മൂവാറ്റുപുഴ: ലക്ഷങ്ങള്‍ ചെലവഴിച്ച് ഓട നിര്‍മാണവും നവീകരണ പ്രവര്‍ത്തനങ്ങളും നടത്തിയിട്ടും മൂവാറ്റുപുഴയിലെ പ്രധാന റോഡുകളില്‍ വെള്ളക്കെട്ട് രൂക്ഷം. ഇന്നലെ ഉച്ചയ്ക്ക് ശേഷം പെയ്ത അതിശക്തമായ മഴയില്‍ കാവുംപടി റോഡ് വെള്ളത്തിനടിയിലായി. ശക്തമായ ഒരു മഴ പെയ്താല്‍ കാല്‍നടയാത്രക്കാര്‍ക്കും ഇരുചക്ര വാഹനങ്ങള്‍ക്കും കടന്നുപോകാന്‍ കഴിയാത്ത വിധത്തില്‍ വെള്ളം കെട്ടിക്കിടക്കുന്ന അവസ്ഥയാണ്.
കച്ചേരിത്താഴത്തു നിന്നും തൊടുപുഴ ഭാഗത്തേക്കും ആരക്കുഴ റോഡിലേക്കും പോകേണ്ട വാഹനങ്ങള്‍ പ്രധാന റോഡിലെ ഗതാഗതക്കുരുക്കില്‍ പെടാതെ എളുപ്പത്തില്‍ പോകാന്‍ ആശ്രയിക്കുന്നത് കാവുംപടി റോഡിനെയാണ്. കൂടാതെ മൂവാറ്റുപുഴ പൊലിസ് സ്റ്റേഷന്, കോടതി, സ്കൂളുകള്‍, ആരാധനാലയം തുടങ്ങിയ നിരവധി സ്ഥാപനങ്ങള്‍ പ്രവര്‍ത്തിക്കുന്നതും ഈ റോഡിന് സമീപമാണ്. എന്നാല്‍ മഴ പെയ്യുന്നതോടെ റോഡാകെ വെള്ളത്തിലാകുന്നത് കാല്‍നടയാത്രക്കാര്‍ക്കും, വാഹനയാത്രക്കാര്‍ക്കും വലിയ ബുദ്ധിമുട്ടാണ് സൃഷ്ടിക്കുന്നത്. ഓട നിര്‍മാണത്തിലെ അപാകതയാണ് വെള്ളക്കെട്ടിന് കാരണമെന്ന് നാട്ടുകാര്‍ ആരോപിച്ചു. അശാസ്ത്രീയമായ ഓട നിര്‍മാണം പുനഃപരിശോധിച്ച് വെള്ളക്കെട്ടിന് ശാശ്വത പരിഹാരം കാണണമെന്നാണ് യാത്രക്കാരുടെയും നാട്ടുകാരുടെയും ആവശ്യം.