കൊച്ചി: വൈറ്റില സില്‍വര്‍ സാന്‍ഡ് ഐലന്‍ഡില്‍ സ്ഥിതി ചെയ്യുന്ന ചന്ദര്‍കുഞ്ജ് ആര്‍മി ടവേഴിലെ സുരക്ഷിതമല്ലാത്ത ബി, സി ടവറുകളുടെ പൊളിച്ചു നീക്കല്‍ മാര്‍ച്ചില്‍ നടക്കും. ടവറുകളിലെ ഉടമകള്‍ അപ്പാര്‍ട്ട്മെന്റുകളുടെ താക്കോലുകള്‍ ഹൈക്കോടതി ഉത്തരവനുസരിച്ച് തഹസില്‍ദാറുടെ സാന്നിധ്യത്തില്‍ ആര്‍മി വെല്‍ഫെയര്‍ ഹൗസിംഗ് ഓര്ഗനൈസേഷന് (എഡബ്ല്യുഎച്ച്ഒ) കൈമാറിത്തുടങ്ങി. താക്കോല്‍ കൈമാറ്റം ഈയാഴ്ച പൂര്‍ത്തിയാകും. എല്ലാം പൂര്‍ത്തിയായാല്‍ മാര്‍ച്ചില്‍ പൊളിക്കാനാണ് തീരുമാനം.
ഒക്ടോബര്‍ 21ന് ഫോര്‍ട്ടുകൊച്ചി ആര്‍ഡിഒ ജി. സായ് കൃഷ്ണയും മുംബൈ കേന്ദ്രമായ എഡിഫൈസ് എന്‍ജിനിയറിംഗ് പ്രതിനിധി ഷാജി കോശിയും പൊളിച്ചുനീക്കുന്നതിനുള്ള കരാര്‍ ഒപ്പുവച്ചു. ഹൈക്കോടതി ഉത്തരവിട്ട് 22 മാസങ്ങള്‍ക്ക് ശേഷമാണ് കെട്ടിടം പൊളിക്കുന്ന നടപടികളിലേക്ക് കടക്കുന്നത്. കെട്ടിടങ്ങളുടെ ഘടനയിലുള്ള ഗുരുതരമായ ന്യൂനതകള്‍ ചൂണ്ടിക്കാട്ടി ടവറുകള്‍ പൊളിച്ച് പുനര്‍നിര്‍മിക്കാന്‍ 2025 ഫെബ്രുവരി മൂന്നിനാണ് ഹൈക്കോടതി ഉത്തരവിട്ടത്.
9.66 കോടിയുടെ കരാര്‍
മരട് ഫ്ലാറ്റുകള്‍ പൊളിച്ച എഡിഫൈസ് എന്‍ജിനിയറിംഗാണ് കരാറുകാര്‍. ദക്ഷിണാഫ്രിക്കന്‍ കമ്പനിയായ ജെറ്റ് ഡിമോളിഷനുമായി സഹകരിച്ചാണ് എഡിഫൈസ് എന്‍ജിനിയറിംഗ് ഈ പദ്ധതി നടപ്പിലാക്കുന്നത്. നിയന്ത്രിത സ്ഫോടനത്തിലൂടെ 26 നിലകളുള്ള ഈ ഇരട്ട ടവറുകള്‍ പൊളിച്ചുനീക്കാനുള്ള സമയപരിധി ആറു മാസമാണ്. അവശിഷ്ടങ്ങള്‍ രണ്ടു മാസത്തിനുള്ളില്‍ നീക്കും. ഇരു ടവറുകളും സ്ഫോടനത്തിലൂടെ വീഴ്ത്തിയ ശേഷം ബേസ്മെന്റ് സ്ലാബും പൈല് ക്യാപ്പും ഉള്‍പ്പടെ അവശിഷ്ടങ്ങള്‍ നീക്കണം.
അവശിഷ്ടങ്ങള്‍ നീക്കുന്നത് ഉള്‍പ്പടെ ജിഎസ്ടിക്ക് പുറമേ 9.66 കോടി രൂപയ്ക്കാണ് കരാര്‍. ഇതില്‍ 6.25 കോടി രൂപ ടവറുകളിലെ ലിഫ്റ്റ് ഒഴികെയുള്ള സാധന സാമഗ്രികള്‍ക്കുള്ള വിലയാണ്. പുനരുപയോഗിക്കാവുന്ന സാമഗ്രികളുടെ മൂല്യമടക്കം 15 കോടിയോളമാണ് ആകെ ചെലവ് പ്രതീക്ഷിക്കുന്നത്. 9.66 കോ ടി രൂപ എഡബ്ല്യുഎച്ച്ഒ എസ്ക്രോ അക്കൗണ്ടില്‍ നിക്ഷേപിച്ചിട്ടുണ്ട്.
എ ടവറിന്റെ സുരക്ഷ ഉറപ്പാക്കണം
ഇരട്ട ടവറുകള്‍ക്ക് സമീപ ത്തെ 14 നിലയുള്ള എ ടവറിന്റെ സുരക്ഷയും സൗകര്യങ്ങളും ഉറപ്പാക്കണമെന്ന് കരാറിലുണ്ട്. സമീപത്തെ എ ടവറിന് കേടു പാടുകള്‍ ഇല്ലെന്ന് സ്ഫോടന ശേഷം ഐഐടി മദ്രാസിന്റെ പരിശോധനയിലൂടെ ഉറപ്പാക്കണം.