ചാരുംമൂട്: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച കേസിൽ അറസ്റ്റിലായ പ്രതിയെ കോടതി റിമാൻഡ് ചെയ്തു. കുറത്തികാട് തെക്കേക്കര ചെറുകുന്നം മുറിയിൽ നടയിൽ വടക്കതിൽ വീട്ടിൽ അനന്തു (18) വിനെയാണ് മാവേലിക്കര ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതി റിമാൻഡ് ചെയ്തത് .
രണ്ടുവർഷമായി പെൺകുട്ടിയുമായി അടുപ്പം സ്ഥാപിച്ച പ്രതി പലതവണ പീഡിപ്പിച്ചതായാണ് പെൺകുട്ടിയുടെ മൊഴി. പെൺകുട്ടി നിലവിൽ ഗർഭിണിയാണെന്നും പൊലിസ് അറിയിച്ചു.
മറ്റൊരു പോക്സോ കേസിലും മോഷണക്കേസിലും പ്രതി ഉൾപ്പെട്ടിട്ടുണ്ടെന്ന് പൊലിസ് പറഞ്ഞു. മുൻ കേസുകളിൽ ഉൾപ്പെട്ട സമയത്ത് ഇയാൾക്ക് പ്രായപൂർത്തിയിരുന്നില്ല. ഒളിവിൽ പോകാൻ ശ്രമിക്കുന്നതിനിടെയാണ് പ്രതി പൊലിസിന്റെ പിടിയിലായത്. മാവേലിക്കര സിഐയുടെ ചുമതല വഹിക്കുന്ന ശ്രീജിത്തിന്റെ നേതൃത്വത്തിൽ കുറത്തികാട് എസ്എച്ച്ഒ സാന്റിനോ അനന്തകുമാറും സംഘവുമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.