കുണ്ടറ: മകൻ വിവാഹം കഴിച്ചതിന് പിതാവിനെ തട്ടിക്കൊണ്ടു പോയ കേസിൽ നാലു പേർ പിടിയിൽ. പൂയപ്പള്ളി കോട്ടയ്ക്ക വിളയിൽ ജോണിയെയാണ് നാലംഗ സംഘം കാറിൽ തട്ടിക്കൊണ്ടുപോയി മർദിച്ചത്. ജോണിയുടെ മകൻ ഒരു യുവതിയുമായി പ്രണയത്തിലായിരുന്നു. മൂന്നുമാസം മുൻപ് കോടതി ഉത്തരവ് പ്രകാരം വിവാഹിതരാവുകയും ചെയ്തു. കഴിഞ്ഞദിവസം യുവതിയുടെ അമ്മയുടെ സഹോദരന്റെ മകൻ അർജുൻ (29) വിദേശത്ത്നിന്നും രണ്ട് ദിവസം മുമ്പ് നാട്ടിലെത്തി.
തുടർന്ന് തന്റെ സുഹൃത്തുക്കളായ വിഷ്ണു (39 ), ആദർശ് (29), ആസിഫ് (27) എന്നിവരെയും കൂട്ടി കഴിഞ്ഞദിവസം രാത്രി പത്തരയോടെ വരന്റെ വീട്ടിലെത്തി പിതാവ് ജോണിയെ മർദിക്കുകയും ബലമായി കാറിൽ കയറ്റിക്കൊണ്ടു പോവുകയും ചെയ്തു.
വീട്ടുകാരുടെ നിലവിളി കേട്ട് ഓടിക്കൂടിയ നാട്ടുകാരാണ് ബന്ദിയാക്കി കാറിൽ കടത്തിക്കൊണ്ടുപോയ വിവരം പൊലിസിൽ അറിയിച്ചത്. തുടർന്ന് നൈറ്റ് പട്രോളിംഗ് നടത്തിയിരുന്ന പൊലിസ് സംഘം കാർ പിന്തുടർന്ന് പ്രതികളെ അറസ്റ്റ് ചെയ്തശേഷം ജോണിയെ രക്ഷപ്പെടുത്തി.സിഐ മനോജിന്റെ നിർദേശപ്രകാരം ക്രൈം എസ്ഐ എഫ്.ആർ. മനോജ്. ഗ്രേഡ് എസ്ഐ രമേശ്, സിപിഒ രജിത്ത് എന്നിവർ ചേർന്ന സംഘമാണ് പ്രതികളെ പിന്തുടർന്ന് പിടികൂടിയത്.