ഉള്ളിൽ തൊടും ഉയരെ...
Saturday, April 27, 2019 1:28 PM IST
സ്വാർഥത, സ്വാതന്ത്ര്യം, പ്രണയം, ബന്ധങ്ങൾ, സൗഹൃദം, സ്വപ്നങ്ങൾ, തീരുമാനങ്ങൾ, ഉയർത്തെഴുന്നേൽപ്പ്... ഈ ഘടകങ്ങളുടെ കൂട്ടായ്മയാണ് ഉയരെ. ഓരോന്നും നിങ്ങൾക്ക് ഇതിൽ നിന്ന് വേർതിരിച്ചെടുക്കാം.

അത്രമേൽ ലളിതമായാണ് ചില കാര്യങ്ങൾ മനസിൽ നിന്നും ഇറങ്ങി പോകാത്ത വിധത്തിൽ തിരക്കഥാകൃത്തുക്കൾ ഇട്ടുതരുന്നത്. ഉള്ളിൽ തൊടും വിധം കെട്ടുറപ്പുറുള്ള തിരക്കഥയാണ് ബോബിയും സഞ്ജയും ചേർന്ന് ചിത്രത്തിനായി ഒരുക്കിയിരിക്കുന്നത്. ആ എഴുത്ത് തന്നെയാണ് ഉയരെയുടെ ശക്തി.

പ്രേക്ഷകർക്ക് മുന്നിലേക്ക് കൊണ്ടുവരുന്ന വിഷയം എത്രമാത്രം കാര്യഗൗരവം ഉള്ളതാണെന്ന തിരിച്ചറിവ് മനു അശോകൻ എന്ന നവാഗത സംവിധായകന് ഉണ്ടായിരുന്നുവെന്ന് ചിത്രത്തിന്‍റെ ആവിഷ്കരണ രീതി കാണുന്പോൾ തന്നെ വ്യക്തമാകും. സംവിധായകന്‍റെയും തിരക്കഥാകൃത്തുക്കളുടെയും മനസറിഞ്ഞ് പാർവതി ചിത്രത്തിൽ പല്ലവിയായി മാറിയതോടെ ഉയരെ ഉയർച്ച താഴ്ചകൾക്ക് ഇടയിലൂടെ പറക്കാൻ തുടങ്ങി.ആസിഫ് അലി "വെറുപ്പിക്കും'

സ്വാർഥതയുടെ മൂർത്തിഭാവമായി ഗോവിന്ദ് (ആസിഫ് അലി) ചിത്രത്തിൽ നിറഞ്ഞു നിൽക്കുന്പോൾ ആരും ഗോവിന്ദിനെ പകർന്നാടിയ ആസിഫിനെ വെറുത്തുപോകും. തുടക്കം മുതൽ തന്‍റേത് മാത്രമായ ലോകത്തേക്ക് നായികയെ കൂട്ടിക്കൊണ്ടുവരാൻ ശ്രമിക്കുന്നുണ്ട് ഗോവിന്ദ്. നായികയുടെ നിഴലായി പോകാതെ കിട്ടിയ കഥാപാത്രത്തെ മികവുറ്റതാക്കാൻ ആസിഫ് നല്ലരീതിയിൽ ശ്രമിച്ചിട്ടുണ്ട്.

പല്ലവിയുടെ ജീവിതത്തിലേക്കാണ് സംവിധായകൻ പ്രേക്ഷകരെ ക്ഷണിക്കുന്നത്. ആകാശ കാഴ്ചകളോട് കൂട്ടുകൂടാൻ ആഗ്രഹിച്ച പെണ്‍കുട്ടിയുടെ ആഗ്രഹസഫലീകരണത്തിന്‍റെ കഥയാണ് ഉയരെ. അതിനായി അവൾ സഹിക്കേണ്ടി വന്ന യാതനകൾ കേരളം ഏറെ ചർച്ച ചെയ്ത ഒരു വിഷയവുമായി കൂടിച്ചേരുന്പോൾ പല്ലവി പ്രേക്ഷകരുടെ ഹൃദയത്തിലേക്ക് ആഴ്ന്നിറങ്ങും. പല്ലവിയായി പാർവതി ജീവിക്കുകയാണ്. നോട്ടം കൊണ്ടും തീരുമാനങ്ങൾ കൊണ്ടും ചെറിയ ചലനങ്ങൾ കൊണ്ടും പാർവതി ഞെട്ടിക്കുന്പോൾ ആരായാലും കൈയടിച്ച് പോകും.ഇത്തിരി കിറുക്കുള്ള ടൊവിനോ

കൈയിൽ കിട്ടുന്ന ഏത് കഥാപാത്രവും തന്‍റേതായ രീതിയിൽ ഗംഭീരമാക്കാറുള്ള ടൊവിനോ ഉയരെയിലും ആ പതിവ് തെറ്റിച്ചിട്ടില്ല. ഇത്തിരി കിറുക്കുള്ള തീരുമാനങ്ങൾ കൊണ്ടാണ് ടൊവിനോ പ്രേക്ഷക ശ്രദ്ധ നേടുന്നത്.

പല്ലവിയുടെ കുട്ടിക്കാലവും പൈലറ്റാകാനുള്ള മോഹവും അതിന് വേണ്ടിയുള്ള ശ്രമങ്ങളും നോണ്‍ലീനിയർ ആഖ്യാനരീതിയിലൂടെയാണ് സംവിധായകൻ പ്രേക്ഷകസമക്ഷം എത്തിച്ചിരിക്കുന്നത്. പ്രണയത്തിന്‍റെ ദോഷവശങ്ങൾ കൂടി ചർച്ച ചെയ്യുന്ന ചിത്രത്തിൽ ഒട്ടും ആലോചിക്കാതെ ഒരു നിമിഷം കൊണ്ടെടുക്കുന്ന തീരുമാനങ്ങൾ വരുത്തിവെയ്ക്കുന്ന വിനകൾ കൃത്യമായി കാട്ടിത്തരുന്നുണ്ട്.സിദ്ദിഖ് ഒരു രക്ഷയുമില്ല

ഒരൊറ്റ ഞെട്ടൽ കൊണ്ട് സിദ്ദിഖ് മനസിനെ വല്ലാണ്ട് ഉലയ്ക്കും. മകളെ സ്വപ്നങ്ങളിലേക്ക് പറക്കാൻ കൈത്താങ്ങാകുന്ന അച്ഛനായി ചിത്രത്തിൽ സിദ്ദിഖ് നിറഞ്ഞു നിൽക്കുകയാണ്. ഡയലോഗുകൾ കൊണ്ടുള്ള പിടിച്ചിരുത്തലിനപ്പുറത്ത് ചലനങ്ങൾ കൊണ്ട് പലയിടത്തും സിദ്ദിഖ് വാചാലനാകുന്നുണ്ട്.

കഥയ്ക്ക് ഉതങ്ങുന്നവിധം പശ്ചാത്തല സംഗീതമൊരുക്കി സിനിമ ചർച്ച ചെയ്യുന്ന വിഷയത്തെ തീവ്രമായി പ്രേക്ഷരിലേക്ക് എത്തിക്കാൻ ഗോപി സുന്ദറിനായിട്ടുണ്ട്. രണ്ടാം പകുതിയിൽ ഉടനീളം പല്ലവിയെ കാണുന്പോൾ സമൂഹത്തിന്‍റെ കാഴ്ചപ്പാടുകൾ മാറാനുള്ള സാധ്യത കൂടുതലാണ്. അതിന്‍റെ കാര്യ കാരണങ്ങളെല്ലാം നിങ്ങൾ തീയറ്ററിൽ പോയി തന്നെ കണ്ടറിയുക. മുകേഷ് മുരളീധരന്‍റെ കാമറ കണ്ണുകൾ ഉയരെയുടെ ഉയിരായി മാറിയപ്പോൾ മഹേഷ് നാരായണന്‍റെ എഡിറ്റിംഗ് ചിത്രത്തിന് കൂടുതൽ പകിട്ടേകി.

ഉയരെ നിങ്ങളുടെ മനസലിയിക്കും... ദേഷ്യത്തിന് പുറത്തെടുക്കുന്ന കടുത്ത തീരുമാനങ്ങൾ പലരുടെയും സ്വപ്നങ്ങളെ തല്ലികെടുത്തുന്നുണ്ടെന്ന് ഉയരെ അത്യുച്ചത്തിൽ പറയുന്പോൾ അത് കേൾക്കാതിരിക്കാൻ ഇന്നത്തെ സമൂഹത്തിന് കഴിയില്ലായെന്നതാണ് വാസ്തവം.

വി.ശ്രീകാന്ത്
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.