കല്ലാനിക്കല്: വിദ്യാര്‍ഥികളില്‍ കാര്‍ഷിക സംസ്കാരം വളര്‍ത്തുകയെന്ന ലക്ഷ്യത്തോടെ കൃഷി വകുപ്പും വിദ്യാഭ്യാസ വകുപ്പും സംയുക്തമായി നടപ്പാക്കുന്ന കതിര് കാര്‍ഷിക ക്ലബ്ബിന്റെ നേതൃത്വത്തില്‍ കല്ലാനിക്കല് സെന്റ് ജോര്‍ജ് ഹയര്‍ സെക്കന്‍ഡറി സ്കൂളില്‍ മത്സ്യക്കൃഷിക്ക് തുടക്കമായി.
മത്സ്യക്കുഞ്ഞുങ്ങളുടെ വിതരണോദ്ഘാടനം ഇടവെട്ടി പഞ്ചായത്ത് പ്രസിഡന്റ് മുഹമ്മദ് അമീറും മത്സ്യക്കൃഷിയുടെ ഉദ്ഘാടനം കൃഷി ഓഫിസര്‍ അമ്പിളി സദാനന്ദനും നിര്‍വഹിച്ചു. കൃഷിയില്‍ താത്പര്യമുള്ള 25 വിദ്യാര്‍ഥികളാണ് ക്ലബ്ബിന്റെ പ്രവര്‍ത്തനങ്ങളില്‍ സജീവമായി പങ്കാളികളാകുന്നത്. സ്കൂളിനോടു ചേര്‍ന്നുള്ള പത്തു സെന്റിലധികം സ്ഥലത്താണ് വിവിധ കാര്‍ഷിക പ്രവര്‍ത്തനങ്ങള്‍ നടത്തിവരുന്നത്.
പുഷ്പകൃഷി, വിവിധയിനം പച്ചക്കറികള്‍, വാഴ, മരച്ചീനി തുടങ്ങിയവയും ഇവിടെ കൃഷി ചെയ്തുവരുന്നു. മണ്ണൊരുക്കല്‍ മുതല്‍ വിത്തുനടീലും തുടര്‍പരിപാലനവും ഉള്‍പ്പടെ കൃഷിയുടെ എല്ലാ ഘട്ടങ്ങളിലും വിദ്യാര്‍ഥികള്‍ ആവേശത്തോടെ പങ്കെടുത്തുവരുന്നു.
പാഠപുസ്തകത്തിനപ്പുറം നേരിട്ടുള്ള അനുഭവത്തിലൂടെ കൃഷിയെ തിരിച്ചറിയാനും സ്വായത്തമാക്കാനും അധ്വാനത്തിന്റെയും സ്വയംപര്യാപ്തതയുടെയും മൂല്യങ്ങള്‍ വളര്‍ത്തിയെടുക്കാനും ഇത്തരം പ്രവര്‍ത്തനങ്ങള്‍ വിദ്യാര്‍ഥികള്‍ക്ക് അവസരമൊരുക്കുന്നു.
സംസ്ഥാനത്ത് കതിര് കാര്‍ഷിക ക്ലബ് പദ്ധതിയിലേക്ക് തെരഞ്ഞെടുക്കപ്പെട്ട 500 സ്കൂളുകളില്‍ ഒന്നാണിത്. കുട്ടികള്‍ക്ക് പിന്തുണയുമായി അധ്യാപകരായ സോമി ജോസ് കോടമുള്ളില്‍, ജോബിന് ജോസ് എന്നിവരും ഒപ്പമുണ്ട്. ആലക്കോട് സ്വദേശിയും മികച്ച കര്‍ഷകനുമായ പി.സി. ആന്റണി പള്ളത്തിന്റെ മാര്‍ഗനിര്‍ദേശവും കൃഷിക്ക് ഏറെ പ്രയോജനപ്പെടുന്നുണ്ടെന്ന് അധികൃതര്‍ പറഞ്ഞു.