എടത്വ: കേന്ദ്ര യുവജനകാര്യ-കായിക മന്ത്രാലയത്തിന് കീഴിലുള്ള മേരാ യുവ ഭാരത് രാജ്യവ്യാപകമായി സംഘടിപ്പിക്കുന്ന നശാമുക്ത് യുവഫോര് വികസിത് ഭാരത് കാമ്പയിന്റെ ഭാഗമായി എടത്വ സെന്റ് അലോഷ്യസ് കോളജില്‍ വിപുലമായ ലഹരിവിരുദ്ധ ബോധവത്കരണ പരിപാടികള്‍ നടക്കും. ഇന്ന് രാവിലെ 9.30 മുതല്‍ ഉച്ചയ്ക്ക് ഒന്ന് വരെയാണ് പരിപാടി.
ലഹരിമുക്ത ഭാരതം കെട്ടിപ്പടുക്കുക എന്ന ലക്ഷ്യത്തോടെ പ്രധാനമന്ത്രി നരേന്ദ്ര മോദി 2026 ഓഗസ്റ്റ് രണ്ടിന് ഉദ്ഘാടനം ചെയ്ത 100 ആഴ്ച നീണ്ടുനില്‍ക്കുന്ന സങ്കല്‍പ്പ് അഭിയാന്റെ ഭാഗമായാണ് ക്യാമ്പയിന് സംഘടിപ്പിക്കുന്നത്. പ്രതിരോധം, സംരക്ഷണം, വീണ്ടെടുക്കൽ, നേതൃത്വം എന്നീ നാല് പ്രധാന തൂണുകളെ അടിസ്ഥാനമാക്കിയാണ് പരിപാടികള്‍ ആസൂത്രണം ചെയ്തിരിക്കുന്നത്. കോളജ് എന്‍എസ്എസ്, എന്‍സിസി, ആന്റി നാര്‍ക്കോട്ടിക്സ് സെല്‍ എന്നിവയുടെ സംയുക്താഭിമുഖ്യത്തിലാണ് പരിപാടി നടക്കുന്നത്.
എന്‍എസ്എസ് പ്രോഗ്രാം ഓഫീസര്‍ റാണി ജോര്‍ജ് പരിപാടിയുടെ നോഡല്‍ ഓഫീസറായിരിക്കും. പരിപാടിയുടെ ഭാഗമായി എന്‍എസ്എസ്, എന്‍സിസി വോളണ്ടിയര്‍മാരുടെ നേതൃത്വത്തില്‍ ലഹരിവിരുദ്ധ സന്ദേശമുയര്‍ത്തി ബോധവത്കരണ റാലി നടക്കും. തുടര്‍ന്ന് ലഹരിയുടെ ദൂഷ്യഫലങ്ങള്‍ ആസ്പദമാക്കി വിദ്യാര്‍ഥികള്‍ അവതരിപ്പിക്കുന്ന മൂകാഭിനയവും അരങ്ങേറും.
വിദ്യാര്‍ഥികളില്‍ ലക്ഷ്യബോധവും കായികക്ഷമതയും വളര്‍ത്തുന്നതിനായി മേക്ക് എ ഗോള്‍ എന്ന പേരില്‍ പ്രത്യേക കായിക മത്സരവും ലഹരിവിരുദ്ധ വിഷയങ്ങളെ ആസ്പദമാക്കി ക്വിസ് മത്സരവും സംഘടിപ്പിക്കും. വിദ്യാര്‍ഥികള്‍ ഒന്നിച്ച് ലഹരിവിരുദ്ധ പ്രതിജ്ഞ എടുക്കുന്നതോടെ പരിപാടികള്‍ സമാപിക്കും. മേരാ യുവ ഭാരത് പോര്‍ട്ടല്‍ വഴി രജിസ്റ്റര്‍ ചെയ്ത യുവതീയുവാക്കള്‍ക്ക് പരിപാടിയില്‍ പങ്കെടുക്കാവുന്നതാണ്.