തൃപ്പൂണിത്തുറ: തൃപ്പൂണിത്തുറ നഗരസഭ അധികൃതർ സീൽ ചെയ്തിരുന്ന ഹോട്ടലിന്റെ പൂട്ട് തകർത്ത് അകത്ത് കയറി 20 ലക്ഷം രൂപയുടെ സാധന സാമഗ്രികൾ കടത്തിയതായി പരാതി. ഇരുമ്പനം സീപോർട്ട്-എയർപോർട്ട് റോഡിലുള്ള എടിഎഫ് അരമന ഹോട്ടലിൽ നിന്നും അടുക്കള സാമഗ്രികളുൾപ്പെടെയുള്ള സാധനങ്ങൾ മോഷ്ടിച്ച് കടത്തിയതായാണ് കെട്ടിട ഉടമ പരാതി നൽകിയത്.
കെട്ടിടത്തിൽ ഹോട്ടൽ നടത്തിയിരുന്ന വടക്കൻ പറവൂർ സ്വദേശിക്കെതിരെയാണ് പരാതി. നികുതിയും മറ്റ് കുടിശികകളും അടയ്ക്കാത്തതിനെ തുടർന്ന് നഗരസഭ അധികൃതർ സീൽ ചെയ്തിരുന്ന കെട്ടിടത്തിൽ കഴിഞ്ഞ ഏപ്രിൽ ആറിന് വൈകിട്ട് പൂട്ട് തകർത്ത് അകത്ത് കയറി ഹോട്ടലിലെ ഉപകരണങ്ങളും മറ്റ് സാധന സാമഗ്രികളും കടത്തിക്കൊണ്ടു പോയെന്നാണ് പരാതിയിൽ പറയുന്നത്. തൃപ്പൂണിത്തുറ ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേട്ട് കോടതിയിൽ നൽകിയ പരാതിയിലാണ് ഹിൽപാലസ് പൊലിസ് കേസെടുത്തത്.