അഞ്ചല്‍ : കട്ടിലില്‍ കിടക്കുന്നത് സംബന്ധിച്ച തര്‍ക്കത്തെ തുടര്‍ന്നു അനുജനെ റബര്‍ ടാപ്പിംഗ് കത്തി ഉപയോഗിച്ച് കുത്തികൊലപ്പെടുത്താന്‍ ശ്രമിച്ച അനുജന് അറസ്റ്റില്‍. പൊടിയാട്ടുവിള താനൂർക്കോണം വസന്ത വിലാസത്തിൽ ഉദയകുമാര്‍ (50) ആണ് അഞ്ചൽ പൊലിസിന്റെ പിടിയിലായത്. ഇയാളുടെ കുത്തേറ്റ അനുജന് സുരേഷ് (38) നെ ഗുരുതരമായ പരിക്കുകളോടെ തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
കഴിഞ്ഞ ദിവസം രാത്രി എട്ടോടെയായിരുന്നു സംഭവം. ഇരുവരും ഒരുമിച്ച് തമാസിച്ചുവന്നിരുന്ന താനൂർകോണത്തെ കുടുംബവീട്ടിൽവച്ച് സുരേഷ് കിടക്കാന്‍ ഉപയോഗിച്ചിരുന്ന കട്ടിലില്‍ ഉദയകുമാര്‍ കിടന്നതിനെ ചൊല്ലി ഇരുവരും തമ്മില്‍ തര്‍ക്കമുണ്ടായി. ഇതുപിന്നീട് കൈയാങ്കളിയുമായി. ഇതിനിടയില്‍ റബര്‍ ടാപ്പിംഗിനായി ഉദയകുമാര്‍ ഉപയോഗിച്ചിരുന്ന കത്തി എടുത്ത് സുരേഷിനെ കുത്തുകയായിരുന്നു. നെഞ്ചിനും കൈക്കും ആഴത്തിൽ മുറിവേറ്റ സുരേഷിന്റെ നിലവിളികേട്ട് ഓടിക്കൂടിയ നാട്ടുകാര്‍ അഞ്ചല്‍ പൊലിസിനെ വിവരം അറിയിക്കുകയുമായിരുന്നു. പോലീസെത്തിയാണ് നാട്ടുകാരുടെ കൂടി സഹായത്തോടെ സുരേഷിനെ കൊട്ടാരക്കര താലൂക്ക് ആശുപത്രിയില്‍ എത്തിക്കുന്നത്.
പരിക്ക് ഗുരുതരമായതിനാല്‍ ഇയാളെ പിന്നീട് മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു. പ്രതിയെ സംഭവ സ്തലത്തുവച്ച് തന്നെ അഞ്ചല്‍ പൊലിസ് പിടികൂടി. പിന്നീട് സുരേഷിന്റെ മൊഴിയടക്കം രേഖപ്പെടുത്തിയ പൊലിസ് വധശ്രമം ഉള്‍പ്പടെയുള്ള വകുപ്പുകള്‍ ചുമത്തി ഉദയകുമാറിന്റെ അറസ്റ്റ് രേഖപ്പെടുത്തി. വൈദ്യ പരിശോധനയും തെളിവെടുപ്പും പൂര്‍ത്തിയാക്കിയ ശേഷം പുനലൂര്‍ കോടതിയില്‍ ഹാജരാക്കി റിമാൻഡ് ചെയ്തു