ആലക്കോട്: കാർത്തികപുരം ടൗണിൽ വാട്ടർ അഥോറിറ്റിയുടെ കുടിവെള്ള പൈപ്പ് പൊട്ടി വെള്ളം പാഴാകുന്നത് പതിവാകുന്നു. തളിപ്പറമ്പ്-മണക്കടവ് ടിസിബി റോഡും കാർത്തികപുരം-ഉദയഗിരി-താബോർ മെക്കാഡം റോഡും സംഗമിക്കുന്ന ടൗണിലെ പ്രധാന റോഡിലാണ് തുടർച്ചയായി പൈപ്പ് പൊട്ടുന്നത്. ഇതോടെ റോഡ് തോടായി മാറുകയും വാഹനയാത്രയ്ക്ക് തടസമുണ്ടാകുകയും ചെയ്യുന്നു.
ഒരു മാസത്തിനിടെ നാലു തവണയാണ് പൈപ്പ് പൊട്ടി ടൗണിലൂടെ കുടിവെള്ളം ഒഴുകിയത്. മുൻ മാസങ്ങളിലും സമാനമായ സ്ഥിതിയായിരുന്നു. പൈപ്പ് പൊട്ടിയാൽ അറ്റകുറ്റപ്പണി നടത്തി ജലവിതരണം പുനഃസ്ഥാപിക്കാൻ ദിവസങ്ങളെടുക്കുന്നതോടെ വലിയ അളവിൽ കുടിവെള്ളമാണ് പാഴാകുന്നത്.
വെള്ളം റോഡിലൂടെ ഒഴുകുന്നത് വ്യാപാര സ്ഥാപനങ്ങളിലേക്ക് ആളുകൾക്ക് പ്രവേശിക്കുന്നതിനും കാൽനടയാത്രക്കാർക്കും ടാക്സി വാഹനങ്ങൾ പാർക്ക് ചെയ്യുന്നവർക്കും ദുരിതമാകുന്നുണ്ട്. തിരക്കേറിയ ടൗണിൽ ഗതാഗതതടസത്തിനും ഇത് കാരണമാകുന്നു.
പതിവായുള്ള പൈപ്പ് പൊട്ടലിന് ശാശ്വത പരിഹാരം കാണാൻ വാട്ടർ അഥോറിറ്റി അടിയന്തര നടപടി സ്വീകരിക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം. നിരവധി തവണ അധികൃതരുടെ ശ്രദ്ധയിൽപെടുത്തിയിട്ടും നടപടിയുണ്ടാകാത്തതിൽ നാട്ടുകാർക്ക് പ്രതിഷേധവുമുണ്ട്.