അടൂർ : എംസി റോഡിൽ രണ്ട് വ്യത്യസ്ത അപകടങ്ങളിൽ ഒന്പതു പേർക്ക് പരിക്ക്. ബുധനാഴ്ച 2.30ന് വടക്കടത്തുകാവിൽ കെഎസ്ആർടിസി ബസും ഓട്ടോറിക്ഷയും കൂട്ടിയിടിച്ചാണ് ആദ്യ അപകടമുണ്ടായത്. ഇതിൽ ഒട്ടോറിക്ഷാ ഡ്രൈവർ വടക്കടത്തുകാവ് കടുവിങ്കൽ വടക്കേതിൽ പ്രകാശിന് പരിക്കേറ്റു.
വൈകുന്നേരം നാലിന് എംസി റോഡിൽ പുതുശേരി ഭാഗം ജംഗ്ഷനു സമീപം മൂന്നു കാറുകൾ കൂട്ടിയിടിച്ചു. ഇതിൽ ഒരു കുടുംബത്തിലെ ആറുപേരടക്കം എട്ട് പേർക്കാണ് പരിക്കേറ്റത്. ചെങ്ങന്നൂർ കൊല്ലകടവ് തൈവിളയിൽ എം.ഷാജി (62), എഫ്. ഹസ (6), എഫ്. ഹാഷിദ (13), എഫ്.ഹൻസ (5), എഫ്.ആമി ഫാത്തിമ (21), എഫ്.ഖദീജ (5), തമിഴ്നാട് തെങ്കാശി സ്വദേശി പി.സെൽവം (57), അടൂർ കളരിക്കൽ പുത്തൻപുരയിൽ ഷിയാസ്(44) എന്നിവർക്കാണ് പരിക്കേറ്റത്. ഏനാത്ത് ഭാഗത്തുനിന്ന് അടൂർ ഭാഗത്തേക്കുവന്ന കാർ മറ്റൊരു വാഹത്തെ മറികടക്കുമ്പോൾ അടൂർ ഭാഗത്തുനിന്നുവന്ന കാറിൽ ആദ്യം ഇടിച്ചു. തുടർന്ന് നിയന്ത്രണം വിട്ട് മറ്റൊരു കാറിലും ഇടിക്കുകയായിരുന്നു. പരിക്കേറ്റവരെ അടൂരിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.