കൊല്ലം: എഴുകോണ്‍ പൊലിസ് സ്റ്റേഷനായുള്ള കെട്ടിട നിര്‍മാണം അവസാനഘട്ടത്തിലേക്ക്. എഴുകോണ്‍ അറുപറക്കോണം വെട്ടിലക്കോണത്ത് കെഐപി വകയായി ഉണ്ടായിരുന്ന ഭൂമിയില്‍ നിന്ന് പൊലിസ് സ്റ്റേഷനായി അനുവദിച്ച 20 സെന്റിലാണ് കെട്ടിടമൊരുങ്ങുന്നത്. മന്ത്രിയായിരിക്കെ കെ.എന്‍. ബാലഗോപാലിന്റെ ശ്രമഫലമായി അനുവദിച്ച 1.65 കോടി വിനിയോഗിച്ചാണ് സ്റ്റേഷന് കെട്ടിടം നിര്‍മിക്കുന്നത്. നിര്‍മാണം ഏറെക്കുറെ പൂര്‍ത്തിയായി.
പ്ളംബിംഗ്, ഇലക്ട്രിക്കല്‍, പ്രവേശന കവാടം, അലങ്കാര കൗതുകങ്ങള്‍ എന്നീ ജോലികള്‍ കൂടി പൂര്‍ത്തിയാക്കി നിറം നല്‍കുന്നതോടെ ഉദ്ഘാടനത്തിന് സജ്ജമാകും. 2022 മാര്‍ച്ചില്‍ തുടങ്ങിയ നിര്‍മാണം ഇപ്പോഴാണ് പൂര്‍ത്തീകരണ ഘട്ടത്തിലെത്തിയത്. കരാര്‍ കാലാവധി വരുന്ന ജനുവരിയില്‍ പൂര്‍ത്തിയാകും. ആദ്യം ഹാബിറ്റാറ്റിനാണ് കരാര്‍ നല്‍കിയത്, പിന്നീട് പൊലിസ് ഹൗസിംഗ് കണ്‍സ്ട്രക്ഷന്‍ കോര്‍പ്പറേഷനെ ഏല്പിക്കുകയായിരുന്നു.
സിഐയ്ക്കും എസ്ഐമാര്‍ക്കും പ്രത്യേകം മുറികള്‍, പരാതിക്കാര്‍ക്കും സന്ദര്‍ശകര്‍ക്കുമുള്ള വിശ്രമ മുറികള്‍, ഹാള്‍, ടോയ്ലെറ്റ് സംവിധാനം, ശിശുസൗഹൃദ മുറി, ലോക്കപ്പ്, മറ്റ് ഉദ്യോഗസ്ഥര്‍ക്കുള്ള സൗകര്യങ്ങള്‍, വീഡിയോ കോണ്‍ഫറന്‍സിംഗ് സംവിധാനങ്ങള്‍ എന്നിവ ഒരുക്കുകയാണ്.
1968 ഓഗസ്റ്റ് ഒന്നിന് മുഖ്യമന്ത്രിയായിരുന്ന ഇ.കെ. നായനാരാണ് എഴുകോണ്‍ പൊലീസ് സ്റ്റേഷന് ഉദ്ഘാടനം ചെയ്തത്. അന്ന് മുതല്‍ വിവിധ വാടക കെട്ടിടങ്ങളിലാണ് പ്രവര്‍ത്തിച്ചുവന്നത്. എഴുകോണ്‍- കരീപ്ര റോഡരികിലായി ജീര്‍ണിച്ച വാടക കെട്ടിടത്തിലാണ് 2005 മുതല്‍ പ്രവര്‍ത്തിച്ചിരുന്നത്.