മാവേലിക്കര: എംഡിഎംഎ ഗുളികകൾ, മെത്താംഫിറ്റമിൻ, കഞ്ചാവ്, ഹൈബ്രിഡ് കഞ്ചാവ് എന്നിവയുമായി യുവാവിനെ മാവേലിക്കര എക്സൈസ് റേഞ്ച് സംഘം അറസ്റ്റ് ചെയ്തു. 21ന് വൈകുന്നേരം നാലിന് മാവേലിക്കര താലൂക്കിലെ കണ്ണമംഗലം വില്ലേജിൽ ഈരേഴു വടക്കുമുറിയിൽ തട്ടാരമ്പലം-ചെട്ടികുളങ്ങര റോഡിലെ ഷാപ്പുപടി ജംഗ്ഷനിൽനിന്ന് കണ്ടിയൂരിലേക്കു പോകുന്ന റോഡിൽ ഓടമ്പള്ളി വീടിന് സമീപം നടത്തിയ പരിശോധനയിലാണ് ഈരേഴു വടക്കുമുറി ഓടമ്പള്ളിൽ ജി. ജിതിൻ (29) പിടിയിലായത്.
6.11 ഗ്രാം ഹൈബ്രിഡ് കഞ്ചാവ്, 0.285 ഗ്രാം മെത്താംഫിറ്റമിൻ, 0.591 ഗ്രാം എംഡിഎംഎ ഗുളികകൾ എന്നിവ ഇയാളിൽനിന്നും കണ്ടെടുത്തു. മാവേലിക്കര റേഞ്ച് എക്സൈസ് ഇൻസ്പെക്ടർ വി. അരുൺകുമാറിന്റെ നേതൃത്വത്തിലുള്ള സംഘമാണ് പരിശോധന നടത്തിയത്. എറണാകുളത്ത് യൂബർ ടാക്സി ഓടിക്കുന്ന സമയത്താണ് പ്രതി മയക്കുമരുന്നുകൾ വാങ്ങിയിരുന്നതെന്നാണ് അന്വേഷണത്തിൽ വ്യക്തമായത്. ലഹരിമരുന്നിന്റെ ഉറവിടവും വിതരണശൃംഖലയും കണ്ടെത്തുന്നതിനുള്ള തുടർ അന്വേഷണം നടന്നുവരികയാണ്. പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.