പെരുമ്പാവൂര്‍: കുടിവെള്ളക്ഷാമം രൂക്ഷമായ സാഹചര്യത്തില്‍ പെരുമ്പാവൂര്‍ നിയോജകമണ്ഡലം പരിധിയില്‍ പെടുന്ന പെരിയാര്‍വാലി കനാലുകളുടെ ശുചീകരണ പ്രവര്‍ത്തനങ്ങള്‍ അടിയന്തരമായി പൂര്‍ത്തിയാക്കണമെന്ന് ആവശ്യപ്പെട്ട് പെരിയാര്‍വാലി അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എന്‍ജിനിയറുടെ ഓഫിസില്‍ മനോജ് മൂത്തേടന് എംഎല്‍എയുടെയും ത്രിതല പഞ്ചായത്ത് ജനപ്രതിനിധികളുടെയും നേതൃത്വത്തില്‍ പ്രതിഷേധം സംഘടിപ്പിച്ചു.
264 കിലോമീറ്റര്‍ വരുന്ന കനാലില്‍ 200 കിലോമീറ്റര്‍ മാത്രമാണ് ശുചീകരണ പ്രവര്‍ത്തനത്തിന് ടെന്‍ഡര്‍ നല്‍കിയിട്ടുള്ളത്. ശേഷിക്കുന്ന 64 കിലോമീറ്റര്‍ നവീകരിക്കുന്നതിന് ത്രിതല പഞ്ചായത്തുകള്‍ക്ക് പദ്ധതി ഏറ്റെടുക്കാന്‍ നിര്‍ദേശം നല്‍കിയിരുന്നു. ഇതേറ്റെടുക്കാന്‍ കഴിയില്ലെന്നും മുഴുവനും ശുചീകരിക്കാന്‍ പെരിയാര്‍ വാലി ഡിപ്പാര്‍ട്ട്മെന്റ് നടപടി സ്വീകരിക്കണമെന്നും ആവശ്യപ്പെട്ടാണ് പ്രതിഷേധം നടത്തിയത്.
പ്രതിഷേധ സമരത്തില്‍ നഗരസഭ ചെയര്‍പേഴ്സണ്‍ കെ.എന്‍. സംഗീത, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പി.വി. സുനില്‍, പഞ്ചായത്ത് പ്രസിഡന്റുമാരായ എന്‍.എം. സലീം, ബിന്ദു ഗോപാലകൃഷ്ണന്, പി.സി. പ്രസാദ് തുടങ്ങിയവര്‍ പങ്കെടുത്തു.