ഫാന്‍റസിയല്ല പാച്ചുവും അത്ഭുതവിളക്കും: അഖിൽ സത്യൻ
Tuesday, April 25, 2023 11:27 AM IST
സത്യന്‍ അന്തിക്കാടിന്‍റെ അസോസിയേറ്റ് ആയിരുന്ന മകന്‍ അഖില്‍ സത്യന്‍ ‘പാച്ചുവും അത്ഭുതവിളക്കും’ എന്ന ഫഹദ് സിനിമയിലൂടെ സംവിധായകനാകുന്നു.

‘കഥ തുടരുന്നു മുതല്‍ ഞാന്‍ പ്രകാശന്‍ വരെ അച്ഛനോടൊപ്പമുണ്ടായിരുന്നു. സിനിമ കൂടുതല്‍ അറിയുംതോറും ആദ്യസിനിമ ചെയ്യാൻ റെഡിയായിട്ടില്ല എന്ന തോന്നലായിരുന്നു. പെര്‍ഫക്ഷനിലെത്താനും ഡീറ്റയിലിംഗിനുമാവാം ഇത്രയും സമയമെടുത്തത്’ - അഖില്‍ പറഞ്ഞു.



അച്ഛന്‍റെ അസോസിയേറ്റ്

അച്ഛനെ അസിസ്റ്റ് ചെയ്തപ്പോഴാണ് ഞാന്‍ ഷൂട്ടിംഗ് നേരേചൊവ്വേ കണ്ടത്. അതിനുമുന്പ് സിനിമയുമായി തീരെ അടുപ്പിച്ചിരുന്നില്ല. പഠിത്തം പൂര്‍ത്തിയാക്കാനാണു പറഞ്ഞത്. നെപ്പോട്ടിസം അച്ഛനു താത്പര്യമില്ലായിരുന്നു. മണിരത്നം ഉൾപ്പെടെയുള്ളവരുടെ സിനിമകള്‍ കണ്ട് ഫിലിംമേക്കിംഗിന്‍റെ ക്രാഫ്റ്റിനോട് ഇഷ്ടം തുടങ്ങി.

അച്ഛന്‍റെ സിനിമകൾ ഹാപ്പിയായി എൻജോയ് ചെയ്തെങ്കിലും അവയുടെ മൂല്യം അന്ന് അറിയില്ല. പഠനം തീര്‍ന്നപ്പോള്‍ വിപ്രോയില്‍ ജോലി കിട്ടി. സിനിമതന്നെയാണു വഴി എന്നു തിരിച്ചറിഞ്ഞതോടെ മടങ്ങിവന്നു. ഞാന്‍ സംവിധാനം ചെയ്ത ദാറ്റ്സ് മൈ ബോയ് എന്ന ഡോക്യുമെന്‍ററിയിലൂടെ രാജ്യാന്തരപ്രശസ്തി ലഭിച്ചു. അവാര്‍ഡുകള്‍ നേടി. എന്‍റേതായ ഐഡന്‍റിറ്റിയുണ്ടായി. പിന്നെ, അച്ഛന്‍ എതിര്‍ത്തില്ല.



ഇന്ത്യന്‍ പ്രണയകഥയിലാണ് അച്ഛന്‍റെ പ്രധാന അസോസിയേറ്റായത്. ഞാന്‍ പ്രകാശന്‍ എനിക്കു ഫുള്‍ ഫ്രീഡം ലഭിച്ച സിനിമയാണ്. അച്ഛന്‍റെ അസോസിയേറ്റാവുക എന്നതു വലിയ ചലഞ്ചാണ്. കാരണം, ആ സ്പീഡിനും ചിന്തയ്ക്കും ഒപ്പമെത്തണം. ദീപു അന്തിക്കാട്, ഷിബു അന്തിക്കാട് എന്നിവർക്കൊപ്പം മുംബൈയില്‍ പരസ്യചിത്രങ്ങളിൽ പ്രവർത്തിച്ചതു പുതിയ സാങ്കേതിക അറിവുകൾ നേടാൻ സഹായകമായി.

ഫാമിലി സിനിമ ചെയ്താല്‍ അച്ഛന്‍റെ ഫോര്‍മാറ്റെന്ന് ആളുകള്‍ പറയും. അതിനാല്‍ ഫാമിലിക്കു പുറത്തു നടക്കുന്ന കഥ തേടി. മുംബൈയില്‍ ജോലി ചെയ്യുന്ന ഒരു മലയാളിയുടെ കഥയിലെത്തി. ഞാന്‍ പ്രകാശന്‍ ഷൂട്ട് ചെയ്യുന്പോള്‍ മനസില്‍ ഈ കഥയുണ്ട്. ആദ്യാവസാനമുള്ള രൂപത്തിലെത്താന്‍ നാലുവര്‍ഷമെടുത്തു. എഴുതിക്കഴിഞ്ഞു ലഭിച്ച ആത്മവിശ്വാസം വലുതായിരുന്നു.



പൂര്‍ത്തിയായ തിരക്കഥയാണ് അച്ഛനെ കാണിച്ചത്. അച്ഛന്‍ കഥയില്‍ ഇടപെട്ടില്ല. ഞങ്ങളുടെ ചിന്തകളില്‍ അച്ഛന്‍റെ ചിന്ത കലരാതിരിക്കാന്‍ ശ്രദ്ധിച്ചു. ഷൂട്ടിംഗ് കാണാന്‍പോലും വന്നിട്ടില്ല. പക്ഷേ, എനിക്കും അനൂപിനും അച്ഛനും ഇഷ്ടമുള്ള പാറ്റേണ്‍ ഒന്നാണ്. വളരെ സിംപിളായി തോന്നുന്ന ഇടങ്ങളില്‍നിന്ന് ഏറ്റവും രസകരമായ കഥ രൂപപ്പെടുത്തുന്ന രീതി. സിംപിള്‍ ഇമോഷനുകളില്‍നിന്നുണ്ടാകുന്ന ആവേശമുണർത്തുന്ന മുഹൂർത്തങ്ങൾ. അതു സൃഷ്ടിക്കാനാണു നോക്കിയത്.

ഇതു ഫാന്‍റസിയല്ല, റിയലിസ്റ്റിക് എന്‍റര്‍ടെയ്നറാണ്. പോസ്റ്ററിലോ ട്രെയിലറിലോ വെളിപ്പെടുത്താത്ത പ്രധാന ഇതിവൃത്തം സിനിമയിലുണ്ട്. അതിന് അത്ഭുതവിളക്കുമായി ആലങ്കാരിക ബന്ധമുണ്ട്. ഫീല്‍ഗുഡ് പടമാണെങ്കിലും മിസ്റ്ററി, ആക്ഷന്‍, റൊമാന്‍സ്, നര്‍മം, ഡീപ് ഇമോഷന്‍ എന്നിവയുള്ള സിനിമയാണിത്.



ഫഹദ് ഫാസില്‍

ഫഹദാണ് പാച്ചുവാകുന്നത്. ഒപ്പം വര്‍ക്ക് ചെയ്തവരില്‍ എനിക്ക് ഏറ്റവും കംഫര്‍ട്ടും കണക്ട് ചെയ്യാനാകുന്ന നടനും ഫഹദാണ്. അദ്ദേഹത്തിന്‍റെ ഹ്യൂമർ ഏരിയ ഇന്ത്യന്‍ പ്രണയകഥയിലും ഞാന്‍ പ്രകാശനിലും അച്ഛനാണ് അവതരിപ്പിച്ചത്. ഫഹദ് ചിരിച്ചു കാണാന്‍ എനിക്കും ഇഷ്ടമാണ്. പ്രേക്ഷകന്‍ എന്ന നിലയില്‍ എനിക്കിഷ്ടമുള്ള ഫഹദിനെയാണ് ഇതില്‍ കൊണ്ടുവരുന്നത്. നര്‍മബോധമുള്ള നടനാണ് ഫഹദ്.

കഥ കേട്ടയുടന്‍ എപ്പോള്‍ തുടങ്ങാമെന്ന ഫഹദിന്‍റെ ചോദ്യം ധൈര്യമേകി. ഡയറക്ടറുമായുള്ള സ്നേഹബന്ധം ഫഹദ് വളരെ പ്രധാനമായി കാണുന്നു. ഞങ്ങള്‍ക്കിടയിലെ സൗഹൃദം അതു ദൃഢമാക്കി. സെറ്റിൽ തമാശകള്‍ പറഞ്ഞ് സീന്‍ ചെയ്തു, ഷോട്ട് ഓകെയാക്കി. മുംബൈയിലും ഗോവയിലുമുള്ള ലൊക്കേഷനുകള്‍, മലയാളികളല്ലാത്ത ഒരു നിര ആക്ടേഴ്സും ക്രൂവും....അതൊക്കെ ഏർപ്പാടാക്കുന്നതായിരുന്നു ആയാസകരം.



വിജി വെങ്കിടേഷ്

പ്രധാന വേഷം ചെയ്തത് 71 വയസുള്ള മുംബൈ മലയാളി വിജി വെങ്കിടേഷ് എന്ന പുതുമുഖം. ഗായത്രി എന്ന കാസ്റ്റിംഗ് ഡയറക്ടറാണ് വിജിയെ കണ്ടെത്തിയത്. റിയല്‍ ലൈഫില്‍നിന്നു സ്മാര്‍ട്ടായ ഒരാള്‍ മതി, അഭിനയം നമുക്കു ശരിയാക്കാം എന്നു പറഞ്ഞിരുന്നു. പക്ഷേ, വന്നപ്പോള്‍ ഇതിനപ്പുറം ഒരാളില്ലെന്നു തോന്നി.

ഗൗതം മേനോന്‍റെ വെബ്സീരീസ് ക്വീനിലെ നായിക അഞ്ജന ജയപ്രകാശാണ് ഫഹദിന്‍റെ പെയര്‍. പതിനാലു വയസുള്ള മറാഠി കഥാപാത്രമായതു മജീദ് മജീദിയുടെ ബിയോണ്ട് ദ ക്ലൗഡ്സില്‍ വേഷമിട്ട കന്നട പെണ്‍കുട്ടി ധ്വനി. കാമറ ശരണ്‍ വേലായുധന്‍. സംഗീതം ജസ്റ്റിന്‍ പ്രഭാകരൻ. സിങ്ക് സൗണ്ടിലാണു സിനിമ ചെയ്തത്. അനിൽ രാധാകൃഷ്ണനാണ് സൗണ്ട് റെക്കോഡിസ്റ്റ്. കലാസംവിധാനം രാജീവന്‍. ഞാനാണ് എഡിറ്റിംഗ് ചെയ്തത്.



മുകേഷാണ് ഫഹദിന്‍റെ അച്ഛനായി അഭിനയിച്ചത്. ചെറുതാണെങ്കിലും ശ്രദ്ധിക്കപ്പെടുന്ന വേഷമാണ് ഇന്നസെന്‍റിന്‍റേത്. രണ്ടുപേരും ഫ്രീയായി നര്‍മത്തിലേക്കു പോയ സീനുകള്‍ ഇതിലുമുണ്ട്. ഇവര്‍ക്കൊപ്പം ഫഹദും ചേരുന്പോൾ രസകരമാണ്.

ഗോവയിലെ മലയാളി കഥാപാത്രമാണ് ഇന്ദ്രന്‍സിന്‍റേത്. ഫഹദിനുശേഷം പ്രധാന വേഷത്തിലെത്തുന്നതു വിനീത്. അദ്ദേഹത്തിന്‍റെ തിരിച്ചുവരവായിരിക്കും ഇതിലെ വേഷം.



ഈ സിനിമയില്‍ അച്ഛന്‍റെയും അനൂപിന്‍റെയും പടങ്ങളുടെ ഫ്ളേവറുമുണ്ടാവും. അതൊന്നും ബോധപൂര്‍വമല്ല, ഞങ്ങളുടെ ജീനിന്‍റെ കുഴപ്പമാണ്! ഞങ്ങള്‍ ഒരേ ചിന്താഗതിയുള്ളവരാണ്. അതിനപ്പുറം, ഇതില്‍ എന്‍റെ കയ്യൊപ്പ് കൊണ്ടുവരാനും ശ്രമിച്ചിട്ടുണ്ട്.

ടി.ജി. ബൈജുനാഥ്
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.