കുളത്തൂപ്പുഴ: അമ്പതേക്കര്‍ ആദിവാസി ഉന്നതിയില്‍ പകലെന്നോ രാത്രിയെന്നോ വ്യത്യാസമില്ലാതെ കാട്ടുപോത്തുകള്‍ ജനവാസ മേഖലയിലേക്കിറങ്ങുന്നത് ഒരു പ്രദേശത്തെയാകെ ഭീതിയിലാക്കുന്നു. കഴിഞ്ഞ ഒരാഴ്ചയിലധികമായി ഒറ്റയാനായ കാട്ടുപോത്ത് ഗ്രാമവഴികളിലൂടെ തലങ്ങും വിലങ്ങും പോകുകയാണ്.
അതിനാല്‍ വീടിനു പുറത്തിറങ്ങാനോ ഇരുചക്ര വാഹനത്തില്‍ സഞ്ചരിക്കാനോ നാട്ടുകാര്‍ ഭയക്കുകയാണ്. സന്ധ്യ മയങ്ങുന്നതോടെ സമീപത്തെ കുട്ടിവനത്തില്‍ നിന്ന് അമ്പതേക്കര്‍ ഗ്രാമത്തിലേക്ക് കടന്നുവരുന്ന കാട്ടുപോത്തിന് നേരെ ലൈറ്റ് പ്രകാശിപ്പിച്ചാലോ ഒച്ചയിട്ടാലോ യാതൊരു കൂസലുമില്ലാതെ നടന്നെത്തുകയാണ്. പല ദിവസങ്ങളിലും പാതിരാത്രിയില്‍ വീടുകള്‍ക്ക് സമീപത്തു കൂടിയും മറ്റും കാട്ടുപോത്ത് പോകുന്നതും പലരുടെയും കൃഷികള്‍ ഭക്ഷിക്കുന്നതും കണ്ടവരുണ്ട്. നേരം പുലരുമ്പോഴാണ് കാട്ടുപോത്ത് മടങ്ങുന്നത്. അബദ്ധത്തിലെങ്ങാനും ഇരുചക്ര വാഹനങ്ങളോ ഓട്ടോ റിക്ഷയോ പുലര്‍ച്ചെ നടക്കാന്‍ പോകുന്നവരോ മുന്നില്‍ പെട്ടാല്‍ അപകടം ഉറപ്പാണ്.
ഏതാനും ദിവസം മുമ്പ് വനംവകുപ്പ് അഞ്ചല്‍ റെയിഞ്ചിന്റെ നേതൃത്വത്തില്‍ കുളത്തൂപ്പുഴ ടൗണിനോട് ചേര്‍ന്നുള്ള പതിനാറേക്കര്‍, മരുതിമൂട് പ്രദേശങ്ങളില്‍ തമ്പടിച്ചിരുന്ന കാട്ടുപോത്തുകളെ വനത്തിലേക്ക് പായിക്കുന്നതിനായി മിഷന് വൈല്‍ഡ് ലൈഫ് ഡ്രൈവ് സംഘടിപ്പിച്ച് അവയെ കുളത്തൂപ്പുഴയാറ് കടത്തി സൗരോര്‍ജ വേലി സ്ഥാപിച്ചിരുന്നു.
ഇത്തരത്തില്‍ വനത്തിലേക്ക് തുരത്തിയ കാട്ടുപോത്തുകള്‍ തൊട്ടടുത്തുള്ള ജനവാസ മേഖലയായ അമ്പതേക്കര്‍, അമ്പലം വാര്‍ഡുകളിലേക്ക് കടന്നെത്തുന്നതാണ് ഇപ്പോള്‍ നാട്ടുകാര്‍ക്ക് ഭീഷണിയായി മാറിയത്.
പകലും പാതയോരങ്ങളില്‍ കാട്ടുപോത്തുകളുടെ സാന്നിധ്യം കണ്ടതോടെ സ്വന്തം വീട്ടുമുറ്റത്തുപോലും സുരക്ഷിതമായി നില്ക്കാന് സാധിക്കാത്ത അവസ്ഥയാണെന്ന് നാട്ടുകാര്‍ പറയുന്നു.
ജനവാസ മേഖലയ്ക്ക് കടന്നെത്തുന്ന കാട്ടുമൃഗങ്ങളെ അടിയന്തരമായി ഉള്‍വനത്തിലേക്ക് തുരത്തി നാട്ടുകാരുടെ സുരക്ഷ ഉറപ്പാക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.