ചപ്പാരപ്പടവ്: കൂവേരിയിൽ കുപ്പം പുഴയ്ക്ക് കുറുകെ നിർമിച്ച തൂക്കുപാലം കാലപ്പഴക്കത്താലും അറ്റകുറ്റപ്പണികളുടെ അഭാവത്താലും അതീവ അപകടാവസ്ഥയിൽ. പാലത്തെ താങ്ങിനിർത്തുന്ന ഇരുമ്പ് റോപ്പുകൾ തുരുമ്പെടുത്ത് പൊട്ടാറായ നിലയിലാണ്. യാത്രക്കാർ പുഴയിലേക്ക് വീഴാതിരിക്കാൻ സ്ഥാപിച്ച വശങ്ങളിലെ കമ്പിവേലികളും കൈവരികളും നശിച്ചതോടെ ഏതുനിമിഷവും ദുരന്തം സംഭവിക്കാവുന്ന സ്ഥിതിയാണുള്ളത്.
കൂവേരിക്കടവ് ഭാഗത്തുനിന്ന് പുഴയ്ക്ക് അക്കരെയുള്ള കൊട്ടക്കാനം, ആലത്തട്ട് പ്രദേശങ്ങളിലേക്കുള്ള ജനങ്ങളുടെ യാത്രാദുരിതം പരിഹരിക്കുന്നതിനായാണ് ഈ തൂക്കുപാലം നിർമിച്ചത്. പാലം വരുന്നതിന് മുന്പ് പ്രദേശവാസികൾ തോണികളെയും മറ്റും ആശ്രയിച്ചാണ് മറുകര കടന്നിരുന്നത്. കൊട്ടക്കാനം യുപി സ്കൂളിലേക്ക് പോകുന്ന വിദ്യാർഥികൾ ഉൾപ്പടെയുള്ള നാട്ടുകാർക്ക് മറുകരയുമായി ബന്ധപ്പെടാനുള്ള ആശ്രയമാണിത്.
2002ലാണ് തൂക്കുപാലം നിർമിച്ച് പൊതുജനങ്ങൾക്കായി തുറന്നുകൊടുത്തത്. കാൽനടക്കാർക്കായി നിർമിച്ച പാലത്തിന് നിലവിൽ 24 വർഷത്തോളം പഴക്കമുണ്ട്. അറ്റകുറ്റപ്പണി നടക്കാത്തതിനാൽ പാലം ഒരുവശത്തേക്ക് ചെരിഞ്ഞ അവസ്ഥയിലാണ്. ആളുകൾ നടക്കുമ്പോൾ പാലം അപകടകരമാംവിധം ആടുന്നുണ്ട്.
പ്രകൃതിരമണീയമായ പുഴയോരവും പാലവും കാണാൻ ദിനംപ്രതി നൂറുകണക്കിന് വിനോദസഞ്ചാരികൾ ഇവിടെ എത്താറുണ്ട്. ഒരേസമയം നിരവധി ആളുകൾ പാലത്തിൽ കയറുന്നത് അപകടസാധ്യത ഇരട്ടിയാക്കുന്നുണ്ട്. അറ്റകുറ്റപ്പണിക്കായി പഞ്ചായത്ത് ഫണ്ട് അനുവദിച്ചിട്ടുണ്ടെങ്കിലും ടെൻഡർ നടപടികൾ പൂർത്തിയാക്കി പണി തുടങ്ങാൻ ഇതുവരെ സാധിച്ചിട്ടില്ല. പാലത്തിന്റെ ബലക്ഷയം പരിഹരിക്കാൻ അധികൃതർ അടിയന്തരമായി ഇടപെടണമെന്നാണ് നാട്ടുകാരുടെ ആവശ്യം.