ശബരിമല: ശബരിമലയിൽ മണ്ഡലകാല തീർഥാടനം സുഗമമാക്കാൻ ക്രമീകരണങ്ങൾ. വെർച്വൽ ക്യൂവിലൂടെയുള്ള പ്രതിദിന ബുക്കിംഗ് 60000 ആയി നിജപ്പെടുത്തി. സ്പോട്ട് ബുക്കിംഗ് 14000 പേർക്കാണ്. തിരക്ക് വർധിക്കുന്നതിനനുസരിച്ച് ഇതിനു മാറ്റമുണ്ടാകുമെന്ന് ദേവസ്വം മന്ത്രി കെ. മുരളീധരൻ അറിയിച്ചു. മിനിറ്റിൽ 65 - 70 പേരെ പതിനെട്ടാംപടി കയറ്റിവിടാമെന്ന പ്രതീക്ഷയാണ് ഇപ്പോഴുള്ളത്. വൃശ്ചികപ്പുലരിയിൽ ശബരിമലയിൽ എത്തിയ എല്ലാവർക്കും സുഖദർശനം സാധ്യമായെന്ന് മന്ത്രിയും ദേവസ്വം ബോർഡ് പ്രസിഡന്റ് കെ. ജയകുമാറും പറഞ്ഞു.
പൊലിസിന്റെ കർശന സുരക്ഷാ ക്രമീകരണവും തിരക്ക് നിയന്ത്രണ സംവിധാനങ്ങളും ശബരിമലയിൽ ഏർപ്പെടുത്തിയിട്ടുണ്ട്. തിരക്ക് നിയന്ത്രണത്തിൽ പരിചയ സന്പന്നരായ ഉദ്യോഗസ്ഥരെയാണ് പ്രധാന കേന്ദ്രങ്ങളിൽ നിയോഗിച്ചിട്ടുള്ളത്. തിരക്ക് വർധിക്കുന്നതിനനുസരിച്ച് രൂപപ്പെടുന്ന ക്യൂവിൽ നിൽക്കുന്ന അയ്യപ്പഭക്തർക്ക് കുടിവെള്ളവും ബിസ്കറ്റും ഉറപ്പാക്കും.
ശുചീകരണ തൊഴിലാളികളുടെ സേവനം എല്ലായിടങ്ങളിലും ഉറപ്പാക്കിയിട്ടുണ്ട്. കൃത്യമായ ഇടവേളകളിൽ മാലിന്യനീക്കം നടക്കുന്നുണ്ട് എന്ന് ഉറപ്പാക്കാൻ സെക്ടർ തിരിച്ച് ഉദ്യോഗസ്ഥർക്ക് ചുമതല നൽകിയിട്ടുണ്ടെന്നും ഇന്നലെ ചേർന്ന അവലോകന യോഗത്തിൽ വ്യക്തമാക്കപ്പെട്ടു.
പ്രധാന കേന്ദ്രങ്ങളില്‍ വിപുലമായ ചികിത്സാസൗകര്യങ്ങള്‍
നിലയ്ക്കൽ, പമ്പ, സന്നിധാനം എന്നിവിടങ്ങളില്‍ ജനുവരി 21 വരെ പ്രവര്‍ത്തിക്കുന്ന ആശുപത്രികളിലായി 63 കിടക്കകളും 14 ഐസിയു കിടക്കകളും സജ്ജീകരിച്ചിട്ടുണ്ട്. ഓപ്പറേഷന് തീയറ്റർ, ലബോറട്ടറി, വെന്റിലേറ്റര്‍ തുടങ്ങിയ സൗകര്യങ്ങളും ക്രമീകരിച്ചു. ജനുവരി 21 വരെ നീലിമല, അപ്പാച്ചിമേട് എന്നിവിടങ്ങളില്‍ പ്രവര്‍ത്തിക്കുന്ന കാര്‍ഡിയോളജി കേന്ദ്രങ്ങളില്‍ ഹൃദയസംബന്ധമായ അടിയന്തര ചികിത്സയ്ക്കുള്ള സൗകര്യങ്ങളും വെന്റിലേറ്ററുകളും സജ്ജമാക്കി.
കോന്നി മെഡിക്കല്‍ കോളജില്‍ 30 ഓക്സിജന്‍ കിടക്കകളുള്ള പ്രത്യേക ശബരിമല വാര്‍ഡും ഐസിയു, വെന്റിലേറ്റര്‍ സൗകര്യങ്ങളും ഒരുക്കിയിട്ടുണ്ട്. ഇതിനു പുറമേ പത്തനംതിട്ട ജനറല്‍ ആശുപത്രി, കോഴഞ്ചേരി ജില്ലാ ആശുപത്രി, അടൂര്‍ ജനറല്‍ ആശുപത്രി, റാന്നി, തിരുവല്ല താലൂക്ക് ആശുപത്രികള്‍ എന്നിവിടങ്ങളിലും തീർഥാടകര്‍ക്കുള്ള വിദഗ്ധ ചികിത്സാ സൗകര്യങ്ങള്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്.
സ്വാസ്ഥ്യം ശരണം പദ്ധതി
ആരോഗ്യവകുപ്പിന്റെ നേതൃത്വത്തിൽ സുഗമമായ തീർഥാടനത്തിനായി സ്വാസ്ഥ്യം ശരണം പദ്ധതി നടപ്പാക്കിവരുന്നു. അഞ്ച് അലോപ്പതി ആശുപത്രികളും 24 എമർജൻസി മെഡിക്കൽ സെന്ററുകളും പമ്പ മുതൽ സന്നിധാനം വരെയായി സജ്ജീകരിച്ചിട്ടുണ്ട്.
അഞ്ച് കാർഡിയോളോജിസ്റ്റുകൾ ഉൾപ്പടെ 35 ഡോക്ടർമാരുടെ സേവനം ഉറപ്പാക്കി. അടിയന്തര സാഹചര്യം മുൻനിർത്തി എല്ലാവിധ മരുന്നുകളും സ്റ്റോക്ക് ചെയ്തിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു. എമർജൻസി മെഡിക്കൽ സെന്ററുകളിൽ പതിവിൽ നിന്ന് വിപരീതമായി പരിശീലനം ലഭിച്ച നഴ്സിംഗ് സ്റ്റാഫിനെയാണ് നിയോഗിച്ചിട്ടുള്ളത്.
ഇതിനു പുറമേ മൂന്ന് ഹെൽത്ത് ഇൻസ്പെക്ടർമാർ,ഡിസ്ട്രിക്ട് വെക്ടർ കൺട്രോൾ യൂണിറ്റ്,സ്റ്റേറ്റ് എന്ററെമോളജി യൂണിറ്റ് എന്നിവയുടെ സേവനവും ഉറപ്പാക്കിയിട്ടുണ്ട്്. നാല് തെറാപ്പിസ്റ്റുകളുടെ സേവനം ഉൾപ്പടെ 24 മണിക്കൂറും പ്രവർത്തിക്കുന്ന ആയുർവേദ വിഭാഗവും ഹോമിയോപ്പതി വിഭാഗവും പ്രവർത്തന സജ്ജമാണ്.
തടസമില്ലാതെ കുടിവെള്ളം, വൈദ്യുതി
തടസരഹിതമായി കുടിവെള്ളവും വൈദ്യുതിയും ഉറപ്പക്കാൻ ഉദ്യോഗസ്ഥരോട് പ്രത്യേകം നിർദേശിച്ചിട്ടുണ്ടെന്ന് മന്ത്രി മുരളീധരൻ പറഞ്ഞു. ഏതെങ്കിലും വിധത്തിൽ തടസങ്ങൾ മനഃപൂർവം ആരെങ്കിലും സൃഷ്ടിച്ചാൽ കർശന നടപടി സ്വീകരിക്കും. വന്യജീ സംഘർഷം ഒഴിവാക്കുവാൻ വേണ്ട നടപടികൾ സ്വീകരിച്ചിട്ടുണ്ട് . ആന്റി വെനം, ഇൻക്വിലൈസർ എന്നിവ കൃത്യമായി സ്റ്റോക് ചെയ്തിട്ടുണ്ട്. ഹെൽത്ത് കാർഡുകൾ ഇത്തവണ കൃത്യമായി വിതരണം ചെയ്യും. 210 കാർഡുകൾ ഇതിനോടകം വിതരണം ചെയ്തു. പമ്പയിൽ ഭക്തർക്കായി 15 ആംബുലൻസുകളും നിലയ്ക്കലിൽ 10 ആംബുലൻസുകളും സജ്ജമാണ്. മണ്ഡലകാലം മുഴുവൻ പരാതിരഹിതമായ പ്രവർത്തങ്ങൾ നടത്തുവാൻ എല്ലാ വകുപ്പുകളുടെയും ഏകോപനം ഉണ്ടാകണമെന്നും അദ്ദേഹം പറഞ്ഞു.
പമ്പയിൽ വസ്ത്രം ഉപേക്ഷിക്കരുത്
പമ്പയിൽ കുളിക്കുന്ന അയ്യപ്പഭക്തർ കുളിച്ച ശേഷം വസ്ത്രം പുഴയിൽ ഉപേക്ഷിക്കുന്ന രീതി വീണ്ടും തുടരുകയാണെന്നും ഇത് കർശനമായി നിരുത്സാഹപ്പെടുത്തേണ്ടതാണെന്നും ദേവസ്വം പ്രസിഡന്റ് കെ.ജയകുമാർ പറഞ്ഞു. ഇവിടെ വസ്ത്രങ്ങൾ നീക്കം ചെയ്യുന്നതിന് വെള്ളത്തിൽ ഇറങ്ങാൻ സന്നദ്ധരായ ആളുകളെ കൂടുതൽ നിയോഗിക്കും. മൂന്നു മണിക്കൂർ കൂടുമ്പോഴെങ്കിലും മാലിന്യം നീക്കം ചെയ്യാൻ നടപടി സ്വീകരിക്കണമെന്ന് അദ്ദേഹം നിർദേശിച്ചു.
അന്നദാനം നടക്കുന്ന ഇടങ്ങളിൽ സിസിടിവി വയ്ക്കുമെന്നും ദേവസ്വം ബോർഡ് പ്രസിഡന്റ് പറഞ്ഞു. ദേവസ്വം ബോർഡ് പ്രസിഡന്റ് കെ.ജയകുമാർ, കെ.യു.ജനീഷ് കുമാർ എംഎൽഎ, ദേവസ്വം ബോർഡ് മെംർമാരായ കെ.രാജു, പി.ഡി.സന്തോഷ് കുമാർ, എഡിജിപി പി.വിജയൻ, സന്നിധാനം സ്പെഷ്യൽ ഓഫിസർ ജി. ജയദേവ് ,ശബരിമല എഡിഎം ദിലീപ് കെ.കൈനക്കര, എക്സിക്യൂട്ടീവ് ഓഫിസർ പി.എസ്. ശാന്തകുമാർ ,വിവിധ വകുപ്പുകളിലെ ഉദ്യോഗസ്ഥർ തുടങ്ങിയവർ പങ്കെടുത്തു.
സന്നിധാനത്ത് മീഡിയ സെന്റർ
ശബരിമല മണ്ഡല-മകരവിളക്ക് മഹോത്സവത്തിന്റെ ഭാഗമായി വിവര പൊതുജന സമ്പർക്ക വകുപ്പ് സന്നിധാനത്ത് ആരംഭിച്ച മീഡിയ സെന്റർ മന്ത്രി കെ.മുരളീധരൻ ഉദ്ഘാടനം ചെയ്തു. ശബരിമല എഡിഎം ദിലീപ് കെ.കൈനക്കര, പിആർഡി ഇൻഫർമേഷൻ ഓഫിസർ കെ.എസ്.സുമേഷ് തുടങ്ങിയവർ സന്നിഹിതരായിരുന്നു.