മുരിക്കാശേരി: ദൗത്യങ്ങള്‍ ഉത്തരവാദിത്വ ബോധത്തോടെ നടപ്പാക്കുമ്പോഴാണ് ജീവിതം ധന്യമാകുന്നതെന്നും പരസ്പരമുള്ള സഹകരണവും സമര്‍പ്പണവുമാണ് കുടുംബങ്ങളെ ഭദ്രമാക്കുന്നതെന്നും ഇടുക്കി ബിഷപ് മാര്‍ ജോണ്‍ നെല്ലിക്കുന്നേല്‍. ഇടുക്കി രൂപത ഫാമിലി അപ്പൊസ്തലെറ്റിന്റെ ആഭിമുഖ്യത്തില്‍ മുരിക്കാശേരി സെന്റ് മേരീസ് ഫൊറോന പള്ളിയില്‍ സംഘടിപ്പിച്ച ജൂബിലേറിയന്‍സ് മീറ്റ് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
ദാമ്പത്യജീവിതത്തില്‍ സ്നേഹത്തിന്റെയും വിശ്വസ്തതയുടെയും സമര്‍പ്പണത്തിന്റെയും ധന്യവര്‍ഷങ്ങള്‍ പൂര്‍ത്തിയാക്കിയ ദമ്പതികളെ ആദരിക്കുന്നതിനായാണ് ജൂബിലി സംഗമം സംഘടിപ്പിച്ചത്. രൂപത പ്രോട്ടോ സിഞ്ചെല്ലൂസ് മോണ്‍. ജോസ് കരിവേലിക്കല് അധ്യക്ഷത വഹിച്ചു. കുടുംബപ്രേഷിതത്വത്തിന്റെ ചുമതലയുള്ള സിഞ്ചെല്ലൂസ് മോണ്‍. ജോസ് നരിതൂക്കില്‍ പ്രസംഗിച്ചു.
പൗരോഹിത്യത്തിന്റെയും സന്യാസത്തിന്റെയും ജൂബിലി ആഘോഷിക്കുന്നവരെയും വേദിയില്‍ ആദരിച്ചു. സില്‍വര്‍ ജൂബിലേറിയനും മാതൃവേദി രൂപത പ്രസിഡന്റുമായ കൊച്ചുറാണി ജോസഫ് ജൂബിലേറിയന്മാരെ പ്രതിനിധീകരിച്ച് പ്രസംഗിച്ചു.
മുരിക്കാശേരി സെന്റ് മേരീസ് ഹയര്‍ സെക്കന്‍ഡറി സ്കൂളിലെ വിദ്യാര്‍ഥികള്‍ അവതരിപ്പിച്ച പ്രാര്ഥനാനൃത്തം, മാര്‍ഗംകളി, പണിക്കന്‍കുടി ക്വീന്‍ മേരി പബ്ലിക് സ്കൂളിലെ വിദ്യാര്‍ഥികളുടെ നൃത്താവിഷ്കാരം, ജൂബിലി ആശംസാഗാനം എന്നിവ സമ്മേളനത്തിന് മിഴിവേകി. രൂപത പ്രസിഡന്റ് അനൂപ് കുന്നേല്‍ നന്ദി പറഞ്ഞു. വിവാഹകൂദാശയുടെ പവിത്രതയും ക്രൈസ്തവ കുടുംബജീവിതത്തിന്റെ മഹത്വവും വിളിച്ചോതിയ സംഗമം ദാമ്പത്യവിശ്വസ്തതയുടെ ഉദാത്ത മാതൃകകള്‍ക്ക് ആദരവേകുന്നതിനും കുടുംബബന്ധങ്ങളുടെ മൂല്യങ്ങള്‍ പുതുതലമുറയിലേക്കു പകര്‍ന്നുനല്‍കുന്നതിനുമുള്ള വേദിയായി മാറി.