ചാരുംമൂട്: മധ്യതിരുവിതാംകൂറിലെ ഏറ്റവും വലിയ ജലസേചന കനാലായ കല്ലട ഇറിഗേഷൻ പദ്ധതിയുടെ കെഐപി കനാലും പരിസരപ്രദേശങ്ങളും കാട് കയറി ഇഴജന്തുക്കളുടെ താവളമാകുന്നു. കനാലിൽ എല്ലാവർഷവും നടത്താറുള്ള ശുചീകരണം കഴിഞ്ഞ അഞ്ചുവർഷമായി നിലച്ചതിനെതുടർന്നാണ് കനാൽ പ്രദേശം കാടായി മാറിയത്.
വന്യജീവികളുടെയും ഇഴ ജന്തുക്കളുടെയും ആവാസ കേന്ദ്രങ്ങളായി ഇവിടം മാറിയിരിക്കുകയാണ് . കൂടാതെ കാട് കയറിയ കനാൽ പ്രദേശങ്ങളിൽ മാലിന്യം തള്ളലും വർധിച്ചു. കനാൽ പ്രദേശങ്ങളിൽ പാഴ്ച്ചെടികളും മരങ്ങളും വളർന്ന് വനമേഖല പോലെയായി.
തെരുവു നായ്ക്കളും കാട്ടുപ്പന്നികളും മുള്ളൻപന്നി, കീരി എന്നിവയും കനാലിൽ താളവമാക്കിയിരിക്കുകയാണന്ന് നാട്ടുകാർ പറയുന്നു. കൊടുംവേനൽ ആരംഭിക്കുന്നതോടെ കൃഷിക്കും കുടിവെള്ളക്ഷാമത്തിനും പരിഹാരമാണ് കെഐപി കനാലിലെത്തുന്ന വെള്ളം.
എല്ലാ വർഷവും ജനുവരി ആദ്യവാരം കനാൽ തുറക്കും. നവംബർ, ഡിസംബർ മാസങ്ങളിൽ കനാൽ വൃത്തിയാക്കിയിരുന്നു. എന്നാൽ, അഞ്ചുവർഷമായി കനാൽ വൃത്തിയാക്കാത്തതിനാൽ മാലിന്യത്തിനിടയിലൂടെയാണ് വെള്ളം ഒഴുകിയെത്തുന്നത്. തൊഴിലുറപ്പു പദ്ധതിയിൽ ഉൾപ്പെടുത്തിയാണ് മുമ്പ് കനാൽ വൃത്തിയാക്കിയിരുന്നത്.
ഈ ജോലി തൊഴിലുറപ്പുപദ്ധതിയിൽനിന്നു കേന്ദ്രസർക്കാർ നീക്കിയതോടെയാണ്പ്രതിസന്ധി രൂക്ഷമായത്.
രാത്രിയുടെ മറവിൽ സാമൂഹ്യവിരുദ്ധർ വൻതോതിൽ മാലിന്യം തള്ളുന്നതും ഇപ്പോൾ പതിവാണ്. വെള്ളം ഒഴുകിയെത്തും മുമ്പേ ശുചീകരണം നടന്നില്ലങ്കിൽ കനാലിൽ തള്ളിയ മാലിന്യങ്ങൾ ജനവാസമേഖലയിൽ ആരോഗ്യപ്ര്രശ്നങ്ങൾ സൃഷ ്ടിക്കും.
അതിനാൽ കെഐപി കനാൽ അടിയന്തരമായി ശുചീകരിക്കണമെന്ന് നാട്ടുകാർ ആവശ്യപ്പെട്ടു.