കൊച്ചി: ഇടപ്പള്ളി ചങ്ങമ്പുഴ പാര്ക്കിന് സമീപം അമിതവേഗതയില്‍ ഓടിച്ച ബൈക്ക് നിയന്ത്രണംവിട്ട് നടപ്പാതയിലേക്ക് ഇടിച്ചുകയറി ബൈക്ക് യാത്രികരായ യുവാക്കള്‍ക്ക് ദാരുണാന്ത്യം. ആലപ്പുഴ പുന്നപ്ര മന്നിക്കല്‍ വീട്ടില്‍ എം.എം. പ്രവീണ്‍കുമാര്‍ (27), തമിഴ്നാട് നീലഗിരി കോത്തഗിരി പൊത്തുക്കൊളളി എ.ബി. റിബിന് (22) എന്നിവരാണ് മരിച്ചത്. തിങ്കളാഴ്ച പുലര്‍ച്ചെ മൂന്നിന് മെട്രോ പില്ലര്‍ നമ്പര്‍ 456നും 457നും ഇടയിലുള്ള വളവിലായിരുന്നു അപകടം.
പൊറ്റക്കുഴിയില്‍ ഒരു വിവാഹ വാര്‍ഷികാഘോഷ ചടങ്ങില്‍ പങ്കെടുത്ത് മടങ്ങുകയായിരുന്നു ഇരുവരും. ചങ്ങമ്പുഴ പാര്ക്കിന് സമീപത്തെ വളവില്‍വെച്ച് അമിതവേഗത്തിലായിരുന്ന ബൈക്ക് നിയന്ത്രണംവിട്ട് റോഡരികിലെ സൈന്‍ ബോര്‍ഡിലും പോസ്റ്റിലും ഇടിച്ച ശേഷം നടപ്പാതയിലേക്ക് തെറിച്ചുവീഴുകയായിരുന്നു. ഇടിയുടെ ആഘാതത്തില്‍ ഇരുവരുടെയും തലയ്ക്ക് ഗുരുതരമായി പരുക്കേറ്റതാണ് മരണ കാരണം.
സമീപത്തുണ്ടായിരുന്നവര്‍ ഇരുവരെയും തൊട്ടടുത്ത സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന് രക്ഷിക്കാനായില്ല. സംഭവസ്ഥലത്തെ സിസിടിവി പ്രവര്‍ത്തന രഹിതമായതിനാൽ ദൃശ്യങ്ങൾ ലഭിച്ചിട്ടില്ല. അപകട സ്ഥലത്തുനിന്ന് തകര്‍ന്ന ഹെല്‍മെറ്റും ഇരുവരുടെയും ചെരുപ്പുകളും കണ്ടെത്തി. എളമക്കര പൊലിസ് മേല്‍നടപടികള്‍ സ്വീകരിച്ചു. പോസ്റ്റുമോര്‍ട്ടത്തിനുശേഷം മൃതദേഹങ്ങള്‍ ബന്ധുക്കള്‍ക്ക് വിട്ടുകൊടുത്തു.