ്പെട്ട് തുടങ്ങും. ആക്ഷൻ രംഗങ്ങളിൽ എന്നും കസറി നിന്നിട്ടുള്ള രജനി പേട്ടയിലും പതിവ് തെറ്റിച്ചിട്ടില്ല.



ഇതുവരെ കണ്ടതൊന്നും ഒന്നുമല്ല

ആദ്യ പകുതിയിൽ കഥ സിന്പിളായിട്ടാണ് പോകുന്നതെങ്കിൽ രണ്ടാം പകുതി ഫ്ലാഷ് ബാക്കിന്‍റെ അകന്പടിയോടെയാണ് പായുന്നത്. കാളിയുടെ യഥാർഥ മുഖം പുറത്തുവരുന്നതോടെ പേട്ടയുടെ വേട്ടയാടൽ തുടങ്ങുകയായി. വിജയ് സേതുപതി പതിവ് സ്റ്റൈലിൽ മുന്നേറുന്പോൾ നവാസുദ്ദീൻ സിദ്ദിഖി വില്ലൻ പരിവേഷം മോശമാക്കിയില്ല.

രജനിയുടെ സ്റ്റൈലും നായകനെ ഹൈലൈറ്റ് ചെയ്തുമാണ് ചിത്രം മുന്നോട്ടുപോകുന്നത്. കിടിലൻ പശ്ചാത്തല സംഗീതം ഒരുക്കി അനിരുദ്ധ് രവിചന്ദർ പ്രേക്ഷകരെ കൈയിലെടുക്കുന്നുണ്ട്. ഛായാഗ്രാഹകൻ തിരു കളർടോണുകളെ കൂട്ടുപിടിച്ചുകൊണ്ട് കിടിലൻ ഫ്രെയിമുകളാണ് ചിത്രത്തിനായി ഒരുക്കിയിരിക്കുന്നത്. രണ്ടാം പകുതി സംവിധായകൻ പ്രതികാരത്തിന് മാത്രമാണ് മാറ്റിവച്ചിരിക്കുന്നത്.



സർവം രജനിമയം

ട്വിസ്റ്റുകളെല്ലാം പ്രേക്ഷകർ ഊഹിച്ചെടുക്കുന്ന കാലത്തിലൂടെയാണല്ലോ സിനിമ സഞ്ചരിക്കുന്നത്. എന്നാൽ അവിടെയും സംവിധായകൻ ഊഹങ്ങൾക്ക് അപ്പുറമുള്ള ട്വിസ്റ്റ് ചിത്രത്തിൽ ഒരുക്കിവച്ചിട്ടുണ്ട്. മലയാളി താരം മണികണ്ഠൻ ആചാരി രജനിക്കൊപ്പം ചിത്രത്തിൽ പ്രത്യക്ഷപ്പെടുന്നുണ്ട്.

അടിമുടി രജനിമയത്താൽ ചിത്രത്തെ കുളിപ്പിച്ച് നിർത്താൻ സംവിധായകൻ ആദ്യാവസാനം വിജയിച്ചിട്ടുണ്ട്. രജനി ഇങ്ങനെ നിറഞ്ഞുനിൽക്കുന്പോൾ പിന്നെ എങ്ങനെ ബോറടിക്കാനാണ്. ഒട്ടും ബോറടിക്കാതെ പുതുവർഷത്തിൽ കണ്ടിരിക്കാവുന്ന ചിത്രമാണ് പേട്ട.

വി.ശ്രീകാന്ത്
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.