വൈറ്റില: കൊച്ചി കോർപറേഷൻ ജനകീയ പങ്കാളിത്തത്തോടെ വൈറ്റില ഹബ്ബിൽ സംഘടിപ്പിക്കുന്ന ക്രിസ്മസ് - ന്യൂ ഇയർ ആഘോഷങ്ങളുടെ ഭാഗമായുള്ള കൊച്ചി ഈസ്റ്റ് കാർണിവലിന്റെ ലോഗോ പ്രകാശനം ഉമാ തോമസ് എംഎൽഎ നിർവഹിച്ചു.
വൈറ്റില കുന്നറ പാർക്കിൽ നടന്ന ചടങ്ങിൽ കോർപറേഷൻ കൗൺസിലർ ബീന ദിവാകരൻ അധ്യക്ഷത വഹിച്ചു.
ഡിസംബർ 21 മുതൽ ജനുവരി 10 വരെ നീണ്ടുനിൽക്കുന്ന ഈസ്റ്റ് കാർണിവലിന്റെ ഭാഗമായി ഗാനമേള, നാടൻപാട്ട്, നാടകം, ഡിജെ പ്രോഗ്രാം, വിവിധ മത്സരങ്ങൾ, കാർണിവൽ റാലി, അമ്യൂസ്മെന്റ് പാർക്ക് തുടങ്ങിയ പരിപാടികളാണ് വൈറ്റിലയിൽ സംഘടിപ്പിക്കുന്നത്.
കൊച്ചി മേയർ അഡ്വ. വി.കെ. മിനിമോൾ ചെയർമാനായും കോർപറേഷൻ ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ ആന്റണി പൈനുതറ ജനറൽ കൺവീനറായും കോർപറേഷൻ കൗൺസിലർ വി.പി. ചന്ദ്രൻ ട്രഷററായും രൂപീകരിച്ച ജനകീയ കമ്മിറ്റിയുടെ നേതൃത്വത്തിലാണ് കൊച്ചി ഈസ്റ്റ് കാർണിവൽ സംഘടിപ്പിക്കുന്നത്.