ഇരിട്ടി: കർഷകരുടെ കൂട്ടായ്മയിലൂടെ കാർഷിക മേഖലയിലും മൂല്യവർധിത ഉത്പന്ന വിപണന രംഗത്തും ശ്രദ്ധേയമായ മുന്നേറ്റം നടത്തുന്ന ബയോമൗണ്ടൻ ഫാർമേഴ്സ് പ്രൊഡ്യൂസർ കമ്പനി സന്ദർശിക്കാൻ സന്നദ്ധത അറിയിച്ച് ഉപരാഷ്ട്രപതി സി.പി. രാധാകൃഷ്ണൻ.
കമ്പനിയുടെ മാനേജിംഗ് ഡയറക്ടർ ഫാ. ഡോ. ബെന്നി നിരപ്പേൽ ഉപരാഷ്ട്രപതിയുമായി നടത്തിയ കൂടിക്കാഴ്ചയിലാണ് അദ്ദേഹം കന്പനി സന്ദർശിക്കാനുള്ള താത്പര്യവും സന്നദ്ധതയും അറിയിച്ചത്. കർഷകക്ഷേമം, കാർഷിക ഉത്പന്നങ്ങളുടെ മൂല്യവർധിത ഉത്പന്ന നിർമാണം, വിപണന സാധ്യതകൾ, കർഷകരുടെ സാമ്പത്തിക പുരോഗതി എന്നിവ ലക്ഷ്യമാക്കി ബയോമൗണ്ടൻ നടത്തുന്ന പ്രവർത്തനങ്ങൾ ഫാ.ഡോ. ബെന്നി നിരപ്പേൽ ഉപരാഷ്ട്രപതിക്കു മുന്പാകെ വിശദീകരിച്ചു. ഇതേ തുടർന്നാണ് കമ്പനിയുടെ പ്രവർത്തനങ്ങൾ നേരിട്ട് മനസലാക്കുന്നതിനായി ബയോമൗണ്ടൻ സന്ദർശിക്കാനുള്ള സന്നദ്ധത ഉപരാഷ്ട്രപതി വ്യക്തമാക്കിയത്.
കർഷകരുടെ കൂട്ടായ്മയിൽ രൂപംകൊണ്ട ബയോമൗണ്ടന്റെ പ്രവർത്തനങ്ങൾക്ക് ഉപരാഷ്ട്രപതിയുടെ സന്നദ്ധത ദേശീയ അംഗീകരവും കന്പനിയുടെ അഭിമാനകരമായ നേട്ടവുമാണെന്ന് ചെയർമാൻ മോൺ. സെബാസ്റ്റ്യൻ പാലാക്കുഴി, ഫാ. ജോസഫ് കുരിശുംമൂട്ടിൽ,ഫാ. ജുബിൻ കണിപറമ്പിൽ എന്നിവർ പറഞ്ഞു.