നിലന്പൂർ: ചാലിയാർ പഞ്ചായത്തിലെ കർഷകരുടെ കൃഷിയിടങ്ങളിൽ നാശം വിതച്ച് കാട്ടാനകൾ. മൂലേപ്പാടം തറമുറ്റം നിവാസികൾ ഭീതിയിൽ. മൂലേപ്പാടം തറമുറ്റത്ത് സോളാർ വൈദ്യുതവേലി, മരം മറിച്ചിട്ട് നശിപ്പിച്ച ശേഷം കാട്ടാന വ്യാപകമായി കൃഷി നശിപ്പിച്ചു. അപകടകാരിയായ മോഴയാനയാണ് നാടിനെ ഭീതിയിലാഴ്ത്തുന്നത്.
എടവണ്ണ കുണ്ടുതോട് സ്വദേശി മുരളീധരന്റെ മൂലേപ്പാടത്തെ കൃഷിയിടത്തിലാണ് ഇന്നലെ പുലർച്ചെ സോളാർ വൈദ്യുത വേലി, മരം മറച്ചിട്ട് തകർത്ത ശേഷം തെങ്ങിൻതോട്ടത്തിൽ വൻതോതിൽമോഴയാന നാശം വിതച്ചത്. നിറയെ നാളികേരമുള്ള 11 തെങ്ങുകൾ ചുവടോടെ മറച്ചിട്ട് നശിപ്പിച്ച ശേഷമാണ് മോഴയാന നിലന്പൂർ - നായാടംപൊയിൽ മലയോര ഹൈവേ മുറിച്ചുകടന്ന് കുറുവൻപുഴയോടു ചേർന്നുള്ള മലോടി വനഭാഗത്തേക്ക് കയറിപ്പോയത്.
മുരളീധരന്റെ കൃഷിയിടത്തിൽ കഴിഞ്ഞയാഴ്ച 27 തെങ്ങുകൾ കാട്ടാന നശിപ്പിച്ചിരുന്നു. കഴിഞ്ഞ നവംബറിൽ അരയാട് എസ്റ്റേറ്റിൽ ഇതരസംസ്ഥാന തൊഴിലാളിയെ ആക്രമിച്ച് കൊലപ്പെടുത്തിയത് ഈ മോഴയാനയാണ്. ഈ വർഷം രണ്ടാളെ ആക്രമിച്ചിരുന്നു.
നൂറിലധികം കുടുംബങ്ങളുള്ള മൂലേപ്പാടം തറമുറ്റം ഭാഗങ്ങളിലാണ് മോഴയാനയുടെ വിളയാട്ടം.
അപകടകാരിയായ മോഴയാനയെ മയക്കുവെടി വച്ച് പിടിച്ചുകൊണ്ടുപോകണമെന്നാണ് നാട്ടുകാരുടെ ആവശ്യം. മലയോരകർഷകർക്ക് ഈ പ്രദേശത്ത് ഇനി കൃഷി ചെയ്തു ജീവിക്കണമെങ്കിൽ ഈ മോഴയാനയെ ഉൾക്കാട്ടിലേക്ക് കയറ്റിവിടാതെ കഴിയില്ല. കാട്ടാനകൾ വ്യാപകമായി കൃഷിയിടങ്ങളിൽ നാശം വിതക്കുന്പോൾ വനംവകുപ്പ് ജീവനക്കാർ നെട്ടോട്ടത്തിലാണ്.