ആലങ്ങാട്: ആലുവ-പറവൂർ കെഎസ്ആർടിസി റോഡിൽ പുതുതായി ടാറിംഗ് നടത്തിയ റോഡിന്റെ അരിക് കട്ടിംഗ് അപകടക്കെണിയാകുന്നു. റോഡും തറനിരപ്പും തമ്മിൽ ഒരടിയിലേറെ ഉയരവ്യത്യാസം വന്നതോടെ ആലുവ - പറവൂർ റോഡിൽ അപകടങ്ങൾ പെരുകുകയാണ്. കാൽനടക്കാരും ഇരുചക്രവാഹന യാത്രക്കാരുമാണ് ഇവരിലേറെയും.
മാളികംപീടിക ഭാഗത്ത് തട്ടിവീണ് ഇന്നലെ കാൽനടയാത്രക്കാരിയായ വീട്ടമയ്ക്കു പരിക്കേറ്റു. ഓടിക്കൂടിയ നാട്ടുകാരാണ് ഇവരെ ആശുപത്രിയിലെത്തിച്ചത്. ദിവസങ്ങൾക്കു മുൻപാണ് റോഡ് റീട്ടാറിംഗ് നടത്തിയത്. ടാറിംഗ് പൂർത്തിയായിക്കഴിഞ്ഞ പലഭാഗത്തും റോഡും തറനിരപ്പും തമ്മിൽ ഒരടിയിലേറെയാണ് ഉയരവ്യത്യാസം.
കൂടാതെ വീടുകളിൽനിന്നും സ്ഥാപനങ്ങളിൽനിന്നും റോഡിലേക്ക് വാഹനങ്ങൾക്ക് പ്രവേശിക്കുന്നതിനും പ്രയാസമുള്ളതായും പരാതിയുണ്ട്. പൊതുമരാമത്ത് വിഭാഗം റോഡും തറനിരപ്പും തമ്മിലുള്ള ഉയരവ്യത്യാസം പരിഹരിക്കാൻ ആവശ്യമായ നടപടി സ്വീകരിക്കണമെന്നാണ് ആവശ്യം.