കാസർഗോഡ്: വീടുകൾക്കുള്ളിൽ സ്ത്രീകൾ നേരിടുന്ന പീഡനങ്ങളും മറ്റു ഗാർഹിക അതിക്രമങ്ങളും തുറന്നുപറയാനുള്ള വേദിയൊരുക്കി പൊലിസ്. സോഷ്യൽ പൊലിസിംഗ് ഡിവിഷനും കാസർഗോഡ് വനിതാ പൊലിസ് സ്റ്റേഷനും സംയുക്തമായാണ് നഗരസഭാ കോൺഫറൻസ് ഹാളിൽ പരിപാടി സംഘടിപ്പിച്ചത്.
ജില്ലാ പൊലിസ് മേധാവി പി. നിധിൻ രാജ് ഉദ്ഘാടനം ചെയ്തു. നഗരസഭ വൈസ് ചെയർപേഴ്സൺ കെ.എം. ഹനീഫ് അധ്യക്ഷത വഹിച്ചു. എഎസ്പി അച്യുത് അശോക്, നാർക്കോട്ടിക് സെൽ ഡിവൈഎസ്പി ഡോ. വി. ബാലകൃഷ്ണൻ എന്നിവർ പ്രസംഗിച്ചു.
വനിതാ ശിശു വികസന, വനിതാ സംരക്ഷണ, ശിശു സംരക്ഷണ വകുപ്പുകളിലെയും ചൈൽഡ് വെൽഫെയർ കമ്മിറ്റി, പ്രൊബേഷൻ ഓഫീസ് എന്നിവിടങ്ങളിലെയും ഉദ്യോഗസ്ഥരും കുടുംബശ്രീ, സ്നേഹിത പ്രതിനിധികളും പരിപാടിയിൽ സംബന്ധിച്ചു.
നിരവധി സ്ത്രീകൾ യോഗത്തിൽ പങ്കെടുത്ത് തങ്ങളുടെ വ്യക്തപരവും ഗാർഹികവുമായ പ്രശ്നങ്ങളും പരാതികളും അവതരിപ്പിച്ചു.
പരാതികൾ പൊലിസ് ഉദ്യോഗസ്ഥരും വിവിധ വകുപ്പുകളുടെ പ്രതിനിധികളും നേരിട്ട് കേൾക്കുകയും ആവശ്യമായ പരിഹാരമാർഗങ്ങൾ നിർദേശിക്കുകയും ചെയ്തു.