ആലക്കോട്: പതിനൊന്ന് വാർഡുകളിലെ കുടുംബങ്ങൾക്ക് കുടിവെള്ളമെത്തിക്കാൻ ഒന്പതു കോടി രൂപ ചെലവഴിച്ച് നടപ്പാക്കിയ രയറോം-ബീബുംകാട് ജലനിധി കുടിവെള്ള പദ്ധതി അധികൃതരുടെ അനാസ്ഥയിൽ ഉപേക്ഷിക്കപ്പെട്ട നിലയിൽ. പമ്പ് ഹൗസ് ഉൾപ്പടെയുള്ള പദ്ധതി പ്രദേശം കാടുകയറി നശിക്കുകയാണ്. ഇഴജന്തുക്കളുടെ താവളമായും ഇവിടം മാറി.
2015-16 വർഷമാണ് പദ്ധതി നടപ്പാക്കിയത്. തുടക്കത്തിൽ ഇടയ്ക്കിടെ തടസങ്ങളുണ്ടായിരുന്നെങ്കിലും ജലവിതരണം നടന്നിരുന്നു. പിന്നീട് രണ്ടുവർഷത്തോളം പൂർണമായി മുടങ്ങി. പുനരാരംഭിച്ച ജലവിതരണം നാലുവർഷത്തിലേറെയായി വീണ്ടും നിലച്ചിരിക്കുകയാണ്.
കുടിവെള്ളം ലഭിച്ചാലും ഇല്ലെങ്കിലും ആദ്യകാലത്ത് ഗുണഭോക്താക്കളിൽനിന്ന് മാസംതോറും കൃത്യമായി പണം പിരിച്ചിരുന്നു. സാധാരണ കുടിവെള്ള പദ്ധതികൾ വേനലിൽ ജലലഭ്യത കുറയുന്നതുൾപ്പടെയുള്ള കാരണങ്ങളാൽ പരാജയപ്പെടാറുണ്ടെങ്കിലും ഈ പദ്ധതിക്ക് അത്തരമൊരു പ്രതിസന്ധിയുണ്ടായിരുന്നില്ല. രയറോം പുഴയിലെ ഒരിക്കലും വറ്റാത്ത ചെകുത്താൻകയത്തിൽ നിർമിച്ച തടയണയിൽനിന്നായിരുന്നു വെള്ളം പമ്പ് ചെയ്തിരുന്നത്.
15,000 മുതൽ 20,000 രൂപവരെ ഗുണഭോക്തൃവിഹിതം അടച്ച് കണക്ഷനെടുത്തതിനു പുറമേ പൈപ്പിന്റെ വിലയായി അയ്യായിരത്തിലധികം രൂപയും പലരും ചെലവഴിച്ചിരുന്നു. എന്നാൽ, ഇവരിൽ പലർക്കും രണ്ടുമാസംപോലും കൃത്യമായി വെള്ളം ലഭിച്ചില്ലെന്ന പരാതിയുണ്ട്.
നിർമാണത്തിലെ അപാകതകൾ കാരണം പ്രവൃത്തി നടക്കുമ്പോൾത്തന്നെ പൈപ്പുകൾ പൊട്ടിയിരുന്നു. ജലവിതരണം ആരംഭിച്ച ആദ്യഘട്ടത്തിലും പൈപ്പുകൾ പൊട്ടി വെള്ളം റോഡിലൂടെ കുത്തിയൊഴുകിയത് നാട്ടുകാർക്ക് ദുരിതവും ഭീഷണിയുമായി. പിന്നീട് വിവിധ കാരണങ്ങളാൽ ജലവിതരണം പൂർണമായി നിലച്ചു.
നിരവധി കുടുംബങ്ങൾ വായ്പയെടുത്തും സ്വർണം പണയപ്പെടുത്തിയും പണം കണ്ടെത്തിയാണ് പദ്ധതിയിൽ കണക്ഷനെടുത്തത്. ജലനിധിയിലൂടെ കുടിവെള്ളം ലഭിക്കുമെന്ന പ്രതീക്ഷയിൽ പണം മുടക്കിയ കുടുംബങ്ങൾ ഇപ്പോൾ കടുത്ത നിരാശയിലാണ്. കോടികൾ ചെലവഴിച്ച പദ്ധതി പുനരുജ്ജീവിപ്പിച്ച് കുടിവെള്ള വിതരണം പുനഃസ്ഥാപിക്കണമെന്ന ആവശ്യം ശക്തമാണ്.