ഹരിപ്പാട്: തന്റെ ജീവിതാനുഭവങ്ങൾ പകർത്തിവച്ച പുസ്തകം മറ്റൊരാളുടെ ജീവിതത്തിന് തണലായപ്പോൾ അത് സ്നേഹത്തിന്റെ പുതിയൊരു അധ്യായമായി.
ജീവകാരുണ്യ പ്രവർത്തകനും ഹരിപ്പാട് കരുതൽ ഉച്ചയൂണ് കൂട്ടായ്മ ചെയർമാനുമായ ഷാജി കെ. ഡേവിഡാണ് തന്റെ ആത്മകഥ വിറ്റുകിട്ടിയ വരുമാനം കൊണ്ട് ഭിന്നശേഷിക്കാരനായ യുവാവിന് ജീവിതമാർഗമൊരുക്കി മാതൃകയായത്. ക്ലാപ്പന സ്വദേശി അഭിജിത്തിനാണ് സഞ്ചരിക്കാനായി ഇലക്ട്രിക് വീൽചെയറും ഉപജീവനത്തിനായി ലോട്ടറി ടിക്കറ്റുകളും വാങ്ങി നൽകിയത്.
ഒരാഴ്ച മുൻപാണ് ഷാജി കെ. ഡേവിഡ് തന്റെ ആത്മകഥയായ മനഃസ്പർശം പുറത്തിറക്കിയത്. ഇതിനിടെയാണ് ഒരു സുഹൃത്ത് വഴി അഭിജിത്തിന്റെ ജീവിതാനുഭവത്തെക്കുറിച്ച് അറിഞ്ഞത്. തുടർന്ന്, പുസ്തകം വിറ്റുകിട്ടിയ പണത്തിൽനിന്ന് അഭിജിത്തിന് ഇലക്ട്രിക് വീൽചെയർ വാങ്ങി നൽകാൻ തീരുമാനിക്കുകയായിരുന്നു. കഴിഞ്ഞ ദിവസം അഭിജിത്തിന്റെ വീട്ടിലെത്തിയ ഷാജി കെ. ഡേവിഡ് വീൽചെയറും ലോട്ടറി ടിക്കറ്റുകളും കൈമാറി.
കരുതൽ ഉച്ചയൂണ് കൂട്ടായ്മ പ്രവർത്തകരായ ജോമോൻ, ജോസ് സാമുവൽ, നിതിൻ, ഹരികുമാർ, ആർ.കെ. സമുദ്ര, അജയൻ പയനിയർ, മനു ഭാസ്കർ എന്നിവരും പങ്കെടുത്തു.