പയ്യാവൂർ: കർണാടക വനാതിർത്തിയോട് ചേർന്ന പയ്യാവൂർ ഗ്രാമപഞ്ചായത്ത് പരിധിയിലെ മതിലേരി ഭാഗത്ത് സൗരോർജ തൂക്കുവേലി തകർത്ത് ജനവാസമേഖലയിലെത്തിയ കാട്ടാനക്കൂട്ടം പ്രദേശത്തെ കൃഷിയിടങ്ങൾ വ്യാപകമായി നശിപ്പിച്ചു. എട്ടോളം കാട്ടാനകൾ ചേർന്ന് തെങ്ങ്, കമുക്, വാഴ, കശുമാവ്, കുരുമുളക് തുടങ്ങിയ കൃഷികളാണ് നശിപ്പിച്ചത്.
നാലു വർഷങ്ങൾക്ക് മുമ്പ് ജില്ലാ പഞ്ചായത്തിന്റെ 40 ലക്ഷവും ഇരിക്കൂർ ബ്ലോക്ക് പഞ്ചായത്തിന്റെ അഞ്ചു ലക്ഷവും പയ്യാവൂർ ഗ്രാമപഞ്ചായത്തിന്റെ 35 ലക്ഷവും ചേർത്ത് ആകെ 80 ലക്ഷം രൂപ ചെലവഴിച്ചാണ് വനാതിർത്തിയിൽ കാട്ടാനകളെ പ്രതിരോധിക്കാൻ ഫലപ്രദമായ സൗരോർജ തൂക്കുവേലി സ്ഥാപിച്ചിരുന്നത്. ആനകൾ ചേർന്ന് സമീപത്തെ മരങ്ങൾ തള്ളിയിട്ട് തകർക്കുന്ന തൂക്കുവേലിയിൽ വൈദ്യുതിബന്ധം നിലച്ചപ്പോൾ ഇതുവഴി ജനവാസമേഖലയിൽ കടക്കുകയാണുണ്ടായത്. ഏതാനും നാളുകൾക്ക് മുമ്പ് ഇങ്ങനെ കൃഷിയിടങ്ങളിലെത്തിയ പത്തോളം കാട്ടാനകളെ വനംവകുപ്പിന്റെ ടാസ്ക് ഫോഴ്സ് കാട്ടിലേക്ക് തുരത്തിയതിനെ തുടർന്ന് ശല്യം കുറഞ്ഞിരുന്നതാണ്.
ആനകൾ തകർത്ത വേലി പയ്യാവൂർ പഞ്ചായത്ത് പുനഃസ്ഥാപിച്ചെങ്കിലും ആനകളെ കർണാടക വനത്തിനുള്ളിലേക്ക് കയറ്റിവിടാൻ സാധിച്ചിരുന്നില്ല. കഴിഞ്ഞയാഴ്ച നടത്തിയ ഡ്രോൺ പരിശോധനയിൽ വിനോദസഞ്ചാര കേന്ദ്രമായ ശശിപ്പാറയുടെ മുകൾഭാഗത്ത് ആനകളെ കണ്ടെത്തുകയുണ്ടായി. കാട്ടാനക്കൂട്ടത്തിൽ കുട്ടിയാനയുമുള്ളതിനാൽ സുരക്ഷിതമായി അതിർത്തി കടത്തിവിടാനുള്ള ശ്രമത്തിലാണിപ്പോൾ പ്രത്യേക ദൗത്യസംഘം. ആനകൾ വീണ്ടും ജനവാസമേഖലയിലേക്ക് തിരിച്ചിറങ്ങാതിരിക്കാൻ വനംവകുപ്പിന്റെ രാത്രികാല പട്രോളിംഗും തുടരുന്നുണ്ട്.