അറക്കുളം: പഞ്ചായത്തിന്റെ നേതൃത്വത്തില്‍ പൊതുജന പങ്കാളിത്തത്തോടെ ആരംഭിക്കുന്ന മാലിന്യപരിപാലന കാമ്പയിനായ നിര്‍മലം പുതുയുഗ ശുചിത്വ കേരളം പദ്ധതിയില്‍ ഒന്നാം വാര്‍ഡില്‍നിന്നും അറക്കുളം പഞ്ചായത്തിന്റെ പ്രവേശനകവാടത്തിലുള്ള കാഞ്ഞാര്‍ വാട്ടര്‍ തീം പാര്‍ക്ക് തെരഞ്ഞെടുത്തു.
കരുതലോടെ കണ്ടെത്താം, ഒരുമിച്ച് ശുചീകരിക്കാം, തുടര്‍ച്ചയായി സംരക്ഷിക്കാം എന്ന ടാഗ് ലൈനോടെ ഐസി 100 ചലഞ്ച് എന്ന പേരില്‍ 100 ദിവസത്തെ ജനകീയ കാമ്പയിനാണ് സംഘടിപ്പിക്കുന്നത്. മാലിന്യമുക്ത കേരളം എന്ന ലക്ഷ്യം സാധ്യമാക്കുന്നതിനും, ശുചിത്വ പ്രവര്‍ത്തനങ്ങളില്‍ ജനപങ്കാളിത്തം ശക്തിപ്പെടുത്തുന്നതിനും വ്യക്തികളിലും സമൂഹത്തിലും ഉത്തരവാദിത്വബോധവും ശുചിത്വ ശീലവും വളര്‍ത്തുന്നതിനും വേണ്ടിയാണ് കാമ്പയിന് സംഘടിപ്പിക്കുന്നത്.
കാഞ്ഞാര്‍ പാര്‍ക്ക് തുടര്‍ച്ചയായി മാലിന്യമുക്തമായി നിലനിര്‍ത്തുന്നതിനുള്ള ജനകീയ ഇടപെടലും സ്ഥിരമായ പരിപാലനവും ഉണ്ടാകും. ശുചീകരണ പ്രവര്‍ത്തനത്തില്‍ ജനപ്രതിനിധികള്‍, ഹരിതകര്‍മസേനാംഗങ്ങള്‍, റസിഡന്റ്സ് അസോസിയേഷനുകള്‍, സന്നദ്ധ സംഘടനകള്‍, യുവജന വിദ്യാര്‍ഥി കൂട്ടായ്മകള്‍, വ്യാപാരി-വ്യവസായി സംഘടനകള്‍, കുടുംബശ്രീ തൊഴിലുറപ്പ് ഉള്‍പ്പടെ പ്രാദേശിക കൂട്ടായ്മകള്‍, എന്‍എസ്എസ്, എന്‍സിസി, വിവിധ ക്ലബ്ബുകള്‍, വായനശാലകള്‍ അടക്കം മുഴുവന്‍ ജനങ്ങളുടെയും പങ്കാളിത്തത്തോടെയായിരിക്കും നൂറുദിവസം നീണ്ടു നില്ക്കുന്ന മെഗാ ശുചീകരണം നടപ്പാക്കുക.
അറക്കുളം പഞ്ചായത്ത് ഒന്നാം വാര്‍ഡ് ആരോഗ്യ ശുചിത്വ കമ്മിറ്റിയുടെ യോഗമാണ് കാഞ്ഞാര്‍ പാര്‍ക്ക് തെരഞ്ഞെടുത്തത്. യോഗത്തില്‍ പഞ്ചായത്ത് മെംബര്‍ പി.എ. വേലുക്കുട്ടന് അധ്യക്ഷത വഹിച്ചു. സി.ടി. സ്കറിയ, ജോമോന് മൈലാടൂര്‍, സാജു കുന്നേമുറി, വല്‍സ സതീശന്, മേഴ്സി മൈക്കിള്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു.
ഒന്നാം വാര്‍ഡില്‍ താമസിക്കുന്ന മുഴുവന്‍ അന്യസംസ്ഥാന തൊഴിലാളികളെ സ്ക്രീനിംഗ് നടത്താനും, വാര്‍ഡിന്റെ പല ഭാഗങ്ങളിലായി 30 വയസിനു മുകളിലുള്ള ആളുകളെ പങ്കെടുപ്പിച്ച് ബിപി, പ്രമേഹ പരിശോധനകൾ നടത്താനും, ക്രിസ്മസ് അവധിക്കാലത്ത് കുട്ടികളെ സംഘടിപ്പിച്ച് ആരോഗ്യ വിദ്യാഭാസവും സ്ക്രീനിംഗും നടത്താനും ആരോഗ്യ ശുചിത്വ കമ്മിറ്റി തീരുമാനിച്ചു.