മൂവാറ്റുപുഴ : മൂവാറ്റുപുഴ-തൊടുപുഴ റോഡില്‍ നിയന്ത്രണം നഷ്ടപ്പെട്ട കാര്‍ സ്കൂട്ടറിലിടിച്ച് വിദ്യാര്‍ഥിനിക്ക് പരിക്കേറ്റു. ആനിക്കാട് തിരുവുംപ്ലാവില്‍ മഹാദേവ ക്ഷേത്രത്തിന് മുന്നില്‍ ഇന്നലെ രാവിലെയുണ്ടായ അപകടത്തില്‍ ആനിക്കാട് കോഴിപ്ലാര്കുടിയില് സതീശന്റെ മകള്‍ നയനയ്ക്കാണ് പരിക്കേറ്റത്.
കോളജിലേക്ക് പോവുകയായിരുന്ന നയന സഞ്ചരിച്ച സ്കൂട്ടറില്‍ തൊടുപുഴ ഭാഗത്തേക്ക് പോവുകയായിരുന്ന കാര്‍ ഇടിക്കുകയായിരുന്നു. അപകടത്തില്‍ പരിക്കേറ്റ നയനയെ ഉടന്‍ മൂവാറ്റുപുഴയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ക്ഷേത്ര ആര്‍ച്ചിന് സമീപത്തെ വളവില്‍ വാഹനാപകടങ്ങള്‍ തുടര്‍ക്കഥയാവുകയാണ്. കുത്തനെയുള്ള ഇറക്കവും കൊടുംവളവുമായ റോഡില്‍ വാഹനങ്ങളുടെ അമിതവേഗതയാണ് ഇവിടെയുണ്ടാകുന്ന ഒട്ടുമിക്ക അപകടങ്ങള്‍ക്കും കാരണമാകുന്നത്.
വളവായതിനാല്‍ എതിരെ വരുന്ന വാഹനങ്ങളെ കൃത്യമായി കാണാന്‍ സാധിക്കാത്തത് യാത്രക്കാര്‍ക്ക് വലിയ ഭീഷണിയാകുന്നുണ്ട്. തിരുവുംപ്ലാവില്‍ ക്ഷേത്രത്തിലേക്കെത്തുന്ന ഭക്തര്‍ക്കും പ്രദേശവാസികള്‍ക്കും വിദ്യാര്‍ഥികള്‍ക്കും ഇവിടെ റോഡ് കുറുകെ കടക്കാനും ബുദ്ധിമുട്ടേറെയാണ്. അപകടങ്ങള്‍ പതിവായിട്ടും വേഗത നിയന്ത്രിക്കുന്നതിനുള്ള യാതൊരു നടപടിയും അധികൃതരുടെ ഭാഗത്തുനിന്നും ഉണ്ടാകുന്നില്ലെന്ന് നാട്ടുകാര്‍ ആരോപിച്ചു.
മേഖലയില്‍ അടിയന്തരമായി റംബിള്‍ സ്ട്രിപ്പുകള്‍, മുന്നറിയിപ്പ് ബോര്‍ഡുകള്‍, ബ്ലിങ്കര്‍ ലൈറ്റുകള്‍, സീബ്രാ ക്രോസിംഗ് എന്നിവ സ്ഥാപിച്ച് സുരക്ഷ ഉറപ്പാക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.