കോതമംഗലം: താലൂക്ക് ആശുപത്രിയോട് ചേര്‍ന്ന് രാജീവ് ഗാന്ധി റോഡില്‍ കാർ സ്റ്റാർട്ട് ചെയ്യുന്നതിനിടെ അഗ്നിക്കിരയായി. ഇന്നലെ ഉച്ചയ്ക്കാണ് സംഭവം. സമീപത്തെ കടകളിലുണ്ടായിരുന്നവര്‍ കാറില്‍ നിന്നും പുകഉയരുന്നത് കണ്ട് ഡ്രൈവറെ അറിയിച്ചു.
കോട്ടപ്പടി സ്വദേശി ജോമോനും ഭാര്യയും കൈക്കുഞ്ഞുമാണ് കാറില്‍ ഉണ്ടായിരുന്നത്. അവര്‍ ഉടന്‍ പുറത്തിറങ്ങിയതിനാല്‍ പരിക്കില്ലാതെ രക്ഷപ്പെട്ടു. വിവരം അറിയിച്ചതിനെതുടര്‍ന്ന് അഗ്നിരക്ഷാസേന എത്തി തീയണച്ചു.
ജോമോന്റെ ഉടമസ്ഥതയിലുള്ളതാണ് കാർ. ആശുപത്രിയിലെത്തിയതായിരുന്നു ജോമോനും കുടുബവും. പാര്‍ക്ക് ചെയ്തിരുന്ന സ്ഥലത്തുവച്ച്കാര് സ്റ്റാര്‍ട്ട് ആയിരുന്നില്ല. ഇറക്കത്തിലൂടെ അല്‍പ്പദൂരം നിരങ്ങിനീങ്ങിയശേഷം താക്കോല്‍ ഉപയോഗിച്ച് സ്റ്റാര്‍ട്ടാക്കിയതിന് പിന്നാലെയാണ് പുക ഉയരുകയും തീ പിടിക്കുകയും ചെയ്തത്. ഫയർഫോഴ്സ് സംഘം എത്തും മുമ്പ് സമീപത്തെ വടാത്ത് ദന്താശുപത്രിയിലെ ജെക്സി കുര്യാക്കോസ് ഫയര്‍ എക്സ്റ്റിഗ്യുഷര്‍ പ്രയോഗിച്ചതുമൂലം തീ ആളിപടരുന്നത് നിയന്ത്രിക്കാനായി.