കൊച്ചി: കൊച്ചി നഗരത്തിലെ സ്വകാര്യ ബസുകളുടെ മരണപ്പാച്ചിലിന് തടയിടാനൊരുങ്ങി പൊലിസ്. ബസ് ജീവനക്കാർക്ക് പൊലിസ് ഏര്‍പ്പെടുത്തുന്ന സ്മാര്‍ട്ട് ഐഡി സംവിധാനം വൈകാതെ നിലവില്‍ വരുമെന്ന് കൊച്ചി സിറ്റി പൊലിസ് കമ്മിഷണര്‍ ആര്. നിശാന്തിനി പറഞ്ഞു.
ക്രിമിനല്‍ കേസുകളിലൊന്നും ഉള്‍പ്പെട്ടിട്ടില്ലെന്ന് ഉറപ്പുവരുത്തിയ (പിസിസി) ജീവനക്കാര്‍ക്ക് മാത്രമാകും ഐഡി കാര്‍ഡ് നല്‍കുക. പിസിസിക്കായി 1800 അപേക്ഷകളാണ് ഇതുവരെ ലഭിച്ചത്.
ഇതില്‍ 760 എണ്ണത്തിന്റെ പരിശോധനകള്‍ പൂര്‍ത്തിയാക്കി. വരും ദിവസങ്ങളില്‍ ബസ് ഉടമകളുടെ യോഗം ചേര്‍ന്ന് ഈ കാര്യത്തിൽ അന്തിമ തീരുമാനം കൈകൊള്ളും. റോഡിലെ നിയമലംഘനങ്ങള്‍ പെരുകുന്ന സാഹചര്യത്തില്‍ പരിശോധനകള്‍ കര്‍ശനമാക്കി സുരക്ഷിത യാത്ര ഒരുക്കുകയാണ് ലക്ഷ്യമിടുന്നത്. ചേരാനല്ലൂര്‍ വാഹനാപകട കേസില്‍ പൊലിസ് അവരുടെ ഡ്യൂട്ടി ചെയ്യുക മാത്രമാണ് ചെയ്തിട്ടുള്ളത്. മറ്റ് കാര്യങ്ങള്‍ തനിക്കറിയില്ലെന്നും കമ്മിഷണര്‍ പറഞ്ഞു. എറണാകുളം പ്രസ് ക്ലബ് സംഘടിപ്പിച്ച മീറ്റ് ദി പ്രസ് പരിപാടിയില്‍ സംസാരിക്കുകയായിരുന്നു കമ്മിഷണര്‍.
ബസുകളില്‍ ക്യുആര്‍ കോഡ് സംവിധാനം
നിയമലംഘനം നടത്തുന്ന വാഹനങ്ങളെപ്പറ്റിയുള്ള വിവരങ്ങള്‍ യാത്രക്കാര്‍ക്ക് അധികൃതരെ അറിയിക്കാനുള്ള വാട്സ്ആപ്പ് നമ്പറടങ്ങുന്ന ക്യുആര്‍ കോഡ് ബസുകളില്‍ സ്ഥാപിക്കും. ബസിനുള്ളിലും പുറത്തുമായി മൂന്ന് സ്റ്റിക്കറുകള്‍ പതിക്കും. വിവരങ്ങള്‍ തത്സമയം അറിയുന്നതിനും നടപടി സ്വീകരിക്കുന്നതിനും ഇത് സഹായിക്കും.
സ്ത്രീ സുരക്ഷ
സ്ത്രീകളുടെ സുരക്ഷയ്ക്കായി നിലവിലുള്ള പിങ്ക് പട്രോളിംഗ് ശക്തമായി തുടരും. ഇതിനു പുറമേ സര്‍ക്കാരിന്റെ സ്പീക്ക് അപ് ക്യാമ്പയിന് കൊച്ചിയില്‍ മുന്നോട്ടു കൊണ്ടുപോകും. ഗാര്‍ഹിക പീഡനങ്ങളെക്കുറിച്ചടക്കം സ്ത്രീകളില്‍ അവബോധം സൃഷ്ടിക്കും. സ്ത്രീ സുരക്ഷ ഏറ്റവും അത്യാവശ്യമായിട്ടുള്ള പൊതുഇടങ്ങളിലും സൈബറിടത്തും സുരക്ഷ ശക്തമാക്കുകയാണ് ലക്ഷ്യം. സൈബര്‍ സുരക്ഷക്കായി സര്‍ക്കാര്‍ അവതരിപ്പിച്ചിട്ടുള്ള ക്ലിക്ക് പദ്ധതി പത്ത് ദിവസത്തിനുള്ളില്‍ സജ്ജമാകും. 18 കോളജുകള്‍ ഇതിനോടകം പദ്ധതിയുടെ ഭാഗമായിക്കഴിഞ്ഞു.
നൈറ്റ് ലൈഫ്
കൊച്ചിയിലെ നൈറ്റ് ലൈഫിന് കോണ്‍ഫിഡന്‍സ് കൊടുക്കുന്നതിനൊപ്പം കുറ്റകൃത്യങ്ങളും തടയുകയാണ് പൊലിസ് ലക്ഷ്യം വയ്ക്കുന്നത്. രാത്രികാല പരിശോധനകള്‍ കര്‍ശനമാക്കുന്നതിനൊപ്പം ആളുകള്‍ കൂടുന്ന സ്ഥലങ്ങളില്‍ പൊലിസിന്റെ സാന്നിധ്യവും ഉറപ്പാക്കും. കൊച്ചിയില്‍ ലഹരി, ചീറ്റിംഗ്, സൈബര്‍ കേസുകളണ് കൂടുതലായും റിപ്പോര്‍ട്ട് ചെയ്യുന്നത്. മികച്ച രീതിയില്‍ പൊലിസിംഗ് നടത്താനാണ് ശ്രമിക്കുന്നതെന്നും കമ്മിഷണര്‍ പറഞ്ഞു.