കുഞ്ചിത്തണ്ണി: ഭാര്യയുടെ സഹോദരന്റെ വെട്ടേറ്റ് യുവാവ് മരിച്ചു. ബൈസൺവാലി നെല്ലിക്കാട് മുത്തൻമുടി സ്വദേശി പ്രഭു (മാർഷൽ ബ്രിട്ടോ - 44 )ആണ് കൊല്ലപ്പെട്ടത്. സംഭവത്തിൽ പ്രഭുവിന്റെ ഭാര്യ ജാൻസിയുടെ സഹോദരൻ എഡ്വേഡ് സാമുവൽ(സാം) രാജാക്കാട് പൊലിസിന്റെ പിടിയിലായി. വ്യാഴാഴ്ച രാത്രി 9.30നാണ് സംഭവം. ഈ സമയത്ത് പ്രദേശത്ത് വൈദ്യുതി തടസപ്പെട്ടിരുന്നു. മരിച്ച പ്രഭുവും ഭാര്യ ജാൻസിയും തമ്മിൽ പിണക്കത്തിലായിരുന്നു. സമീപത്തെ വീടുകളിൽ താമസിക്കുന്ന പ്രഭുവും സാമും വ്യാഴാഴ്ച വൈകുന്നേരം ഒരുമിച്ചിരുന്ന് മദ്യപിച്ചിരുന്നു.
ഇതിനിടെയുണ്ടായ വാക്കുതർക്കത്തെത്തുടർന്നു സാമിനെ പ്രഭു പിടിച്ചുതള്ളി. ഇതിൽ പ്രകോപിതനായ സാം വീട്ടിൽ പോയി വാക്കത്തികൊണ്ടുവന്ന് പ്രഭുവിനെ പലതവണ വെട്ടുകയായിരുന്നു. ഭാര്യ ജാൻസി തിരികെ വീട്ടിലേക്ക് വന്നപ്പോഴാണ് പ്രഭുവിനെ വെട്ടേറ്റ നിലയിൽ കണ്ടത്. ഉടൻതന്നെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
ഇടുക്കി മെഡിക്കൽ കോളജിൽ പോസ്റ്റ്മോർട്ടത്തിനു ശേഷം മൃതദേഹം സംസ്കരിച്ചു. സംഭവത്തിനു ശേഷം നാടുവിട്ട സാമിനെ മൂന്നാറിൽനിന്നു പൊലിസ് പിടികൂടി.ഇയാൾക്ക് ഇടയ്ക്കിടെ മാനസികാസ്വാസ്ഥ്യം ഉണ്ടാകാറുണ്ടെന്നു നാട്ടുകാർ പറഞ്ഞു. അബി,ആമി എന്നിവരാണ് പ്രഭുവിന്റെ മക്കൾ.