തൊടുപുഴ: ഉദ്വേഗവും സാഹസികതയും മുറ്റിനിന്ന നിമിഷമായിരുന്നു ഇന്നലെ ചിന്നക്കനാല്‍, സിങ്കുകണ്ടം മേഖലകളിലുണ്ടായിരുന്നത്. ചക്കക്കൊമ്പനെ മയക്കുവെടിവച്ച് റേഡിയോ കോളര്‍ ഘടിപ്പിക്കാനുള്ള തന്ത്രങ്ങളും സന്നാഹങ്ങളുമൊരുക്കി ദൗത്യസംഘം പുലര്‍ച്ചെമുതല്‍ കാത്തിരിപ്പിലായിരുന്നു.
ചക്കക്കൊമ്പന്റെ യാത്രാപഥം നിരീക്ഷിച്ച് വിവിധ മേഖലകളില്‍ ദൗത്യസംഘം നിലയുറപ്പിച്ചു. എന്നാല്‍ പ്രതീക്ഷകള്‍ക്കു വിപരീതമായി ആന രാവിലെ പത്തോടെ ആനയിറങ്കല്‍ ഡാമിനു സമീപത്തേക്ക് നീങ്ങി. ബോട്ടിലെത്തിയ സംഘം ആനയെ ഇവിടെനിന്നു തുരത്തി ലക്ഷ്യസ്ഥാനത്തെത്തിക്കാന്‍ അടവുകളെല്ലാം പയറ്റിയെങ്കിലും ചതുപ്പു നിലത്തേക്കാണ് ആന മാറിയത്.
പിന്നീട് ഇവിടെനിന്നു സുരക്ഷിത സ്ഥാനത്തേക്ക് ആനയെ എത്തിക്കാനുള്ള ശ്രമം തുടര്‍ന്നു. ഒടുവില്‍ വൈകുന്നേരം 3.45-ഓടെ സിങ്കുകണ്ടത്തിനു സമീപം ഓമനക്കുടിയിലെ പുല്മേട്ടില് ആനയെത്തിയതോടെ അവസരം കാത്തിരുന്ന വിദഗ്ധ സംഘം അണുവിട തെറ്റാതെ ആദ്യഡോസ് മയക്കുവെടി ഉതിര്‍ത്തു. അല്പ നിമിഷത്തേക്ക് ആന നിശ്ചലനായി നിന്നു. പിന്നീട് ദേഹത്ത് മണ്ണ് വാരിയിടുകയും തുമ്പിക്കൈ ഉയര്‍ത്തി ചിന്നം വിളിക്കുകയും ചെയ്ത ആന എല്ലാവരെയും ഞെട്ടിച്ച് ഒരു മണിക്കൂറിനു ശേഷം കാട്ടിലേക്ക് ഓടിമറയുകയായിരുന്നു. ബൂസ്റ്റര്‍ ഡോസ് നല്കാന് ദൗത്യസംഘം തയാറെടുപ്പ് നടത്തിവരുന്നതിനിടെയായിരുന്നു ആനയുടെ അപ്രതീക്ഷിത നീക്കം. പ്രദേശത്തെ മഴയും കോടമഞ്ഞും സമയം വൈകിയതും മൂലം ആദ്യദിവസത്തെ ദൗത്യം തുടരുക അസാധ്യമായിരുന്നു. ഇതേത്തുടര്‍ന്ന് ഇന്നത്തേക്ക് ദൗത്യം നീട്ടിവയ്ക്കുകയായിരുന്നു. രാവിലെ മുതല്‍ പടക്കം പൊട്ടിച്ചും വിവിധയിടങ്ങളില്‍ സംഘാംഗങ്ങള്‍ നിരീക്ഷണം നടത്തിവന്നതും ആനയെ അസ്വസ്ഥനാക്കിയിരുന്നു.
ഏകോപനം ബേസ് ക്യാമ്പില്‍നിന്ന്
ചിന്നക്കനാല്‍ ഫാത്തിമാതാ ഹയര്‍ സെക്കന്‍ഡറി സ്കൂളായിരുന്നു ചക്കക്കൊമ്പന് ദൗത്യത്തിന് ആവശ്യമായ തന്ത്രങ്ങള്‍ മെനയുകയും പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുകയും ചെയ്ത ബേസ് ക്യാമ്പ്. വനംവകുപ്പിന്റെ നേതൃത്വത്തില്‍ വിവിധ ഫോറസ്റ്റ് ഡിവിഷനുകള്‍ക്ക് കീഴിലുള്ള റാപ്പിഡ് റെസ്പോണ്‍സ് ടീമുകള്‍, എലഫന്റ് സ്ക്വാഡ് തുടങ്ങിയ വിഭാഗങ്ങളിലെ 140 അംഗ സംഘമാണ് ദൗത്യത്തില്‍ പങ്കെടുത്തുവരുന്നത്.
വിവിധ വകുപ്പുകളെ ഏകോപിപ്പിച്ചാണ് പ്രവര്‍ത്തനങ്ങള്‍ പുരോഗമിക്കുന്നത്. മൂന്നാര്‍ ഡിഎഫ്ഒ സാജു വര്‍ഗീസിന്റെ നേതൃത്വത്തിലാണ് ദൗത്യസംഘം പ്രവര്‍ത്തിച്ചുവരുന്നത്. ദൗത്യത്തിന്റെ ഭാഗമായി നാല് വെറ്ററിനറി ഡോക്ടര്‍മാര്‍ ഉള്‍പ്പടെ 24 അംഗ സംഘത്തെയാണ് നിയോഗിച്ചിട്ടുള്ളത്.
ആറു വാര്‍ഡുകളില്‍ ഇന്നും നിരോധനാജ്ഞ
ചിന്നക്കനാലില്‍ ചക്കക്കൊമ്പനെ മയക്കുവെടിവച്ച് പിടികൂടി റേഡിയോ കോളര്‍ ഘടിപ്പിക്കുന്ന ദൗത്യത്തിന്റെ ഭാഗമായി ചിന്നക്കനാല്‍ പഞ്ചായത്തിലെ ആറ് വാര്‍ഡുകളില്‍ ജില്ലാ ഭരണകൂടം പ്രഖ്യാപിച്ച നിരോധനാജ്ഞ ഇന്നും തുടരും. പുലര്‍ച്ചെ 12.30 മുതല്‍ ദൗത്യം പൂര്‍ത്തിയാക്കി നിയന്ത്രണങ്ങള്‍ പിന്‍വലിക്കുന്നതുവരെയോ അല്ലെങ്കില്‍ രാത്രി 11.30 വരെയോ ആണ് നിരോധനാജ്ഞ.
ഇന്നലെ ദൗത്യം പൂര്‍ത്തിയാകാത്തതിനാലാണിത്. പഞ്ചായത്തിലെ 1, 2, 9, 10, 11, 12 വാര്‍ഡുകളിലാണ് നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയിരിക്കുന്നത്.
ദൗത്യമേഖലയിലും സമീപപ്രദേശങ്ങളിലും ഡ്രോണ്‍ കാമറകള്‍, നൈറ്റ് കാമറകള്‍, കാമറ ട്രാപ്പുകള്‍ എന്നിവയുടെ പ്രവര്‍ത്തനവും നിരോധിച്ചിട്ടുണ്ട്. മയക്കുവെടിവയ്ക്കുന്ന സമയത്ത് ആന പ്രകോപിതനായി ജനവാസ മേഖലയിലേക്ക് നീങ്ങാനുള്ള സാധ്യത കണക്കിലെടുത്ത് പ്രദേശവാസികള്‍ അതീവ ജാഗ്രത പാലിക്കണമെന്നും നിര്‍ദേശം നല്‍കിയിട്ടുണ്ട്.