കൊല്ലം: കൊല്ലം-തിരുമംഗലം ദേശീയപാതയില്‍ ജലവിതരണക്കുഴല്പൊട്ടിയതിനെ തുടര്‍ന്ന് ദേശീയപാത പൊളിഞ്ഞു. വര്‍ക്ക് ഷോപ്പില്‍ വെള്ളം കയറുകയും ചെയ്തു. പുനലൂര്‍ വാളക്കോട് വലിയവളവിനു സമീപമാണ് രാത്രിയില്‍ ജലവിതരണ കുഴല്‍ പൊട്ടിയത്. പുനലൂര്‍ ജലവിതരണ പദ്ധതിയുടെ പുനലൂരില്‍നിന്ന് കലയനാട് ഭാഗത്തേക്കു പോകുന്ന കുഴലാണ് പൊട്ടിയത്.
റോഡ് ഏതാണ്ട് മൂന്നുമീറ്ററോളം നീളത്തില്പൊട്ടി വെള്ളം കുതിച്ചൊഴുകി. റോഡിനോടു തൊട്ടുചേര്‍ന്ന് തമിഴ്നാട് അംബാസമുദ്രം സ്വദേശി രാജേന്ദ്രന് നടത്തിവരുന്ന ഇരുചക്രവാഹന വര്‍ക്ക് ഷോപ്പിലാണ് വെള്ളം കയറിയത്.
സ്ഥലത്ത് റോഡ് മുഴുവന്‍ വെള്ളത്തിലായി. ഇത് വാഹനയാത്രക്കാര്‍ക്ക് ഏറെ ബുദ്ധിമുട്ടുണ്ടാക്കി. ഇപ്പോള്‍ കുഴല്‍ പൊട്ടിയതിനു തൊട്ടടുത്തായി ഒരുമാസംമുന്പും കുഴല്‍ പൊട്ടിയിരുന്നു. ഏതാനും നാളുകളായി പുനലൂര്‍ നഗരസഭാ പരിധിയില്‍ പലയിടത്തും ജലവിതരണക്കുഴല്പൊട്ടി ദേശീയപാത തകരുകയാണ്. ഒരുമാസംമുന്‍പ് പുനലൂര്‍ കെഎസ്ആര്‍ടിസി. ജംഗഷനില്‍ ജലവിതരണക്കുഴല്പൊട്ടി നാലിടത്ത് ദേശീയപാത തകര്‍ന്നിരുന്നു. റൗണ്ട് എബൗട്ടിനു സമീപം പാതയുടെ മധ്യത്തിലായി വന്‍ ഗര്‍ത്തവും രൂപപ്പെട്ടിരുന്നു. ഇതോടൊപ്പം ദേശീയപാതയ്ക്കു സമാന്തരമായ കച്ചേരി റോഡിലും കുഴല്‍പൊട്ടി റോഡ് തകര്‍ന്നിരുന്നു.