തുറവൂർ: പള്ളിത്തോട് മുതൽ തൈക്കൽ വരെയുള്ള വിവിധ പ്രദേശങ്ങളിലെ കടൽഭിത്തി തകർന്നു. ഇരുപതിലധികം വർഷങ്ങളായി ഈ മേഖലയിലെ കടൽഭിത്തിയുടെ അറ്റകുറ്റപ്പണികൾ നടത്തിയിട്ട്.
കഴിഞ്ഞ വർഷമുണ്ടായ കടൽക്ഷോഭത്തിൽ നിലവിലുണ്ടായിരുന്നു കടൽഭിത്തി പലഭാഗങ്ങളിലും ഇടിഞ്ഞു താഴുകയും തകർന്നടിയുകയും ചെയ്തു. തുടർന്ന് പഞ്ചായത്തുകളുടെ നേതൃത്വത്തിൽ കടൽഭിത്തിക്ക് സമാന്തരമായി മണൽഭിത്തി നിർമിച്ചതുകൊണ്ടാണ് പല പ്രദേശങ്ങളിലും കടലാക്രമണം ചെറുക്കാൻ സാധിച്ചത്.
നിലവിൽ ഒറ്റമശേരി മേഖലയിൽ മാത്രമാണ് ടെട്രോപ്പടു കൊണ്ടള്ള കടൽഭിത്തി നിർമിച്ചുകൊണ്ടിരിക്കുന്നത്. ഇതും ഒച്ചിഴയും വേഗത്തിലാണ് നടക്കുന്നത്.
ചെല്ലാനം വരെയുള്ള ഭാഗങ്ങളിൽ ടെട്രോപ്പോഡ് ഉപയോഗിച്ചുള്ള കടൽഭിത്തി നിർമിക്കണമെന്നാണ് തീരദേശ ജനതയുടെ ആവശ്യം. കഴിഞ്ഞ കുറച്ചു വർഷങ്ങളായി മാറിമാറിവരുന്ന സർക്കാരുകൾ കടൽഭിത്തി നിർമാണത്തിന് ഫണ്ട് ബജറ്റിൽ ഉൾപ്പെടുത്തിയിട്ടുണ്ടെന്ന് പറയുമ്പോഴും ഇത് സംബന്ധിച്ച് യാതൊരുവിധ നടപടിയും ഉണ്ടാകുന്നില്ല എന്നതാണ് തീരദേശവാസികൾ പറയുന്നത്.
അന്ധകാരനഴിയിൽ ഉൾപ്പെടെ പുലിമുട്ട് നിർമിച്ചുകൊണ്ട് തീരദേശം സംരക്ഷിക്കുമെന്ന പ്രഖ്യാപിച്ചുവെങ്കിലും ഇതുസംബന്ധിച്ച് യാതൊരുവിധ നടപടികളും ഉണ്ടാവുന്നില്ല. അടുത്ത കാലവർഷത്തിനു മുൻപായി ചെല്ലാനം മുതൽ തൈക്കൽ വരെയുള്ള തകർന്നുകിടക്കുന്ന കടൽഭിത്തിയുടെ അറ്റകുറ്റപ്പണികൾ നടത്തി തീരദേശ ജനതയെ സംരക്ഷിക്കണമെന്ന ആവശ്യം ഉയരുന്നു.