മാങ്കാംകുഴി : തഴക്കര പഞ്ചായത്തിലെ കല്ലിമേൽ നൂറേക്കർ ജില്ലാ കൃഷിത്തോട്ടത്തിൽ കാട്ടുപന്നികളുടെ ശല്യം രൂക്ഷമാകുന്നു. കാട്ടുപന്നികളെ തുരത്തുന്നതിനായി അംഗീകൃത ഷൂട്ടർമാരുടെ സംഘം നാളെയെത്തും. കൃഷിയിടങ്ങളിലും ജനവാസ മേഖലകളിലും നാശനഷ്ടങ്ങളുണ്ടാക്കുന്ന കാട്ടുപന്നികളെ വെടിവെച്ചു കൊല്ലാൻ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങൾക്ക് സർക്കാർ അനുമതി നൽകിയിട്ടുണ്ട്.ഇതേ തുടർന്നാണ് ജില്ലാ കൃഷിത്തോട്ടത്തിലെ കാട്ടുപന്നികളെ തുരത്താൻ തഴക്കര പഞ്ചായത്ത് അനുമതി നൽകിയത്.
കാർഷിക വിളകൾ വ്യാപകമായി നശിപ്പിക്കുന്നതിനാൽ കൃഷിത്തോട്ടത്തിലെ വിളവെടുപ്പും പ്രതിസന്ധി സൃഷ്ടിക്കുകയാണ്. ജില്ലാ കൃഷിത്തോട്ടത്തിലെ കാട് പിടിച്ചുകിടക്കുന്ന പ്രദേശങ്ങൾ ഇപ്പോൾ കാട്ടുപന്നികളുടെ താവളമായി മാറിയിരിക്കുകയാണ്. സമീപത്തെ പിഐപി വക സ്ഥലങ്ങളും കാട് കയറിയതിനെ തുടർന്ന് ഇവിടെയും കാട്ടുപന്നികളുടെ താവളമാണ്.
തഴക്കര പഞ്ചായത്തിൽ കർഷകരെ കണ്ണീരിലാഴ്ത്തി കാട്ടുപന്നികളുടെ കൃഷിനാശം ഇപ്പോൾ അറുതിയില്ലാതെ തുടരുകയാണ്.അറുനൂറ്റിമംഗലം അഞ്ചുമൂലം പ്രദേശങ്ങളിലും കാട്ടുപന്നികൾ വ്യാപകമായി കൃഷി നശിപ്പിച്ചു .പഞ്ചായത്തിൽ ഇപ്പോൾ കാട്ടുപന്നികൾ കർഷകരുടെ ഉറക്കം കെടുത്തുകയാണ്.
കടം വാങ്ങിയും വായ്പ എടുത്തും വലിയ പ്രതീക്ഷകളോടെ കൃഷി ചെയ്ത കർഷകരുടെ കൃഷിയാണ് കാട്ടുപന്നികൾ വ്യാപകമായി നശിപ്പിക്കുന്നത് . രാത്രികാലങ്ങളിലിറങ്ങുന്ന പന്നിക്കൂട്ടങ്ങൾ മണിക്കൂറുകൾക്കുള്ളിൽ ഏക്കർ കണക്കിന് കൃഷിയാണ് നശിപ്പിച്ചു കളയുന്നത്.
വെട്ടിയാർ കോട്ടമുക്ക് വില്ലേജ് ഓഫീസിന് സമീപം വാഹനം ഇടിച്ച് കാട്ടുപന്നിയെ റോഡരുകിൽ ചത്തനിലയിൽ മുമ്പ് കണ്ടെത്തിയിരുന്നു . മേഖലയിലെ മറ്റുപഞ്ചായത്തുകളെ അപേക്ഷിച്ച് കാട്ടുപന്നിശല്യം പൊതുവേ തഴക്കര പഞ്ചായത്തിൽ കുറവായിരുന്നു. എന്നാൽ കുറേക്കാലമായി ജില്ലാ കൃഷിത്തോട്ടത്തിലും പഞ്ചായത്തിലെ വിവിധ പ്രദേശങ്ങളിലെ കൃഷിയി ടങ്ങളിലും കാട്ടുപന്നികൾ കാർഷിക വിളകൾ നശിപ്പിക്കുന്നത് പതിവായിരിക്കുകയാണ്