കൊച്ചി: ജില്ലയിലെ വിവിധയിടങ്ങളിൽ പോലിസും എക്സൈസും നടത്തിയ പരിശോധനകളിൽ 22.833 കിലോഗ്രാം കഞ്ചാവ് പിടികൂടി. അഞ്ചുപേരെ അറസ്റ്റ് ചെയ്തു.
കൊച്ചി നഗരത്തിലെ ലോഡ്ജിൽ നിന്ന് 1.078 കിലോ കഞ്ചാവുമായി ബികോം വിദ്യാർഥിയും ചോറ്റാനിക്കരയിൽ 12 കിലോ കഞ്ചാവുമായി രണ്ട് ഇതര സംസ്ഥാന തൊഴിലാളികളും ചെറായിയിൽ വീടിനകത്തു നിന്ന് 1.120 കിലോ കഞ്ചാവുമായി യുവാവും ആലുവയിൽ ഓട്ടോറിക്ഷയിൽ കടത്തിക്കൊണ്ടു വന്ന 8.635 കിലോഗ്രാം കഞ്ചാവുമായി ഡ്രൈവറുമാണ് പിടിയിലായത്.
കൊച്ചി എംജി റോഡിലെ ലോഡ്ജിൽ നിന്നും 1.078 കിലോ കഞ്ചാവുമായി ബികോം വിദ്യാർഥി കതൃക്കടവ് പ്ലാവേലി പറമ്പില്‍ വീട്ടില്‍ അക്ഷയി(18) നെയാണ് എക്സൈസ് സ്പെഷ്യല്‍ സ്ക്വാഡ് സംഘം പിടികൂടിയത്. എറണാകുളം നഗരത്തിലെ വിദ്യാർഥികളെ കേന്ദ്രീകരിച്ച് കഞ്ചാവ് വില്പന നടത്തുന്ന ആളാണ് പ്രതി.
ചോറ്റാനിക്കര: വെസ്റ്റ് ബംഗാൾ മൂർഷിദാബാദ് ജലംഗി റായിപ്പാറ സ്വദേശികളായ ജെഹിദുൽ ഇസ്ലാമി (32)നെയും ഫിറോജ് മിയ(44)യെയുമാണ് 12 കിലോഗ്രാം കഞ്ചാവുമായി ചോറ്റാനിക്കര പോലിസ് പിടികൂടിയത്. കൊച്ചി-മധുര ദേശീയ പാതയിൽ കെഇഎലിനു സമീപം വെയ്റ്റിംഗ് ഷെഡിൽ കഞ്ചാവ് കൈമാറാൻ നിൽക്കുന്നതിനിടയിൽ ഇവരെ കസ്റ്റഡിയിലെടുക്കുകയായിരുന്നു. ഒഡീഷയിൽ നിന്ന് ട്രെയിൻ മാർഗം രണ്ട് ട്രോളി ബാഗുകളിൽ വസ്ത്രങ്ങൾക്കിടയിൽ ഒളിപ്പിച്ചാണ് ഇവർ കഞ്ചാവ് കടത്തിയത്.
കുറച്ചു നാളുകളായി ഇവർ അന്വേഷണ സംഘത്തിന്റെ നിരീക്ഷണത്തിലായിരുന്നു. ഒഡീഷയിൽ നിന്ന് കിലോയ്ക്ക് 5000 രൂപയ്ക്ക് വാങ്ങുന്ന കഞ്ചാവ് ഇവിടെ കിലോയ്ക്ക് 30000 രൂപ നിരക്കിൽ വിൽപന നടത്തി അന്നു തന്നെ മടങ്ങിപ്പോകുന്നതായിരുന്നു ഇവരുടെ രീതി. ഇവരിൽ നിന്നും കഞ്ചാവ് വാങ്ങുന്നവരെക്കുറിച്ചും പൊലിസ് അന്വേഷണം ആരംഭിച്ചു.
ചെറായി: മുനമ്പം പോലീസ് നടത്തിയ റെയ്ഡിൽ ചെറായി തിരുമനാംകുന്ന് ക്ഷേത്രത്തിന് പടിഞ്ഞാറ് താമസിക്കുന്ന കുമ്പാത്തിരിപ്പറമ്പിൽ വൈശാഖി (26)ന്റെ വീട്ടിൽ നിന്നാണ് 1.120 കിലോ കഞ്ചാവ് പിടികൂടിയത്. വീട്ടിലെ അടുക്കളയിൽ ഫ്രിഡ്ജിനു മുകളിലെ പ്ലാസ്റ്റിക് കവറിൽ സൂക്ഷിച്ചിരിക്കുകയായിരുന്നു.
കഞ്ചാവ് കഴിഞ്ഞദിവസം പെരുമ്പാവൂരിൽ നിന്നും വാങ്ങിയതാണെന്ന് ഇയാൾ ചോദ്യം ചെയ്യലിൽ സമ്മതിച്ചിട്ടുണ്ട്. ചെറായി, മുനമ്പം ബീച്ച് മേഖലയിലെ പ്രധാന ഹോൾസെയിൽ കച്ചവടക്കാരനായ പ്രതിയുടെ വീട്ടിൽ മുമ്പും ഇതുപോലെ റെയ്ഡ് നടത്തിയിരുന്നെങ്കിലും കഞ്ചാവ് കണ്ടെത്തിയിരുന്നില്ല.ഇതിനിടെ മുനമ്പം ഡിവൈഎസ്പി ജയകൃഷ്ണന് ലഭിച്ച രഹസ്യ വിവരത്തിന് അടിസ്ഥാനത്തിൽ ബുധനാഴ്ച വൈകിട്ടാണ് പൊലിസ് സംഘം വീണ്ടും വീടു പരിശോധിച്ചു കഞ്ചാവ് കണ്ടെടുത്തത്.
ആലുവ: ആലുവ ചുണങ്ങംവേലി മന്നായത്തു വീട്ടിൽ അലിക്കുഞ്ഞാ(അലിഭായ് - 43)ണ് ഓട്ടോറിക്ഷയിൽ കടത്തിക്കൊണ്ടുവന്ന 8.635 കിലോഗ്രാം കഞ്ചാവുമായി എക്സൈസിന്റെ പിടിയിലായത്.
ഇതര സംസ്ഥാന തൊഴിലാളികളായ കഞ്ചാവ് കച്ചവടക്കാരിൽ നിന്നും വലിയ അളവിൽ കഞ്ചാവ് വാങ്ങി ആലുവ, പെരുമ്പാവൂർ പ്രദേശങ്ങളിലെ ചെറുകിട കഞ്ചാവ് കച്ചവടക്കാർക്ക് വിൽപന നടത്തുകയാണ് പതിവ്. കടത്തിക്കൊണ്ട് വന്ന കെഎൽ 40 ക്യൂ 0968 ഓട്ടോറിക്ഷയും കഞ്ചാവ് വിറ്റ വകയിലുള്ള 3370 രൂപയും പിടിച്ചെടുത്തു.
ആലുവ എക്സൈസ് സർക്കിൾ ഇൻസ്പെക്ടർ ജോസ് പ്രതാപിന്റെ നേതൃത്വത്തിലുള്ള എക്സൈസ് സംഘമാണ് പരിശോധന നടത്തിയത്. എടത്തലയിൽ നടത്തിയ പരിശോധനയിൽ ഓട്ടോറിക്ഷയിൽ കടത്തിക്കൊണ്ട് വന്ന കഞ്ചാവ് കണ്ടെടുക്കുകയായിരുന്നു.