ചെർക്കള: പാതയോരത്ത് മാലിന്യം തള്ളുന്നത് തടയാൻ ചെങ്കള പഞ്ചായത്ത് വിവിധയിടങ്ങളിൽ സ്ഥാപിച്ച കാമറകളിൽ കാടും പടർപ്പുകളും വന്നുമൂടി.
പാതയോരങ്ങൾ കാടുമൂടുകയും കാമറകൾ പ്രവർത്തനരഹിതമാവുകയും ചെയ്തതോടെ രാത്രികാലങ്ങളിൽ വാഹനങ്ങളിലെത്തുന്നവർ മാലിന്യക്കെട്ടുകൾ തള്ളുന്നതും പതിവായി.
25 ലക്ഷത്തോളം രൂപ ചെലവിലാണ് രണ്ടു വർഷം മുമ്പ് പാതയോരങ്ങളിലെ 12 ഇടങ്ങളിൽ കാമറകൾ സ്ഥാപിച്ചത്. ആദ്യകാലത്ത് മാലിന്യം തള്ളാനെത്തുന്നവരെ കാമറയിൽ കുടുക്കി പിഴയീടാക്കുകയും ചെയ്തിരുന്നു.
മാസങ്ങൾ കഴിഞ്ഞതോടെയാണ് കാമറകൾ ഓരോന്നായി പ്രവർത്തനരഹിതമായത്. മഴക്കാലം വന്നപ്പോൾ പരിസരമാകെ കാടുമൂടുകയും ചെയ്തു. ചെർക്കള ബസ് സ്റ്റാൻഡ് പരിസരത്തു സ്ഥാപിച്ച നാല് കാമറകളും പ്രവർത്തിക്കാതായതോടെ ഇവിടം വീണ്ടും പഴയപടി മാലിന്യനിക്ഷേപകേന്ദ്രമായി മാറി. കാട്ടുവള്ളികൾ നീക്കി പരിസരം വൃത്തിയാക്കുകയും കാമറകൾ അറ്റകുറ്റപണി നടത്തി വീണ്ടും പ്രവർത്തനക്ഷമമാക്കുകയും ചെയ്യാൻ പഞ്ചായത്ത് മുൻകൈയെടുക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.