ഷൊർണൂർ: ആധുനിക സൗകര്യങ്ങളോടെ പുതിയ രൂപത്തിലേക്കു മാറുന്ന ഷൊർണൂർ റെയിൽവേ സ്റ്റേഷന്റെ തൊട്ടടുത്ത് ദുരിതമായി കെട്ടിക്കിടക്കുന്ന അഴുക്കുചാൽ മാലിന്യം.
പാർക്കിംഗ് ഏരിയയോട് ചേർന്നുള്ള ഓവുചാൽ ആരാണ് ശുചീകരിക്കേണ്ടത് എന്ന തർക്കത്തിലാണ് റെയിൽവേയും ഷൊർണൂർ നഗരസഭയും.
ഓവുചാൽ ശുചീകരിക്കേണ്ടത് നഗരസഭയുടെ ചുമതലയാണെന്നാണ് റെയിൽവേ അധികൃതരുടെ നിലപാട്. എന്നാൽ ഇതു സംബന്ധിച്ച് നഗരസഭ പറയുന്നത് ശുചികരണം റെയിൽവേ തന്നെ ചെയ്യണമെന്നാണ്. ഉത്തരവാദിത്തം ആർക്കെന്ന തർക്കം തുടരുമ്പോൾ ദുരിതം അനുഭവിക്കുന്നത് യാത്രക്കാരും സമീപവാസികളുമാണ്. കേരളത്തിലെ പ്രധാന റെയിൽവേ ജംഗ്ഷനുകളിലൊന്നാണ് ഷൊർണൂർ.
പ്രതിദിനം ആയിരക്കണക്കിന് യാത്രക്കാർ ഇവിടെ വന്നുപോകുന്നുണ്ട്. സ്റ്റേഷൻ വികസനത്തിൽ വലിയ മുന്നേറ്റമുണ്ടായിട്ടും അതിനോടുചേർന്ന ഓവുചാലിന്റെ പരിപാലനത്തിൽമാത്രം ഒരു മുന്നേറ്റവുമില്ലെന്നാണ് ആക്ഷേപം.
ശുചീകരിക്കാതെ കിടക്കുന്ന ഓവുചാലിൽ നിന്നുള്ള ദുർഗന്ധം പാർക്കിംഗ് ഏരിയയിൽ എത്തുന്ന യാത്രക്കാർക്ക് വലിയ ബുദ്ധിമുട്ടാണ്. കൊതുകുശല്യവും രൂക്ഷമാണ്. മഴക്കാലമായാൽ ഓവുചാൽ നിറഞ്ഞ് വെള്ളക്കെട്ടുണ്ടാകുമോ എന്ന ആശങ്കയും സമീപവാസികൾക്കുണ്ട്.
ഓവുചാൽ സ്ഥിതി ചെയ്യുന്നത് നഗരസഭയുടെ ഇരുപതാം വാർഡിന്റെ പരിധിയിലാണ്. അതുകൊണ്ടുതന്നെ ഈ വിഷയത്തിൽ ഇടപെടാതിരിക്കാൻ കഴിയില്ലെന്ന് വാർഡ് കൗൺസിലർ പറയുന്നു.
കൗൺസിലർ എന്ന നിലയിൽ വാർഡിലെ പൊതുജനപ്രശ്നങ്ങളിൽ ഇടപെട്ട് പരിഹാരം കാണാൻ ശ്രമിക്കുന്നത് തന്റെ ഉത്തരവാദിത്തമാണെന്നും അദ്ദേഹം വ്യക്തമാക്കി. ഇതുമായി ബന്ധപ്പെട്ട് നഗരസഭയ്ക്ക് ഔദ്യോഗികമായി പരാതിയും കത്തും നൽകിയിട്ടുണ്ട്. പരസ്പരം പഴിചാരുന്നത് നിർത്തി ബന്ധപ്പെട്ട രേഖകൾ പരിശോധിച്ച് പരിപാലന ചുമതല ആർക്കാണെന്ന് വ്യക്തത വരുത്തണം. അതിനുശേഷം അടിയന്തരമായി ശുചീകരണ നടപടി സ്വീകരിക്കണമെന്നാണ് നഗരസഭാംഗം ആവശ്യപ്പെടുന്നത്.