കോഴഞ്ചേരി: സൗന്ദര്യ സംരക്ഷണത്തിന്റെ പേരില്‍ ബ്യൂട്ടിപാര്‍ലറുകളെയും സ്പാ സെന്ററുകളെയും ആശ്രയിക്കുന്നവരുടെ എണ്ണം കൂടുമ്പോള്‍ ഫെയര്‍നെസ് ക്രീമുകളുടെ ഗുണനിലവാരവും സുരക്ഷയും സംബന്ധിച്ച് ആശങ്ക ഉയരുന്നു. ജില്ലയിലെ പ്രധാന ടൗണുകളായ തിരുവല്ല, അടൂര്‍, കോന്നി, കോഴഞ്ചേരി തുടങ്ങിയ പ്രദേശങ്ങളിൽ ചര്‍മത്തിന് നിറം വർധിപ്പിക്കാനും മുഖത്തെ കറുത്ത പാടുകളും നിറവ്യത്യാസങ്ങളും മാറ്റാനുമായി ചില ബ്യൂട്ടി പാർലറുകളിൽ വന്‍തോതില്‍ ക്രീമുകള്‍ ഉപയോഗിക്കുന്നുണ്ടെന്നാണ് ലഭ്യമായ വിവരം. ഇതിനായി വന്‍തുകകളാണ് പാര്‍ലറുകള്‍ വാങ്ങുന്നത്.
എന്നാല്‍ ഈ ക്രീമുകളില്‍ എന്തെല്ലാം ചേരുവകളാണ് അടങ്ങിയിട്ടുള്ളതെന്നോ ഇത് നിർമിച്ചത് ആരാണെന്നോ ഉപഭോക്താക്കള്‍ക്ക് വ്യക്തമായ ധാരണയില്ല. ഇത്തരം ക്രീമുകൾ പൊതുവിപണിയില്‍ ലഭ്യമല്ലാത്തതാണ് ഏറെ സംശയം ഉളവാക്കുന്നത്. ഇന്ത്യയിലെ കമ്പനികള്‍ നിർമിച്ച ക്രീമുകള്‍ അല്ല പാര്‍ലറുകളിൽ ഉപയോഗിക്കുന്നത്. ഇതുകൊണ്ടുതന്നെ ഇതിന്റെ ശാസ്ത്രീയതയെ സംബന്ധിച്ച് ആര്‍ക്കും ഒരറിവുമില്ല. ക്രീമുകളുടെ നിർമാതാക്കള്‍, ഉത്പാദനസ്ഥലം, ഗുണനിലവാര പരിശോധന, സര്‍ക്കാര്‍ ഏജന്‍സികളുടെ അംഗീകാരം തുടങ്ങിയവയെപ്പറ്റി വ്യക്തമായ വിവരം ഉപഭോക്താക്കള്‍ക്ക് ലഭ്യമാക്കേണ്ടതാണ്. സൗന്ദര്യവര്‍ധനയുടെ വാഗ്ദാനത്തില്‍ ആകൃഷ്ടരായി പല നാട്ടുചികിത്സകളും സ്വീകരിക്കുന്നവര്‍ക്കും യഥാര്‍ഥ ഗുണനിലവാരത്തെക്കുറിച്ച് വ്യക്തമായ അറിവില്ല.
മെര്‍ക്കുറി, ഹൈഡ്രോക്വിനോന്‍ തുടങ്ങിയ ഘടകങ്ങള്‍ മുഖം വെളുപ്പിക്കുന്ന ക്രീമുകളില്‍ കണ്ടെത്തിയിട്ടുണ്ട്. ഇവയുടെ അനിയന്ത്രിതമായ ഉപയോഗം അലര്ജിയോടൊപ്പം നാഡീവ്യവസ്ഥയെയും വൃക്കകളെയും ഗുരുതരമായി ബാധിക്കുമെന്നും ചെയ്യുമെന്ന് ആരോഗ്യവിദഗ്ധര്‍ പറയുന്നു. ജില്ലയിലെ ബ്യൂട്ടി പാര്‍ലറുകളില്‍ ഉപയോഗിക്കുന്ന ക്രീമുകളില്‍ ഇത്തരം ഘടകങ്ങള്‍ ഉണ്ടെന്ന് ശാസ്ത്രീയമായ പരിശോധനയിലൂടെ സ്ഥിരീകരിച്ചിട്ടില്ല. സൗന്ദര്യവർധക വസ്തുക്കള്‍ നിർമിക്കാന്‍ സംസ്ഥാന ലൈസന്‍സിംഗ് അഥോറിറ്റിയുടെ അനുമതി ആവശ്യമാണ്.
വിദേശരാജ്യങ്ങളില്‍ നിന്നും ഇറക്കുമതി ചെയ്യുന്ന പലതരം ക്രീമുകളും ഒരു പരിശോധനയ്ക്കും വിധേയമാക്കാതെയാണ് പാര്‍ലറുകളില്‍ എത്തുന്നത്. സൗന്ദര്യവർധനവിന് അജ്ഞാത ഉത്പന്നങ്ങളുടെ വിപണനം നടക്കുന്നുണ്ടെങ്കില്‍ അത് തടയാനുള്ള നടപടികള്‍ സര്‍ക്കാരിന്റെ ഭാഗത്തുനിന്നും ഉണ്ടാകണം.
പരിശോധനകൾ വേണം
ചര്‍മരോഗവിദഗ്ധര്‍ അംഗീകരിക്കാത്ത വിവിധതരം സൗന്ദര്യവർധകവസ്തുക്കള്‍ ഗുരുതരമായ ദോഷഫലങ്ങള്‍ ശരീരത്തിനുണ്ടാക്കുമെന്നിരിക്കെ സമൂഹമാധ്യമങ്ങളില്‍ വരുന്ന പരസ്യത്തിന്റെ അടിസ്ഥാനത്തില്‍ ഇവ ഉപയോഗിക്കുന്നത് വെളുക്കാന്‍ തേച്ചത് പാണ്ടാകും എന്ന അവസ്ഥ ഉണ്ടാക്കും. പ്രകൃതിദത്തമായ ഉത്പന്നങ്ങള്‍ ഇന്ന് വിരലിലെണ്ണാവുന്നവര്‍ മാത്രമാണ് ഉപയോഗിക്കുന്നത്. അനാരോഗ്യകരമായതും സോഷ്യല്‍മീഡിയയിലൂടെ വൈറലാകുന്നതുമായ ചികിത്സാവിധികളെക്കുറിച്ചും അവിടെ ഉപയോഗിക്കുന്ന വസ്തുക്കളെക്കുറിച്ചും ആരോഗ്യവകുപ്പ് പരിശോധനകള്‍ നടത്തി നടപടികള്‍ സ്വീകരിക്കേണ്ടത് അത്യാവശ്യമാണ്.
സ്റ്റെല്ലാ തോമസ്, ജില്ലാ പഞ്ചായത്ത്, മെംബര്‍, ഇലന്തൂര്‍ ഡിവിഷന്
ഓൺലൈൻ മരുന്ന്, സൗന്ദര്യവർധക ഉത്പന്ന വില്പന നിയന്ത്രിക്കണം: സെപാക്
പത്തനംതിട്ട: മരുന്നുകളുടെയും സൗന്ദര്യവർധക ഉത്പന്നങ്ങളുടെയും ഓൺലൈൻ വില്പനയും സോഷ്യൽ മീഡിയ വഴിയുള്ള പ്രചാരണങ്ങളും നിയന്ത്രിക്കണമെന്ന് ആവശ്യപ്പെട്ട് സെൽഫ് എംപ്ലോയ്ഡ് ഫാർമസിസ്റ്റ്സ് അസോസിയേഷൻ ഓഫ് കേരള (സെപാക്) ആരോഗ്യ മന്ത്രിക്ക് നിവേദനം നൽകി.
സൗന്ദര്യവർധക ഉത്പന്നങ്ങളുടെ വിപണനവുമായി ബന്ധപ്പെട്ട് ഉയർന്ന ആശങ്കകളുടെ പശ്ചാത്തലത്തിലാണ് സെൽഫ് എംപ്ലോയ്ഡ് ഫാർമസിസ്റ്റ്സ് അസോസിയേഷൻ ഓഫ് കേരള നിവേദനം സമർപ്പിച്ചത്.
ഓൺലൈനിൽ വിൽക്കുന്ന മരുന്നുകളുടെയും സൗന്ദര്യവർധക ഉത്പ്നങ്ങളുടെയും ഗുണനിലവാരം, സുരക്ഷ, നിയമപരമായ അംഗീകാരം എന്നിവ ഉറപ്പാക്കണമെന്നും ആവശ്യമായ അനുമതികളില്ലാത്ത ഉത്പന്നങ്ങളുടെ വില്പന തടയണമെന്നും നിവേദനത്തിൽ ചൂണ്ടിക്കാട്ടി.
സോഷ്യൽ മീഡിയകളിൽ നടത്തുന്ന പണമടച്ചുള്ള പരസ്യങ്ങൾക്കും തെറ്റിധരിപ്പിക്കുന്ന പ്രചാരണങ്ങൾക്കും നിയന്ത്രണം ഏർപ്പെടുത്തണം. ഓൺലൈൻ വ്യാപാരത്തിനും ഫാർമസികൾക്ക് ബാധകമായതുപോലെ നിയമപരമായ മാനദണ്ഡങ്ങൾ ഉറപ്പാക്കുകയും ഡ്രഗ്സ് കൺട്രോൾ വകുപ്പിന്റെ പരിശോധന ശക്തമാക്കുകയും വേണമെന്നും സെൽഫ് എംപ്ലോയ്ഡ് ഫാർമസിസ്റ്റ്സ് അസോസിയേഷൻ ഓഫ് കേരള പ്രസിഡന്റ് ജിജി ടി. ജേക്കബ്, ജനറൽ സെക്രട്ടറി റിന്റു ചാമ കട്ടപ്പന, ജനറൽ കൺവീനർ അജു സാം ഫിലിപ്പ് എന്നിവർ ആവശ്യപ്പെട്ടു.