ഹരിപ്പാട്: ചുണ്ടൻ വള്ളങ്ങൾ നാടിന്റെ ഐശ്വര്യവും കരക്കാരുടെ ആവേശവുമാണെന്ന് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല. ഒരു നാടിന്റെ സംസ്കാരത്തിന്റെ അടയാളം കൂടിയാണ് അവ. ചുണ്ടൻവള്ളങ്ങളുടെ നിർമാണത്തിന് കരക്കാർ സാമ്പത്തിക ബുദ്ധിമുട്ട് അനുഭവിക്കുന്ന സാഹചര്യത്തിൽ സാംസ്കാരിക, ടൂറിസം വകുപ്പുകളുടെ സഹായം ലഭ്യമാക്കാൻ ശ്രമിക്കുമെന്നും അദ്ദേഹം പറഞ്ഞു.
കരുവാറ്റ കരക്കാർ പുതുതായി നിർമിക്കുന്ന പുത്തൻചുണ്ടന്റെ ഉളികുത്തൽ കർമത്തോടനുബന്ധിച്ചുള്ള സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. നൂറുകണക്കിന് ജലോത്സവ പ്രേമികളുടെ ആർപ്പുവിളികളുടെയും വായ്ക്കുരവയുടെയും അകമ്പടിയോടെ നടന്ന ചടങ്ങിൽ രമേശ് ചെന്നിത്തലയുടെ സാന്നിധ്യത്തിൽ മുഖ്യശിൽപി കോഴിമുക്ക് സാബു നാരായണൻ ആശാരി ഉളികുത്തൽ കർമം നിർവഹിച്ചു.
നിർമാണ കമ്മിറ്റി ചെയർമാൻ കെ.കെ. സുരേന്ദ്രനാഥ് അധ്യക്ഷത വഹിച്ചു.
ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് വി.കെ. നാഥൻ, പഞ്ചായത്ത് പ്രസിഡന്റ് ശ്രീലേഖ മനു, ബ്ലോക്ക് പഞ്ചായത്തംഗം എം.എം. അനസലി എന്നിവർ നേതൃത്വം നൽകി. അടുത്ത നെഹ്റു ട്രോഫി വള്ളംകളിക്ക് മുൻപായി ചുണ്ടൻ നീറ്റിലിറക്കാനാണ് നിർമാണസമിതിയുടെ തീരുമാനം.